വാഷിങ്ടണ്‍: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി സൂചന. യു.എസ് സൈനിക നീക്കത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ‘ഒരു വലിയ സംഭവം നടന്നിരിക്കുന്നു’ എന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതും ഇതിലേക്കാണു വിരല്‍ ചൂണ്ടുന്നത്.
പേരു വെളിപ്പെടുത്താത്ത ഒരു യു.എസ് ഉദ്യോഗസ്ഥനാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നു വൈകീട്ട് ആറുമണിക്ക് ട്രംപ് മാധ്യമങ്ങളെ കാണും. വൈറ്റ് ഹൗസ് ഡെപ്യൂട്ടി സെക്രട്ടറി ഹോഗന്‍ ഹിഡ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താസമ്മേളനത്തിലായിരിക്കും ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തുക.
അതേസമയം സൈനിക നീക്കത്തിനിടെ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോള്‍ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് ബാഗ്ദാദി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സൈനിക നീക്കം നടന്നിട്ടുണ്ടെന്നും എന്നാല്‍ പൂര്‍ണവിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മറ്റൊരു യു.എസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു പറഞ്ഞു.
സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് നീക്കം നടന്നതെന്ന് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിനോടു പറഞ്ഞു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി ബാഗ്ദാദി ഒളിവില്‍ക്കഴിയുകയാണ്. 2010-ലാണ് ബാഗ്ദാദി ഐ.എസിന്റെ നേതാവാകുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബാഗ്ദാദിയെ കൊലപ്പെടുത്താനോ പിടികൂടാനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (ഏകദേശം 60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.