ദേശീയ പൗരത്വ ഭേദഗതി നിയമത്തെ ചെറുക്കാന്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം വക്കീല്‍കുപ്പായമണിഞ്ഞൊരു മുന്‍ മുഖ്യമന്ത്രി; പി ചിദംബരത്തോടൊപ്പം ഇന്ന് കോടതിയില്‍
national news
ദേശീയ പൗരത്വ ഭേദഗതി നിയമത്തെ ചെറുക്കാന്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം വക്കീല്‍കുപ്പായമണിഞ്ഞൊരു മുന്‍ മുഖ്യമന്ത്രി; പി ചിദംബരത്തോടൊപ്പം ഇന്ന് കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th December 2019, 1:01 pm

ന്യൂദല്‍ഹി: ദേശീയ പൗരത്വ നിയമത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ ഹാജരാവാന്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഭാഷക വേഷം അണിഞ്ഞൊരു മുന്‍ മുഖ്യമന്ത്രി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്ന് തവണ ആസാം മുഖ്യമന്ത്രിയാവുകയും ചെയ്ത തരുണ്‍ ഗൊഗൊയ് ആണ് ഇന്ന് സുപ്രീം കോടതിയില്‍ എത്തിയത്.

കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരത്തോടൊപ്പമാണ് തരുണ്‍ ഗൊഗൊയ് സുപ്രീം കോടതിയില്‍ ഹാജരായത്. ദേശീയ പൗരത്വ നിയമം ഭരണഘടന വിരുദ്ധമാണ്. ഞാന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അയല്‍രാജ്യങ്ങളില്‍ അടിച്ചമര്‍ത്തപ്പെടല്‍ രേഖപ്പെട്ടപ്പോള്‍ ഇന്ത്യയിലേക്ക് വന്നവര്‍ക്ക് അഭയം നല്‍കിയവനാണെന്നും തരുണ്‍ ഗൊഗൊയ് പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ന് ഹരജിയില്‍ സുപ്രീം കോടതി വാദം കേട്ടിരുന്നില്ല. ഹരജികളിലുള്ള കേന്ദ്രത്തിന്റെ നിലപാട് അറിയണമെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞത്. ജനുവരി രണ്ടാമത്തെ ആഴ്ചക്കുള്ളില്‍ 60 ഹരജികളിലും കേന്ദ്രസര്‍ക്കാരിന്റെ മറുപടി വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഹരജിയില്‍ ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ല. കേന്ദ്രത്തിന്റെ വിശദമായ പ്രതികരണം കിട്ടേണ്ടതുണ്ട്. അതിന് ശേഷം ഇത് കേള്‍ക്കാം- എന്നാണ് ബോബ്ഡെ പറഞ്ഞത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ അധ്യക്ഷതയില്‍ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുകള്‍ പരിഗണിച്ചത്.

അറുപതോളം ഹരജികളാണ് സുപ്രീംകോടതിയില്‍ പൗരത്വ നിയമത്തെ ചോദ്യം ചെയ്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രതിപക്ഷപാര്‍ട്ടികളും അവയുടെ പ്രതിനിധികളും സന്നദ്ധസംഘടനകളും സാമൂഹികപ്രവര്‍ത്തകരുമെല്ലാം ഹരജി നല്‍കിയിട്ടുണ്ട്. നിയമം ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ