Entertainment
മറ്റ് പലരും ചൊവ്വയിലേക്ക് സ്ത്രീകളെ അയക്കുന്നതിനെ പറ്റി ചിന്തിക്കുമ്പോള്‍ ഇവിടെ സ്ത്രീയാണെന്ന് തെളിയിക്കേണ്ട അവസ്ഥയാണ്; തുറന്നടിച്ച് തപ്‌സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 14, 11:48 am
Thursday, 14th October 2021, 5:18 pm

വനിതാ കായിക താരങ്ങളുടെ ലിംഗപരിശോധന നടത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയിരുന്നുവെന്ന് തപ്‌സി പന്നു. രശ്മി റോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും, ഇത് തീര്‍ത്തും അസംബന്ധമാണെന്നും തപ്‌സി പറയുന്നു.

രാജ്യന്തര വേദികളില്‍ ഇന്ത്യയ്ക്കായി ഓടാനാഗ്രഹിക്കുന്ന കഥാപാത്രത്തേയാണ് തപ്‌സി രശ്മി റോക്കറ്റ് എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ലിംഗ പരിശോധനയില്‍ പരാജയപ്പെട്ടപ്പോള്‍ അവസരം നിഷേധിക്കുകയും ജീവിതം തന്നെ ഇല്ലാതാവുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം.

എല്ലാത്തരം കായിക ഇനങ്ങളേയും ഞാന്‍ പിന്തുടരാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ അസംബന്ധമായ പലതും ഈ മേഖലയില്‍ സംഭവിക്കുന്നതിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു.

കാലങ്ങളായി ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നു, കഴിഞ്ഞ ഒളിംപിക്‌സിലും ഇത് നടന്നിരുന്നുവത്രെ. ഇക്കാര്യം വളരെ ഞെട്ടലോടെയാണ് ഞാന്‍ മനസ്സിലാക്കിയത്.

നിങ്ങള്‍ സ്ത്രീയാണോ അല്ലയോ എന്ന കാര്യം മറ്റൊരാള്‍ക്ക് എങ്ങനെ പറയാനാവും. സ്ത്രീയെന്ന നിങ്ങളുടെ വ്യക്തിത്വം ബോധ്യപ്പെടുത്തിയാല്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന സ്ഥിതിയാണ്.

ഈ പരിശോധന സ്ത്രീകള്‍ക്ക് മാത്രമാണ് ബാധകം. മറ്റുള്ളവര്‍ ചൊവ്വയിലേക്ക് പോവാനുള്ള തയ്യാറെടുപ്പാണ്. എന്നാല്‍ ഇവിടെയോ?’ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പന്നു പറഞ്ഞു.

ആയുഷ്മാന്‍ ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.

രശ്മി റോക്കറ്റ് എന്ന ചിത്രവും തപ്‌സിയുടെ കഥാപാത്രവും മുന്‍പു തന്നെ സിനിമാ ലോകം ചര്‍ച്ച ചെയ്തിരുന്നു.

ചിത്രത്തില്‍ പ്രിയാന്‍ഷു പെയിന്‍യുളി, അഭിഷേക് ബാനര്‍ജി, സുപ്രിയ പതക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയി സീ5 പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ്. ഒക്ടോബര്‍ 15ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tapsee Pannu reacts to the gender testing of female athletes