ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായി തപ്സി പന്നു; മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു
Bollywood
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായി തപ്സി പന്നു; മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 3rd July 2019, 11:37 pm

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. തപ്സി പന്നുവാണ് ചിത്രത്തില്‍ മിതാലി രാജായി വേഷമിടുന്നത്.

2017ലാണ് പ്രോജക്ട് അനൗണ്‍സ് ചെയ്യുന്നത്. സംവിധായകനെ ലഭിക്കാത്തതിനാല്‍ ചിത്രം നീളുകയായിരുന്നു. ചിത്രത്തിന് സംവിധായകനെ തീരുമാനിച്ചു കഴിഞ്ഞാല്‍ ഉടനെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പി.ടി ഉഷ, സൈന നെവാള്‍ എന്നിവരുടേതടക്കം നിരവധി ബയോപിക്കുകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏക താരവുമാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.

സൂര്‍മ എന്ന ചിത്രത്തില്‍ ഹോക്കി താരമായി തപ്സി വേഷമിട്ടിരുന്നു. തപ്സിയുടെ പുതിയ ചിത്രമായ സാന്ത് കി ആങ്കില്‍ ഷൂട്ടറുടെ വേഷത്തിലും തപ്‌സി എത്തുന്നുണ്ട് അനുരാഗ് കശ്യപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അക്ഷയ് കുമാറും വിദ്യാ ബാലനും ഒന്നിക്കുന്ന മിഷന്‍ മംഗള്‍, പ്രകാശ് രാജ് ഒരുക്കുന്ന ദഡ്ക എന്നിവയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത ഗെയിം ഓവറാണ് തപ്സി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം.