ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുന്നത് പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗവും കുല്‍ഗാം എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി. സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശത്തിനും ഫെഡറല്‍ സംവിധാനത്തിനും എതിരെ കടന്നാക്രമണമാണ് കേന്ദ്രം നടത്തുന്നതെന്നും തരിഗാമി ദേശാഭിമാനിയോട് പറഞ്ഞു.
‘കാശ്മീരില്‍ ഇന്ന് നടക്കുന്നത് നാളെ മറ്റ് സംസ്ഥാനങ്ങളിലും നടക്കാനിടയുണ്ട്. ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവര്‍ കശ്മീരിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തിറങ്ങണം.’
കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ വാഗ്ദാനംചെയ്യുന്ന ഭരണഘടനയിലെ 370, 35എ അനുച്ഛേദങ്ങള്‍ റദ്ദാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന അഭ്യൂഹം ശക്തമാണ്. ജമ്മു കാശ്മീരിന് ഇന്ത്യന്‍ യൂണിയനുമായുള്ള ബന്ധത്തിന്റെ അടിത്തറയാണ് ഈ അനുച്ഛേദങ്ങള്‍.
നിക്ഷിപ്ത താല്‍പ്പര്യത്തിനായുള്ള നീക്കങ്ങള്‍മൂലം ജനങ്ങള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. താഴ്വരയില്‍ ഉടനീളം ഭീതിയുടെയും ആശങ്കയുടെയും അന്തരീക്ഷമാണ്. കടുത്ത അനിശ്ചിതത്വം പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ റദ്ദാക്കാന്‍ പോകുന്നു, സംസ്ഥാനത്തെ മൂന്നായി തിരിക്കുന്നു തുടങ്ങി പലതും പ്രചരിക്കുന്നു.’
സുരക്ഷാഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അസാധാരാണ നീക്കങ്ങളെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഭീകരപ്രവര്‍ത്തനം തടയാന്‍ സാധിച്ചെന്നും അക്രമങ്ങള്‍ കുറഞ്ഞുവെന്നുമാണ് കഴിഞ്ഞദിവസം സൈന്യത്തിന്റെയും പൊലീസിന്റെയും ഉന്നതഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്.
പാര്‍ലമെന്റ് നടക്കുന്ന അവസരമായിട്ടും വിഷയത്തില്‍ പ്രസ്താവന നടത്താന്‍ കേന്ദ്രം തയ്യാറാകാത്തത് പ്രശ്നത്തിന്റെ ആഴം വര്‍ധിപ്പിക്കുകയാണെന്നും തരിഗാമി പറഞ്ഞു.