മുബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ നിരവധി ആരോപണങ്ങളുുമായി നടി കങ്കണ റണൗത്ത് രംഗത്തു വന്നിരുന്നു. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വിയിലെ ചര്‍ച്ചയില്‍ കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, രാജീവ് മസന്ദ് തുടങ്ങിയവര്‍ക്കെതിരെ കങ്കണ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
ചാനലില്‍ നടി തപ്‌സി പന്നുവിനെയും സ്വര ഭാസ്‌കറിനെയും കങ്കണ പരാമര്‍ശിച്ചിരുന്നു.
ഞാനിത്തരം കാര്യങ്ങള്‍ തുറന്നു പറയുന്നതു കൊണ്ട് എനിക്ക് വലിയ നഷ്ടമാണുണ്ടാവാന്‍ പോവുന്നതെന്നും കാരണം തന്നെ പോലെ ഔട്ട് സൈഡേസ് ആയ തപ്‌സി പന്നു, സ്വര ഭാസ്‌കര്‍ തുടങ്ങിയവര്‍ കരണിനെ അനുകൂലിച്ച് സംസാരിക്കുമെന്നുമാണ് കങ്കണ പറഞ്ഞത്. തപ്‌സിയും സ്വരയും സ്വജനപക്ഷ പാതത്തിന്റെ ഇരകളാണെന്നും എന്നിട്ടും അവര്‍ കരണിനെ അനുകൂലിച്ച് സംസാരിക്കുമെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനിപ്പോള്‍ തപ്‌സി പന്നു തന്നെ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ്.
ഒരാളുടെ മരണം ( സുശാന്തിന്റെ) മറ്റൊരാള്‍ക്കെതിരെ ആയുധമാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ തപ്‌സി പന്നു കങ്കണയുടെ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കി.
‘ ഒരാള്‍ ഈ ഇന്‍ഡസ്ട്രിയെയും പുറത്തു നിന്നുള്ളവരെയും പരിഹസിക്കുന്നത് കാണുന്നത് നിരാശാ ജനകമാണ്. ഈ മേഖലയിലേക്ക് വരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ എന്താണ് കരുതുക? ഇവിടെയുള്ളവര്‍ പുറത്തു നിന്നുള്ളവരെ വിഴുങ്ങാനായി ഇരിക്കുന്ന ചില ദുഷ്ടന്‍മാരാണെന്നോ? തപ്‌സി പന്നു ചോദിച്ചു.
റിപ്ലബ്ലിക് ടി.വിയില്‍ തപ്‌സിക്കും സ്വരയ്ക്കും സിനിമ ലഭിക്കുന്നില്ലെന്നും കങ്കണ പറഞ്ഞിരുന്നു. ഇതിനും തപ്‌സി മറുപടി നല്‍കി.
‘ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഞാന്‍ ഒരു വര്‍ഷം മൂന്നോ നാലോ സിനിമകള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ അഞ്ച് സിനിമകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്റെ കരിയര്‍ മെല്ലെയും സ്ഥിരതയോടെയും പോവാന്‍ ഞാന്‍ തീരുമാനിച്ചതാണ്. എന്നെ ചില സിനിമകളില്‍ നിന്ന് പുറത്താക്കുകയും താരമക്കളെ പകരം വെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കങ്കണയും അവരുടെ സഹോദരിയും ( രംഗോലി ചന്ദല്‍) എന്നെയും എന്റെ അധ്വാനത്തിന്റെയും വില കുറയ്ക്കുകയാണ്. എന്റെ പേരെടുത്ത് ചിലയിടങ്ങളില്‍ സംസാരിക്കുന്നു, തെറ്റായ ആരോപണങ്ങള്‍ എന്റെ മേല്‍ ചുമത്തുന്നു, ഇതെല്ലാം അതേ അളവിലുള്ള ഉപദ്രവമാണ്, ഇതിനു കാരണം അവരുടെ താളത്തിനനുസരിച്ച് സംസാരിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നതും അവരെ സിനിമാകുടുംബത്തിനു പുറത്തുനിന്നുള്ളവരുടെ വക്താവായി ഞാന്‍ കാണാത്തതിനാലും ആണോ? ത്പസി ചോദിച്ചു.
‘ മറ്റൊരാളുടെ മരണം വ്യക്തിപരമായ നേട്ടത്തിനായി മുതലെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഒപ്പം എനിക്ക് ഭക്ഷണവും വ്യക്തിത്വവും തന്ന ഈ ഇന്‍ഡസ്ട്രിയെ കളിയാക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നുമില്ല, തപ്‌സി കൂട്ടിച്ചേര്‍ത്തു.