| Monday, 3rd November 2014, 9:58 am

തീവ്രവാദികള്‍ തന്നെ ലക്ഷ്യമിടുന്നുണ്ടെന്ന്: തരുണ്‍ ഗൊഗോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹതി: താന്‍ തീവ്രവാദികളുടെ ലക്ഷ്യങ്ങളില്‍ ഒന്നാണെന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്. തന്നെ കൂടാതെ  അസമിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നായ കമാഖ്യ ക്ഷേത്രം, സ്റ്റേറ്റ് സെക്രട്ടേറിയറ്റ് എന്നിവയെയും തീവ്രവാദികള്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ തീവ്രവാദ കേസുകളും എന്‍.ഐ.എ ക്ക് കൈമാറുകയാണെന്നും തീവ്രവാദികളുടെ വേരുകള്‍ മറ്റ് രാജ്യങ്ങളായ ബംഗ്ലാദേശ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് നീണ്ടു നില്‍ക്കുകയാണെന്നും സംസ്ഥാന അഭ്യന്തര മന്ത്രി കൂടെയായ അദ്ദേഹം പറഞ്ഞു.

കമാഖ്യ ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ശുചീകരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീഷണിക്ക് പിന്നില്‍ സൗദി അറേബ്യ, ബംഗ്ലാദേശ് ആസ്ഥാനമാക്കിയ ഗ്രൂപ്പുകള്‍ ആണെന്ന്  ഗൊഗോയ് പറഞ്ഞു. ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്തെ മര്‍മ പ്രധാന സ്ഥലങ്ങളില്‍ മുന്‍ കരുതലായി കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ് അസം ഗവണ്‍മെന്റ്.

തരുണ്‍ ഗൊഗോയ്ക്ക് നിലവില്‍ ഇസഡ് കാറ്റഗറി സുരക്ഷയാണ് ഉള്ളത്. എന്‍.എസ്.ജി കമാന്‍ഡോകള്‍, സംസ്ഥാന പോലീസ് എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ സുരക്ഷാ കവചം. സുരക്ഷാ ഭീഷണി ചര്‍ച്ച ചെയ്യാന്‍ തരുണ്‍ കഴിഞ്ഞ ആഴ്ച പ്രധാന മന്ത്രിയെ കണ്ടിരുന്നു.

ഒക്‌ടോബറില്‍ പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ സ്‌ഫോടനത്തിനു ശേഷം ആറോളം ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് പ്രവര്‍ത്തകരെ  അസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more