ബ്രസല്‍സ്: നിര്‍ബന്ധിത തൊഴിലെടുപ്പിക്കലിലൂടെ (Forced Labour) നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ നിരോധിക്കാനുള്ള നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍.
ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗ്വര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ചൈനയെ ലക്ഷ്യം വെച്ചുകൊണ്ടാണ് 27 അംഗരാജ്യങ്ങളുടെ സംഘടനയായ യൂറോപ്യന്‍ യൂണിയന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
നിര്‍ബന്ധിതമായി തൊഴിലാളികളെ ഉപയോഗിച്ചോ യൂറോപ്യന്‍ യൂണിയനിലേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ ഉല്‍പന്നങ്ങള്‍ ഡ്രാഫ്റ്റ് ഇ.യു നിയമപ്രകാരം നിരോധിക്കപ്പെടുമെന്ന് ഒരു ഇ.യു രേഖയെ ഉദ്ധരിച്ചുകൊണ്ട് ബിസിനസ് റെക്കോര്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്തു.
ചൈനയിലെ സ്വയംഭരണ പ്രദേശമായ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗ്വര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനിലെ നിയമനിര്‍മാതാക്കള്‍ ആശങ്കയുന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യൂണിയന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘ഉല്‍പാദനം, വിളവെടുപ്പ്, വേര്‍തിരിച്ചെടുക്കല്‍, സംസ്‌കരണം എന്നിവയുള്‍പ്പെടെ ഒരു പ്രൊഡക്ടിന്റെ നിര്‍മാണത്തിലെ ഏത് ഘട്ടത്തിലും തൊഴിലാളികളെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിച്ചുണ്ടാക്കിയ എല്ലാ ഉല്‍പന്നങ്ങള്‍ക്കും നിരോധനം ബാധകമാണ്.
ഉല്‍പന്നങ്ങള്‍ ആഭ്യന്തരമോ ഇറക്കുമതി ചെയ്തതോ, യൂണിയന്‍ വിപണിയില്‍ ലഭ്യമാക്കുന്നതോ കയറ്റുമതി ചെയ്യുന്നതോ ആയാലും നിരോധനം ഇത്തരം എല്ലാ ഉല്‍പന്നങ്ങള്‍ക്കും ബാധകമായിരിക്കും,’ എന്നാണ് ഇ.യു രേഖയില്‍ പറയുന്നത്.
ഇവ ഔദ്യോഗികമായി നിയമമാകുന്നതിന് മുമ്പ് യൂറോപ്യന്‍ യൂണിയന്‍ എക്‌സിക്യൂട്ടീവുമാര്‍ യൂണിയനിലെ അംഗ രാജ്യങ്ങളുമായി ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും ബിസിനസ് റെക്കോര്‍ഡറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആളുകളെ നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കുന്നതിന്റെ അപകടസാധ്യതയും ആഘാതവും വളരെ വലുതായതിനാല്‍ ഇറക്കുമതിക്കാര്‍, നിര്‍മാതാക്കള്‍, ഉല്‍പന്ന വിതരണക്കാര്‍ എന്നിങ്ങനെ വലിയ സാമ്പത്തിക ഓപ്പറേറ്റര്‍മാരെയാണ് ഈ നിയമങ്ങള്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlight: Targeting China, European Union seeks to ban products made with forced labour