|

ഓരോ ചിത്രത്തിലും വേഷവിധാനം മാറുന്നതല്ലാതെ തപ്‌സി ഒന്നും ചെയ്യുന്നില്ലെന്ന് കമന്റ്; വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ പ്രതികരിക്കുമെന്ന് തപ്‌സി പന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: മലയാളിയായ വിനില്‍ സംവിധാനം ചെയ്ത് തപ്‌സി പന്നു നായികയായെത്തിയ ചിത്രമാണ് ഹസീന്‍ ദില്‍റുബ. വിക്രാന്ത് മാസി, ഹര്‍ഷവര്‍ധന്‍ റാണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നത്. ജൂലൈ 2ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചിരുന്നത്.

എന്നാല്‍ വിമര്‍ശനങ്ങള്‍ തപ്‌സിയിലേക്ക് കൂടി നീണ്ടതോടെ മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തപ്‌സി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇത്തരം വിമര്‍ശനങ്ങള്‍ വ്യക്തിപരമായി എടുക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് തപ്‌സി നല്‍കിയ ഉത്തരമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘ തികച്ചും വ്യക്തിപരമായി തന്നെ എഴുതിയതാണ് അത്. സിനിമാ നിരൂപകര്‍ക്ക് ചലച്ചിത്ര മേഖലയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കണം. സിനിമയിലെ എന്റെ തുടക്കകാലത്ത് ഞാന്‍ ചെയ്ത സിനിമകളിലെ എന്റെ പ്രകടനത്തെ വളരെ മോശമായി തന്നെ പല നിരൂപകരും വിലയിരുത്തിയിരുന്നു.

ഈ പ്രൊഫഷന്‍ തന്നെ ഉപേക്ഷിച്ച് പോകാന്‍ തോന്നുന്ന രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഞാന്‍ നേരിട്ടത്. ഈ മേഖലയിലെ മികച്ച അഭിനേത്രിയാണ് ഞാന്‍ എന്ന് ഇതുവരെയും അവകാശപ്പെട്ടിട്ടില്ല.

ഏതെങ്കിലും ഒരു ചിത്രം ചൂണ്ടിക്കാട്ടി, അത് ഞാന്‍ ചെയ്താല്‍ നന്നാകും എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്റെ അഭിനയ രീതിയെ വിമര്‍ശിക്കാം. മോശം പ്രകടനങ്ങളില്‍ നിന്ന് മനസ്സിലാക്കിയും തിരുത്തിയുമാണ് ഞാന്‍ ഇവിടം വരെയെത്തിയത്.

എന്നാല്‍ ഓരോ ചിത്രങ്ങളിലും വേഷവിധാനങ്ങള്‍ മാറുന്നതല്ലാതെ തപ്‌സി ഒന്നും ചെയ്യുന്നില്ല എന്ന് ഒരാള്‍ പറഞ്ഞാല്‍ അത് കേട്ട് നില്‍ക്കാനാകില്ല. ആ വിമര്‍ശനം തികച്ചും വ്യക്തിപരമാണ്.

അതുകൊണ്ടാണ് ഞാന്‍ പ്രതികരിച്ചത്. സാമൂഹിക വിഷയങ്ങളില്‍ ഞാന്‍ ശക്തമായ നിലപാട് എടുക്കുന്നത് എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് വേണ്ടിയും ഞാന്‍ തന്നെ നിലകൊള്ളേണ്ട സമയമാണിത്. ഞാനല്ലാതെ വേറെ ആരാണ് എനിക്ക് വേണ്ടി മുന്നോട്ട് വരിക,’ തപ്‌സി പറഞ്ഞു.

ലൂപ്പ് ലപേടെ എന്ന സിനിമയാണ് തപ്‌സിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത് . 1998ല്‍ റിലീസ് ചെയ്ത ജെര്‍മന്‍ സിനിമയായ റണ്‍ ലോല റണ്ണിന്റെ ഹിന്ദി റീമേക്കാണ് ലൂപ്പ് ലപേടെ.

തന്റെ കാമുകനെ രക്ഷിക്കുവാന്‍ വേണ്ടി പണമുണ്ടാക്കാനുള്ള ലോല എന്ന പെണ്‍കുട്ടിയുടെ ശ്രമങ്ങളായിരുന്നു റണ്‍ ലോല റണ്ണിന്റെ കഥ. ഫ്രാങ്ക പോറ്റെന്റേ അവതരിപ്പിച്ച ലോല എന്ന കഥാപാത്രത്തെ ആയിരിക്കും ചിത്രത്തില്‍ തപ്‌സി അവതരിപ്പിക്കുന്നത്. മോറിറ്റ്സ് അവതരിപ്പിച്ച കാമുക കഥാപാത്രമായെത്തുന്നത് താഹിര്‍ രാജാണ്. ആകാശ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Tapsee Pannu About Personal Criticisms