സ്പിരിച്വല്‍/ഷൗക്കത്ത്
അദ്ധ്യായം പത്ത്
മുപ്പതഴികള്‍ കൂടത്തില്‍ ബന്ധിക്കുമ്പോള്‍ വണ്ടിച്ചക്രമായി.
അതിനെ ഉപയുക്തമാക്കുന്നതു് കേന്ദ്രദ്വാരമാണ്.
മണ്‍കലത്തെ ഉപയുക്തമാക്കുന്നത് അതിനുള്ളിലെ ഒഴിവാണ്.
വീടിന് ചുമരും ജനലും വാതിലും പണിയുന്നു.
ഒഴിഞ്ഞയിടമാണ് ഭവനത്തെ വാസയോഗ്യമാക്കുന്നത്.
അതിനാലറിയുക;
ഉള്ളതിന്റെ പ്രയോജനമിരിക്കുന്നത്
ഇല്ലായ്മയിലാണ്.
ആസ്വാദനം
സമാധാനമാണ് ജീവിതലക്ഷ്യം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവാനിടയില്ല. സമാധാനംനിറഞ്ഞ ഒരു ജീവിതം സുസ്ഥിരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭൗതികസാഹചര്യങ്ങള്‍ സൃഷ്ടിക്കുവാനായി മനുഷ്യന്‍ നെട്ടോട്ടമോടുന്നത്. സമാധാനപരമായ ജീവിതത്തിന് അത് അത്യാവശ്യം തന്നെയാണ്. എന്നാല്‍ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് സമാധാനം കൂടുന്നതായി കാണുന്നില്ല. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് കണ്ണുതുറന്നു നോക്കാന്‍ നാം ഒരിക്കലും തയ്യാറാവുന്നുമില്ല. എവിടെയാണ് നമുക്കു് പിഴച്ചത്? []
ഇത്തിരിനാള്‍ ഈ ഭൂമിയില്‍ ജീവിച്ച് കടന്നുപോകേണ്ടവരാണ് നാം. ഇതിനുമുമ്പ് ഒരു ജീവിതമുണ്ടായിരുന്നോ എന്ന് നമുക്കറിയില്ല. മരണശേഷം ജീവിതം തുടരുമോ എന്ന കാര്യത്തിലും നമുക്ക് യാതൊരു ഉറപ്പുമില്ല. എന്നാല്‍ നമ്മുടെ അനുഭവത്തില്‍ ഈ ജീവിതം സത്യമായാണ് അനുഭവപ്പെടുന്നത്. ആ ജീവിതമാണെങ്കില്‍ കുറച്ചുനാള്‍ മാത്രമെയുള്ളൂ. ഇതെല്ലാം നമുക്കറിയാവുന്നതാണ്. എന്നിട്ടും നമ്മുടെ ആവശ്യങ്ങളുടെ ആധിക്യം കാണുമ്പോള്‍ നമുക്ക് മരണമില്ലെന്ന് ഉറപ്പിച്ച മട്ടാണ്.
ഇത്രയൊക്കെ ചെലവഴിച്ചത് ആ ഒഴിഞ്ഞുകിടക്കുന്ന ഇടത്തെ അനുഭവിക്കാന്‍ വേണ്ടിയാണ്. ഒഴിഞ്ഞ ഇടമാണ് നമ്മുടെ മുറി. ജീവിതത്തെ സംബന്ധിച്ചും ഇതുതന്നെയാണ് സത്യം.
താമസിക്കാനായി വീടു പണിയുന്നു. മനോഹരമായ ചുമരുകള്‍. വിലകൂടിയ മരങ്ങളുപയോഗിച്ച് മോടിപിടിപ്പിച്ച വാതിലുകളും ജനലുകളും. വിലകൂടിയ ഗ്രാനൈറ്റിട്ട തറ. ഇത്രയൊക്കെ ചെലവഴിച്ചത് ആ ഒഴിഞ്ഞുകിടക്കുന്ന ഇടത്തെ അനുഭവിക്കാന്‍ വേണ്ടിയാണ്. ഒഴിഞ്ഞ ഇടമാണ് നമ്മുടെ മുറി. ജീവിതത്തെ സംബന്ധിച്ചും ഇതുതന്നെയാണ് സത്യം. എന്നെങ്കിലും ഒന്നൊഴിഞ്ഞിരിക്കണമെന്നു കരുതിയാണ് എല്ലാ സാഹചര്യങ്ങളും ഒരുക്കുന്നത്. എന്നാല്‍ ഒരിക്കലും നാം ഒഴിഞ്ഞിരിക്കുന്നില്ല. ഒഴിഞ്ഞിരിക്കാനായി പലതും വാരിക്കൂട്ടിക്കൊണ്ടിരിക്കുമാത്രമെ ചെയ്യുന്നുള്ളൂ. അത് ചുമരുകെട്ടി നിറക്കുന്നതു പോലെയാണ്. ഇടുങ്ങിയ മുറിയും അമ്പതടി വീതിയില്‍ കെട്ടിയ ചുമരുകളും ഒന്നു സങ്കല്പിച്ചുനോക്കൂ. ആശ്വാസത്തോടെ ശ്വസിക്കാന്‍പോലുമാവാതെ ഇടുങ്ങിയ മുറിയില്‍ നാം അസ്വസ്ഥരായി കഴിയേണ്ടി വരും. എല്ലാ സുഖസൗകര്യങ്ങളോടെയും അടച്ചുറപ്പോടെയും നിര്‍മ്മിച്ച വീട്ടില്‍ ഭയവിഹ്വലരായി കഴിയുന്ന വീട്ടുടമസ്ഥരെപ്പോലെയാണ് നമ്മുടെ ജീവിതം. ചന്ദനത്തിരി കത്തിച്ച് മുറിമുഴുവന്‍ സുഗന്ധംകൊണ്ടുനിറച്ച ബുദ്ധിമാനായ സൗമ്യശാലിയുടെ കഥ നാം കേട്ടിട്ടുണ്ട്. ചപ്പും ചവറും കുറഞ്ഞവിലയ്ക്കു വാങ്ങി മുറിമുഴുവന്‍ കുത്തിനിറച്ച വിഡ്ഢിയായ മനുഷ്യന്‍ നമുക്ക് മാതൃകയാവാതിരിക്കട്ടെ.
സമാധാനം നിറഞ്ഞ നിമിഷങ്ങളില്‍ ആവശ്യങ്ങള്‍ കുറവായിരിക്കും.
സമാധാനം നിറഞ്ഞ നിമിഷങ്ങളില്‍ ആവശ്യങ്ങള്‍ കുറവായിരിക്കും. ആവശ്യങ്ങള്‍ക്കുമേല്‍ ആവശ്യങ്ങള്‍ വന്നുനിറയുന്ന ബോധം അസ്വസ്ഥമായിരിക്കും. ആവശ്യങ്ങള്‍ നിറവേറുമ്പോള്‍ കൂടുതല്‍ സമാധാനം ലഭിക്കുമെന്നു നാം ധരിക്കുന്നു. ഓരോ നിറവേറലുകളും കൂടുതല്‍ ആവശ്യങ്ങളെ സൃഷ്ടിക്കുന്നതായാണ് അനുഭവം. ആവശ്യങ്ങളെ പരിമിതപ്പെടുത്തിയാല്‍മാത്രമെ ഹൃദയത്തില്‍ ഒഴിവുണ്ടാകൂ. ഹൃദയത്തില്‍ ഒഴിവുണ്ടായാലേ സമാധാനമുണ്ടാകൂ. ഇതൊന്നും പുതിയ അറിവല്ല. നാം സദാ അനുഭവിക്കുന്നതാണ്. ഈ അറിവിനു മുകളില്‍ ധ്യാനനിരതരാവാന്‍ നാം തയ്യാറാവുന്നില്ലെന്നുമാത്രം.
പുല്ലാങ്കൂഴലില്‍നിന്നും സംഗീതം ഒഴുകിവരുന്നത് അതിനകം പൊള്ളയായതുകൊണ്ടാണ്. ജീവിതവും അങ്ങനെയായിരിക്കണം. ഭൗതികവും ആത്മീയവുമായ ആര്‍ജ്ജിക്കലുകളെല്ലാം ഹൃദയത്തില്‍ ഒഴിവനുഭവിക്കാന്‍ ഉതകുന്നതാവണം. എങ്കില്‍ മാത്രമെ സമാധാനത്തിന്റെ നാദധാര ജീവിതത്തിന്റെ അന്തര്‍ധാരയായി ഒഴുകിയെത്തുകയുള്ളൂ. എല്ലാവരും പറയാറുണ്ട്; എല്ലാം ഒന്ന് സെറ്റ്ല്‍ ചെയ്തിട്ടുവേണം കുറച്ചുനാള്‍ വെറുതെയിരിക്കാന്‍ എന്ന്. ആ അനങ്ങാതിരിക്കല്‍, ഒഴിഞ്ഞിരിക്കല്‍, അനുഭവിക്കാനാണ് എല്ലാം ഉണ്ടാക്കുന്നത്. അതു മറക്കാതിരിക്കണം. അല്ലാതെ വേണ്ടതും വേണ്ടാത്തതുമെല്ലാം വാരിക്കൂട്ടി സ്വന്തമാക്കാന്‍ വേണ്ടിയല്ല നാം ജീവിക്കുന്നത്. അല്ലെങ്കില്‍ ജീവിക്കേണ്ടത്.
ഒഴിവ് ഒരു കുറവല്ല. അതു ശക്തിയാണ്, നിറവാണ്. ശരീരത്തെയും മനസ്സിനെയും ഉപയോഗയോഗ്യമാക്കണമെങ്കില്‍ ചിന്തയുടെ ഒഴിവുണ്ടാകണം.
ഒഴിവ് ഒരു കുറവല്ല. അതു ശക്തിയാണ്, നിറവാണ്. ശരീരത്തെയും മനസ്സിനെയും ഉപയോഗയോഗ്യമാക്കണമെങ്കില്‍ ചിന്തയുടെ ഒഴിവുണ്ടാകണം. ചിന്തകളുടെ ആവരണമൊഴിയുമ്പോള്‍ മാത്രമെ സഹജനിലയില്‍ നമുക്ക് നമ്മെ അനുഭവിക്കാനാകൂ. അപ്പോള്‍ മാത്രമെ നാം ഉപയോഗയോഗ്യരാവുന്നുള്ളൂ. ജീവിച്ചിരിക്കുന്നതിന്റെ മഹത്വം അറിയുന്നത് ആ ഒഴിവിന്റെ ശാന്തിയിലാണ്. പൂര്‍ണ്ണമായ ഒഴിവിലാണ് നിറവനുഭവിക്കാനാവുക. അതിനാല്‍ ഉള്ളതിന്റെ പ്രയോജനമിരിക്കുന്നത് ഇല്ലായ്മയിലാണെന്ന് ലാവോത്സു പറയുന്നതു് എത്രസത്യം.
സോക്രട്ടീസിനെയാണ് ഓര്‍മ്മവരുന്നത്. “”എനിക്കൊന്നും അറിയില്ലെന്ന് എനിക്കറിയാം. അതാണ് ഏറ്റവുംവലിയ അറിവെങ്കില്‍ ആ അറിവെനിക്കുണ്ട്.”” അദ്ദേഹം പറയുന്നു. മഹത്തായ അറിവാണത്. ഒന്നും അറിയില്ലെന്നും അറിയാനാവില്ലെന്നും അറിയുക. ആ അറിവില്ലായ്മ ഒരു വലിയ ഒഴിവു് ബോധത്തിലുണ്ടാക്കുന്നു. അവിടെ പിന്നെ വന്നുനിറയുക ആഴമേറിയ നിറവാണ്. ആ നിറവിന്റെ ശക്തി അഭയമാണ്. അഭയത്തിലായതിനാലാവാം സോക്രട്ടീസിന് മൗനമന്ദഹാസത്തോടെ മരണത്തെ സ്വീകരിക്കാനായത്. മരണത്തിനുമുമ്പേ മരിക്കാന്‍ കഴിഞ്ഞതിന്റെ മഹത്വമാണത്.
വണ്ടിച്ചക്രത്തിന്റെയും കുടത്തിന്റെയും മുറിയുടെയും ഉദാഹരണത്തിലൂടെ ഉള്ളതിന്റെ പ്രയോജനമിരിക്കുന്നത് ഇല്ലായ്മയിലാണെന്ന് ലാവോത്സു പറയുമ്പോള്‍ സോക്രട്ടീസും ബോധിധര്‍മ്മനും രമണമഹര്‍ഷിയുമെല്ലാം ഉള്ളില്‍ വന്നുനിറയുന്നു. അവരെയെല്ലാം സ്മരിക്കുമ്പോള്‍ ഉള്ളില്‍നിന്നും എന്തൊക്കെയോ അഴിഞ്ഞുവീഴാനും ഒഴിഞ്ഞുപോകാനും തുടകൂം. ഒഴിവനുഭവപ്പെടുന്ന ഇടങ്ങളിലേക്കാണ് നാം അറിഞ്ഞോ അറിയാതെയോ ആകൃഷ്ടരാവുന്നത്. സകലമഴിഞ്ഞു തണിഞ്ഞ് കേവലത്തിന്‍ മഹിമയുമറ്റ് മഹസ്സിലാണിടേണമെന്ന് നാരായണഗുരു പറയുന്നതും ഈ ഇല്ലായ്മയുടെ മഹത്വമറിഞ്ഞതിനാലാണ്.
ഷൗക്കത്തിന്റെ “താവോയുടെ പുസ്തകം” എന്ന ഈ പംക്തിയിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കുക:
ആമുഖം : താവോയുടെ പുസ്തകം
അദ്ധ്യായം ഒന്ന് :പറയാവുന്ന താവോ അനശ്വരമായ താവോയല്ല
അദ്ധ്യായം രണ്ടു്: സൗന്ദര്യം ദര്‍ശിക്കുന്നത് വൈരൂപ്യമുള്ളതിനാലാണ്
അദ്യായം മൂന്ന്: സ്തുതിക്കാതിരുന്നാല്‍ മാത്സര്യമില്ലാതാകും
അദ്യായം നാല്: താവോ ഒരു ഒഴിഞ്ഞ പാത്രം
അദ്യായം അഞ്ച്: ആകാശഭൂമികള്‍ നിഷ്പക്ഷമാണ്
അദ്യായം ആറ്: താഴ്‌വരത അനശ്വരം
ആകാശഭൂമികള്‍ എന്നെന്നും നിലനില്ക്കും
കൂടുതല്‍ മൂര്‍ച്ചകൂട്ടിയാല്‍ കത്തിയുടെ വായ്ത്തല ഇല്ലാതാവുകയേയുള്ളു
ജന്മംകൊടുത്ത് പരിപോഷിപ്പിക്കുക