കോഴിക്കോട്: കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയായ മുസ്‌ലിം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. കൊല്ലപ്പെട്ട ബാലികയ്ക്കുള്ള കത്തിന്റെ രൂപത്തലാണ് മാധ്യമപ്രവര്‍ത്തകനായ താരീഖ് അന്‍വറിന്റേ പോസ്റ്റ്.
ബാലികയുടെ കത്വയിലെ വീട് സന്ദര്‍ശിച്ച ശേഷമാണ് താരീഖിന്റെ പോസ്റ്റ്. എട്ടുവയസുകാരിയുടെ രണ്ട് സഹോദരന്മാരും മൂത്ത സഹോദരിയും കുറച്ച് കാലം മുന്‍പ് റോഡപകടത്തില്‍ മരിച്ചതായും എട്ടുവയസുകാരിയായിരുന്നു കുടുംബത്തിലെ അവസാന പെണ്‍കുട്ടിയെന്നും തരീഖ് പറയുന്നു. കുടുംബം ഇപ്പോഴും ദുരന്തത്തിന്റെ ഓര്‍മകളില്‍ നിന്ന് കരകയറിയിട്ടില്ലെന്നും പിതാവ് കടുത്ത വിഷാദത്തിലാണെന്നും പോസ്റ്റ് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട …..,
ഞങ്ങള്‍ കഴിഞ്ഞ ദിവസം ജമ്മുവിലെ കത്വ ജില്ലയിലുള്ള രസാനയിലെ നിന്റെ വീട്ടിലെത്തി നിന്റെ മാതാപിതാക്കളെ കണ്ടിരുന്നു. നിന്നെ കാണാതെ അവര്‍ക്ക് സഹിക്കുന്നില്ല. രണ്ടാമത്തെ തവണയാണല്ലോ അവര്‍ ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്നത്. നിന്റെ രണ്ട് സഹോദരന്മാരും മൂത്ത സഹോദരിയും കുറച്ചുകാലം മുമ്പ് റോഡപകടത്തില്‍ മരിച്ചിരുന്നുവെന്നറിഞ്ഞ് ഞങ്ങള്‍ നടുങ്ങിപ്പോയി. നീ മാത്രമായിരുന്നുവല്ലോ അവര്‍ക്ക് പെണ്‍കുട്ടിയായി അവശേഷിച്ചിരുന്നത്.
നിന്നെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ നിന്റെ ചേട്ടന്മാര്‍ പൊട്ടിക്കരഞ്ഞു. അവരില്‍ ഇളയയാള്‍ -എപ്പോഴും നിര്‍ത്താതെ സംസാരിക്കുകയും നിന്നെ നിരന്തരം കളിയാക്കുകയും ചെയ്തിരുന്നയാള്‍-ഇപ്പോള്‍ സംസാരമേ ഇല്ലെന്ന് നിന്റെ മാതാപിതാക്കള്‍ പറഞ്ഞു.
നിന്റെ “മമ്മ” നീ ബാക്കിവച്ചുപോയ കുപ്പായങ്ങളും സ്‌കൂള്‍ ബാഗും ചെരിപ്പും ഷൂവുമെല്ലാം ഞങ്ങളെ കാണിച്ചു തന്നു. അവരെ ആശ്വസിപ്പിക്കാന്‍ പറ്റിയ വാക്കുകളൊന്നും ഞങ്ങള്‍ക്കറിയില്ലായിരുന്നു.
നിനക്ക് വിശപ്പൊരിക്കലും സഹിക്കാന്‍ പറ്റാറില്ലായെന്ന് നിന്റെ മമ്മ പറഞ്ഞു. നിന്നെ കൊല്ലുന്നതിന് മുമ്പ് അമ്പലത്തിലും കാലിത്തൊഴുത്തിലും അവര്‍ ഭക്ഷണം തരാതെ തടവില്‍ പാര്‍പ്പിച്ചു. എട്ടുവയസിനിടയില്‍ നീ സഹിക്കേണ്ടിവന്ന കൊടും ക്രൂരതകളെ കുറിച്ചുപറഞ്ഞപ്പോള്‍ നിന്റെ മമ്മ ശരിക്കും വിറക്കുന്നുണ്ടായിരുന്നു.
Read | ‘ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ?’: സ്വാമി സന്ദീപാനന്ദഗിരി
നിന്റെ ഉപ്പ വിഷാദരോഗത്തിന്റെ പിടിയാലാണ്, നിനക്കേറ്റവും അടുപ്പം ഉപ്പയോടായിരുന്നുവല്ലോ. കടുത്ത ഡോസ് മരുന്നുകള്‍ അദ്ദേഹം ഇപ്പോള്‍ കഴിക്കുന്നുണ്ട്. ഞങ്ങള്‍ അദ്ദേഹത്തിന്റെ മരുന്നുകുറിപ്പടികള്‍ കണ്ടു.
പക്ഷേ, നീയാണവരുടെ മനസു നിറയെ. നീ അവര്‍ക്കിടയില്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, നീ മരിച്ചിട്ടേയില്ല.
നിനക്കൊരുകാര്യമറിയാമോ? ഞങ്ങളുടെ ജാഗ്രതകള്‍ മരിച്ചുമണ്ണടിഞ്ഞു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ഭയയ്ക്ക് നീതി തേടി തെരുവിലേയ്ക്കിറങ്ങുമ്പോള്‍ ഒരല്പം ജാഗ്രത ഞങ്ങളില്‍ ബാക്കിയുണ്ടായിരുന്നു. നിനക്ക് നീതി തേടുന്നതിന് പകരം കയ്യില്‍ ദേശീയ പതാകയുമേന്തി ആ ക്രൂരപിശാചുകള്‍ക്ക് പിന്തുണപ്രഖ്യാപിക്കുന്ന തരത്തിലേയ്ക്ക് ഞങ്ങള്‍ അധപതിച്ചു. നമ്മുടെ “പുതിയ ഇന്ത്യ”യില്‍ അത്തരം പൈശാചികമായ ഏതുകൃത്യവും വളരെ സാധാരണമായി അംഗീകരിക്കപ്പെടും.
പടച്ചവന്‍ സ്വര്‍ഗ്ഗത്തില്‍ ഏറ്റവും ഉന്നതമായ ഇടവും നിന്റെ കുടംബത്തിന് മനസമാധാനവും തരുമാറാകട്ടെ!
ആമേന്‍