ഗുവാഹത്തി: ഇന്ത്യയിലെ സംസ്ഥാനങ്ങളെ പരിഗണിക്കാതെ ലോക്ക് ഡൗണ്‍ നീട്ടിയത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മൂന്നാമത്തെ വലിയ തെറ്റാണെന്ന് അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയി. മോദി ഒരു സ്വേച്ഛാധിപതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ടുഡേ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ ഗൊഗോയി.
‘മോദി ആദ്യം ചെയ്ത വിഡ്ഢിത്തം നോട്ട് നിരോധനമായിരുന്നു. രണ്ടാമത്തേത് ജി.എസ്.ടി നടപ്പാക്കിയത്. കൃത്യമായ ആസൂത്രണങ്ങളോ പദ്ധതികളോ നടപ്പാക്കാതെ കുറച്ച് മണിക്കൂറുകള്‍ കൊണ്ട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് മോദി ചെയ്ത മൂന്നാമത്തെ വലിയ തെറ്റ്,’ തരുണ്‍ ഗൊഗോയി പറഞ്ഞു.
‘അദ്ദേഹത്തിന്റെ വിചാരം അദ്ദേഹത്തിന് എല്ലാമറിയാമെന്നാണ്. അദ്ദേഹം ഒരു കാര്യവും ആരുമായും ചേര്‍ന്ന് സംസാരിക്കില്ല. ഇത് ഒരു സ്വേച്ഛാധിപതിയുടെ രീതിയാണ്,’തരുണ്‍ പറഞ്ഞു.
ഇങ്ങനെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെയും നിരവധി വരുന്ന കുടിയേറ്റ തൊഴിലാളികളെയും സാരമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് നമ്മുടെ സാമ്പത്തിക സ്ഥിതിയെ മാത്രമല്ല, രാജ്യത്ത് നിരവധി വരുന്ന മനുഷ്യരെ ബുദ്ധിമുട്ടിലാക്കി, കുടിയേറ്റ തൊഴിലാളികളെ അവശരാക്കി. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിലൂടെ അദ്ദേഹം ഒരു ദീര്‍ഘവീക്ഷണമുള്ള നേതാവല്ലെന്ന് തെളിയിച്ചു കഴിഞ്ഞു,’ ഗൊഗോയി പറഞ്ഞു.
മോദി സര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടും കുടിയേറ്റ തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍, തൊഴിലാളികള്‍, പാലുത്പാദകര്‍, ചെറുകിട സംരംഭകര്‍, കച്ചവടക്കാര്‍, ദിവസവേതനക്കാര്‍ തുടങ്ങി രാജ്യത്തെ അടിസ്ഥാന വിഭാഗത്തെയും സര്‍ക്കാര്‍ അവഗണിച്ചുവെന്നും ഗൊഗോയി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.