Malayalam Cinema
ഷൈന്‍ ചേട്ടനെ കഥ പറഞ്ഞ് കണ്‍വിന്‍സ് ചെയ്യിക്കാന്‍ കുറച്ചു ബുദ്ധിമുട്ടി, ചില ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ കുടുങ്ങിപ്പോയി; തരുണ്‍ മൂര്‍ത്തി പറയുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 03, 06:50 am
Wednesday, 3rd November 2021, 12:20 pm

ഓപ്പറേഷന്‍ ജാവ എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാന രംഗത്ത് ചുവടുറപ്പിച്ച വ്യക്തിയാണ് തരുണ്‍ മൂര്‍ത്തി. വ്യത്യസ്തമായ പ്രമേയത്തെ വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ച ഒരു ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. ചിത്രത്തിന്റെ ചില വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ മൂര്‍ത്തി.

ഓപ്പറേഷന്‍ ജാവയില്‍ ഒരു തവണ പോലും സീനുകള്‍ റിപ്പീറ്റ് ചെയ്യിച്ച് എടുക്കേണ്ടി വരാത്ത നടന്‍ ആരായിരുന്നു എന്ന ചോദ്യത്തിന് ഷൈന്‍ ടോം ചാക്കോ ആണെന്നായിരുന്നു തരുണിന്റെ മറുപടി. എന്നാല്‍ ഒരു കഥ അദ്ദേഹത്തെ കണ്‍വിന്‍സ് ചെയ്യിച്ച് എടുക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.

‘ഷൈന്‍ ചേട്ടന്‍ വളരെ പെട്ടെന്ന് കഥാപാത്രമായി മാറാന്‍ കഴിയുന്ന ആളാണ്. എന്നാല്‍ പുള്ളിയുടെ അടുത്ത് കഥ പറയാന്‍ വലിയ പാടാണ്. അദ്ദേഹത്തിന്റെ അടുത്ത് ഞാന്‍ കഥ പറയാന്‍ ചെന്നപ്പോള്‍ അദ്ദേഹം വളരെ ആഴത്തില്‍ കഥയെ കുറിച്ച് ചോദിച്ചു. എവിടെയെങ്കിലും പുള്ളി ഒരു ബ്ലോക്കിട്ട് കഴിഞ്ഞാല്‍ പിന്നെ നമ്മള്‍ അതിനെ കവര്‍ ചെയ്യണം.

അങ്ങനെ ആദ്യത്തെ തവണ കഥ പറഞ്ഞപ്പോള്‍ തന്നെ പുള്ളി രണ്ട് മൂന്ന് സംശയങ്ങള്‍ പറഞ്ഞപ്പോഴേക്കും ഞാന്‍ കുടുങ്ങിപ്പോയി. ഞാനൊന്ന് ആലോചിക്കട്ടെ ഡാ എന്ന് പറഞ്ഞാണ് പുള്ളി പോയത്. പുള്ളി ഇന്‍ ആയാല്‍ മാത്രമേ അടുത്ത ദിവസം നമുക്ക് പോസ്റ്റര്‍ അനൗണ്‍സ് ചെയ്യാന്‍ പറ്റുള്ളൂ. അങ്ങനെ രണ്ടാമത്തെ മീറ്റിങ്ങില്‍ ഒരു മൂന്ന് മണിക്കൂറോളം ഞാന്‍ കഥ പറഞ്ഞു.

പിന്നെ അത്തരത്തില്‍ കണ്‍ഫ്യൂഷന്‍സ് ചോദിക്കുന്നത് നമ്മളെ സംബന്ധിച്ച പോസിറ്റീവ് ആയ കാര്യവുമാണ്. സ്‌ക്രിപ്റ്റിലെ ചില പോയിന്റുകളൊക്കെ കറക്ട് ചെയ്യാന്‍ ഇത്തരത്തിലുള്ള കണ്‍ഫ്യൂഷന്‍സിനെ കൊണ്ട് സാധിക്കും. പുള്ളി ഓഡിയന്‍സിന്റെ ഭാഗത്ത് നിന്നുള്ള സംശയങ്ങളും ചോദിക്കും. പിന്നെ അദ്ദേഹം അസിസ്റ്റന്റ് ഡയരക്ടറായി വര്‍ക്ക് ചെയ്ത ആളുകൂടിയാണ്. അതുകൊണ്ട് തന്നെ കഥയെ അതിന്റെ ആഴത്തില്‍ മനസിലാക്കുകയും കണ്‍ടിന്യുറ്റി അടക്കം സ്‌ക്രിപ്റ്റിന്റെ ഡിസ്‌കഷന്‍ സമയത്ത് ചോദിക്കുകയും ചെയ്യും.

അത്തരത്തില്‍ നോക്കുമ്പോള്‍ ആക്ടേഴ്‌സിന്റെ കൂട്ടത്തില്‍ കണ്‍വിന്‍സ് ചെയ്യിക്കാന്‍ ഏറ്റവും പാട് ഷൈന്‍ ചേട്ടനെ ആണ്. എന്നാല്‍ സെറ്റില്‍ എത്തിയാല്‍ വളരെ പെട്ടെന്ന് കഥാപാത്രമാവുന്നതും അദ്ദേഹമാണ്. എനിക്ക് തോന്നുന്നത് ആ സംശയങ്ങളൊക്കെ തീര്‍ത്ത് അദ്ദേഹം എത്തുന്നതുകൊണ്ട് കൂടിയാവാം കഥാപാത്രമായി മാറാന്‍ അദ്ദേഹത്തിന് പെട്ടെന്ന് സാധിക്കുന്നതും, തരുണ്‍ മൂര്‍ത്തി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tarun Moorthy About Shine Tom Chacko