മുംബൈ: റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ചുള്ള ശരദ്പവാറിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് എന്‍.സി.പി സ്ഥാപക നേതാക്കളിലൊരാളായ താരിഖ് അന്‍വര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ബീഹാറിലെ കട്ടിഹാറില്‍ നിന്നുള്ള എം.പിയാണ് താരിഖ്. തന്റെ എം.പി സ്ഥാനവും പാര്‍ട്ടിയിലെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുകയാണെന്ന് താരിഖ് പറഞ്ഞു.
ശരദ് പവാറിന്റെ വാക്കുകള്‍ വേദനിപ്പിച്ചുവെന്നും പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
എന്‍.സി.പി വിട്ട താരിഖ് ഇനി കോണ്‍ഗ്രസിലേക്കോ ആര്‍.ജെ.ഡിയിലേക്കോ പോകുമെന്നാണ് സൂചന.
“കോണ്‍ഗ്രസ് എന്റെ മാതൃസംഘടനയാണ്. പാര്‍ട്ടിയിലേക്ക് തിരിച്ചു പോകാനുള്ള അവസരം എന്റെ മുമ്പിലുണ്ട്. പക്ഷെ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല. ഒരു പാര്‍ട്ടിയുടെ നേതാവുമായും ഞാനിതുവരെ സംസാരിച്ചിട്ടില്ല” താരിഖ് അന്‍വര്‍ പറഞ്ഞു.
1980കളില്‍ ബീഹാര്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന താരിഖ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവുമായിരുന്നു. നാലു തവണ കട്ടിഹാറില്‍ കോണ്‍ഗ്രസ് എം.പിയായിരുന്നയാളാണ് താരിഖ്.
1999ല്‍ സോണിയാഗാന്ധിയോടുള്ള എതിര്‍പ്പിന്റെ പേരില്‍ ശരദ് പവാറിനും അന്തരിച്ച നേതാവായ പി.എ സാങ്മയ്ക്കുമൊപ്പമാണ് താരിഖ് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി ആരംഭിച്ചത്.
റഫേലില്‍ മോദിയുടെ ഉദ്ദേശശുദ്ധിയെ സംശിയിക്കേണ്ടതില്ലെന്നാണ് പവാര്‍ ഒരു മാറാഠി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ബി.ജെ.പി ഇതിനെ സ്വാഗതം ചെയ്തിരുന്നു.