| Saturday, 11th August 2012, 7:53 pm

ജന്മംകൊടുത്ത് പരിപോഷിപ്പിക്കുക

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്പിരിച്വല്‍/ഷൗക്കത്ത്


അദ്ധ്യായം ഒന്‍പത്‌

ശരീരത്തെയും ശരീരിയെയുംവഹിച്ച് ആ ഒന്നിനെ ആശ്ലേഷിച്ചാല്‍
വേര്‍തിരിവ് ഒഴിവാക്കാനാവുമോ?
പരിപൂര്‍ണ്ണശ്രദ്ധകൊണ്ട് വഴക്കമാര്‍ജ്ജിച്ചാല്‍
നവജാതശിശുവിനെപ്പോലെയാകുവാന്‍ കഴിയുമോ?
ആദിദര്‍ശനത്തെ കഴുകി വൃത്തിയാക്കിക്കൊണ്ടിരുന്നാല്‍
കളങ്കരഹിതനാവുകുമോ?
എല്ലാവരെയുംസ്നേഹിച്ചു രാജ്യം ഭരിച്ചാല്‍
കൗശലമില്ലാതാവുമോ?
ശരിയായവഴിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്നാല്‍
സ്ത്രീയുടെ ഭാഗധേയം നിര്‍വഹിക്കാനാവുമോ?
അറിഞ്ഞും അതീവജാഗ്രതയോടെയുമിരുന്നാല്‍
ഒന്നും ചെയ്യാതിരിക്കാനാവുമോ?
ജന്മംകൊടുത്ത് പരിപോഷിപ്പിക്കുക.
താങ്ങായിരിക്കുക; എന്നാല്‍ കൈവശപ്പെടുത്താതിരിക്കുക.
പ്രവര്‍ത്തിക്കുക; എന്നാല്‍ അംഗീകാരം തേടാതിരിക്കുക.
നയിക്കുക; എന്നാല്‍ അധികാരം ചെലുത്താതിരിക്കുക.
ഇതാണ് സനാതനമൂല്യം.

ആസ്വാദനം

“എന്റെ എണ്‍പതാമത്തെ വയസ്സില്‍ ഞാന്‍ ജീവിതത്തിലേക്കു പിന്‍തിരിഞ്ഞു നോക്കുമ്പോള്‍ , എന്റെ ജീവിതത്തിലെ നിര്‍ണ്ണായകമായ നാഴികക്കല്ലുകളായി ഒട്ടേറെ സംഭവങ്ങളെ കാണുന്നു. അതൊന്നും ആനുഷംഗികമായിരുന്നില്ലെന്നു ഞാനിപ്പോള്‍ കരുതുന്നു. മറിച്ച്, അദൃശ്യമായ കരങ്ങള്‍ കാരുണ്യപൂര്‍വ്വം അങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ എനിക്കൊരുക്കിത്തന്നതാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു.”

കാറല്‍ ഗുസ്താഫ് യുങ്

[]അമര്‍നാഥിലേക്കു പോകുന്ന വഴിയില്‍ സോനാമാര്‍ഗ് എന്നൊരു അതിവിശാലമായ താഴ്‌വരയുണ്ട്. ആകാശംമുട്ടിനില്ക്കുന്ന മലനിരകളാല്‍ ചുറ്റപ്പെട്ട ആ താഴ്‌വരയില്‍ രണ്ടു രാത്രികള്‍ താമസിക്കുവാനിടയായി. അന്നൊരു പൗര്‍ണ്ണമി ദിവസമായിരുന്നു. തണുത്തുവിറച്ച് കമ്പിളികള്‍ക്കുള്ളില്‍ ഞെളിപിരികൊണ്ട് ഉറങ്ങാന്‍ കഴിയാതെ നിമിഷങ്ങള്‍ തള്ളിനീക്കവേ പുറത്തിറങ്ങുവാനുള്ള മോഹം അസഹ്യമായി. ഒരു കമ്പിളിയും പുതച്ച് ഞാന്‍ പുറത്തിറങ്ങി. അതീവ നിശ്ശബ്ദവും വിജനവുമായ വിശാലത.

പൗര്‍ണ്ണമിയും മലനിരകളും തണുത്തുറഞ്ഞ അന്തരീക്ഷവും പിന്നെ ഞാനും മാത്രം! പൗര്‍ണ്ണമി നിലാവിന്റെ നിറവില്‍ എങ്ങും നീലവെളിച്ചം പരന്നു കിടന്നു. മലനിരകള്‍ സൗമ്യരായി ഉണരാതെയും ഉറങ്ങാതെയും സജീവരായി താഴ്‌വരയ്ക്ക് കാവല്‍ നില്ക്കുന്നു. ചന്ദ്രികയുടെ സ്പര്‍ശം ഹൃദയത്തിലേറ്റപ്പോള്‍ തണുപ്പെല്ലാം ഓടി മറഞ്ഞു. അതീവ സുഖകരമായ ഒരു ഉന്മത്തത ശരീരം മുഴുവന്‍ നിറഞ്ഞു. ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. നടന്നുനടന്നു മുമ്പോട്ടു പോകുംതോറും ശരീരവും മനസ്സും എല്ലാം അയഞ്ഞയഞ്ഞു വന്നു. സൗമ്യമായ ഒരു തെന്നല്‍ ഒഴുകി നീങ്ങുന്നപോലെയുള്ള അനുഭവം. ആകപ്പാടെ ഒരു നിറവുമാത്രം. പിന്നെ അതും അഴിഞ്ഞുവീണു. താഴ്‌വരയും ഞാനും അത്രമാത്രം ആഴത്തില്‍ തന്മയീഭവിച്ചു പോയി. ടെന്റില്‍ മടങ്ങിയെത്തിയത് എപ്പോഴോ ആണ്.

ആ താഴ്‌വരയില്‍ അന്നു ഞാന്‍ അനുഭവിച്ചത് ഹിമാലയം കനിഞ്ഞു നല്കിയ അനുഗ്രഹമായിരുന്നു. അന്നും ഇന്നും ഉള്ളില്‍ മുറിയാതെ നില്ക്കുന്ന കരുണാര്‍ദ്രമായ ഒരു ധ്യാനാനുഭവമാണത്.

ആ താഴ്‌വരയില്‍ അന്നു ഞാന്‍ അനുഭവിച്ചത് ഹിമാലയം കനിഞ്ഞു നല്കിയ അനുഗ്രഹമായിരുന്നു. അന്നും ഇന്നും ഉള്ളില്‍ മുറിയാതെ നില്ക്കുന്ന കരുണാര്‍ദ്രമായ ഒരു ധ്യാനാനുഭവമാണത്. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങി വന്നപ്പോള്‍ എല്ലാം പഴയപോലെയായി. ഉണ്ടായി നിലനിന്ന് ഇല്ലാതായിപ്പോകുന്ന വൈകാരികതകളില്‍ തന്നെയാണ് പിന്നെ ജീവിതം. എന്നാല്‍ എപ്പോഴൊക്കെയോ ഒരു വേര്‍തിരിവില്ലായ്മ, വിച്ഛേദമില്ലായ്മ, മനുഷ്യര്‍ക്ക് അനുഭവിക്കാനാവുന്നുണ്ട്.

പുഴക്കരയിലിരിക്കുമ്പോള്‍, സംഗീതത്തിലലിയുമ്പോള്‍, കാട്ടില്‍ നിറയുമ്പോള്‍, ആകാശവിശാലതയിലേക്ക് ഹൃദയമര്‍പ്പിച്ച് മലര്‍ന്നു കിടക്കുമ്പോള്‍, പൂവിനെ അരുമയോടെ തലോടുമ്പോള്‍, വന്‍മരങ്ങളെ കെട്ടിപ്പിടിച്ച് സ്നേഹം പകരുമ്പോള്‍, സ്നേഹാര്‍ദ്രവും പ്രണയാര്‍ദ്രവുമായ ഹൃദയത്തോടെ ഇരിക്കുമ്പോള്‍, അങ്ങനെയങ്ങനെ ജീവിതത്തിന്റെ ഏതൊക്കെയോ നിമിഷങ്ങളില്‍ നാം വേര്‍തിരിവില്ലായ്മയുടെ, ഇല്ലായ്മയുടെ, താഴ്‌വരത്വം അനുഭവിക്കുന്നുണ്ട്.

“”ശരീരത്തെയും ശരീരിയെയും വഹിച്ച് ആ ഒന്നിനെ ആശ്ലേഷിച്ചാല്‍ “നിനക്ക്” വേര്‍തിരിവ് ഒഴിവാക്കാനാവുമോ?”” എന്നു ലാവോത്സു ചോദിക്കുമ്പോള്‍ ഒരിക്കലും കഴിയില്ല എന്നു തന്നെയാണ് ഉത്തരം. “നമുക്ക്” ഒരിക്കലും അതിനു കഴിയില്ല. എന്നാല്‍ ആ ഒന്നില്‍ എന്നന്നേക്കുമായി അലിയാനുള്ള അനുഗ്രഹമുണ്ടായാല്‍ അവിടെ ഒരു വേര്‍തിരിവും ഉണ്ടാവില്ല എന്നതു പരമമായ ഒരു സത്യം മാത്രം. അല്പനേത്തേക്ക് മാത്രമാണെങ്കിലും അങ്ങനെ ഒരനുഭവം പ്രകൃതിയുടെ കരുണകൊണ്ട് സഹൃദയരായ ഹൃദയാലുക്കള്‍ക്ക് സംഭവിക്കാറുമുണ്ട്.

പ്രേമം ഉണ്ടാവുകയാണ്. ഉണ്ടാക്കുകയല്ല. അതിനു മുകളില്‍ നമ്മുടെ നിയന്ത്രണം അസംഭവ്യമാണ്. നമ്മുടെ ഇച്ഛകള്‍ നിഷ്ഫലമാണ്. ഇഷ്ടങ്ങളെ മാത്രമെ നമുക്കു നിയന്ത്രിക്കാനാവൂ. കാരണം അതു നമ്മുടെ സൃഷ്ടിയാണ്. പ്രേമം അങ്ങനെയല്ല.

ശരീരത്തെയും ശരീരിയെയും ഏതെങ്കിലും തരത്തിലുള്ള സാധനങ്ങള്‍ക്കു ബോധപൂര്‍വ്വം വിധേയമാക്കി അങ്ങനെ ഒരനുഭവം ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയില്ല. ഇവിടെ ശരീരി എന്നതിനെ ബോധം അല്ലെങ്കില്‍ ബോധവൃത്തി എന്നു മനസ്സിലാക്കണം. ശരീരവും മനസ്സും ബുദ്ധിയും ഹൃദയവും ഒക്കെ ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള പരിശ്രമത്തിലൂടെ അങ്ങനെ ഒരനുഭവത്തിലേക്ക് പ്രവേശിക്കാന്‍ ആര്‍ക്കുമാവില്ല. അത് പ്രേമം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതു പോലെയാണ്.

പ്രേമം ഉണ്ടാവുകയാണ്. ഉണ്ടാക്കുകയല്ല. അതിനു മുകളില്‍ നമ്മുടെ നിയന്ത്രണം അസംഭവ്യമാണ്. നമ്മുടെ ഇച്ഛകള്‍ നിഷ്ഫലമാണ്. ഇഷ്ടങ്ങളെ മാത്രമെ നമുക്കു നിയന്ത്രിക്കാനാവൂ. കാരണം അതു നമ്മുടെ സൃഷ്ടിയാണ്. പ്രേമം അങ്ങനെയല്ല. സംഭവിച്ചു കഴിഞ്ഞാണ് നാം പ്രേമത്തെ അറിയുന്നത്. ഭക്തിയും ഇങ്ങനെതന്നെയാണ്. ജ്ഞാനിയിലാണ് ഭക്തിയുണ്ടാകുന്നത്. ജ്ഞാനിയുടെ നിറഞ്ഞു കവിയലാണ് ഭക്തി. അല്ലാതെ ഭക്തിയിലൂടെ പടിപടിയായി സഞ്ചരിച്ച് ഒരാള്‍ ജ്ഞാനിയാവുകയല്ല ചെയ്യുന്നത്.

മലമുകളില്‍ പോയിരുന്ന് പ്രകൃതിയെ ഒന്നു ആസ്വദിച്ചു കളയാം എന്നു കരുതുന്നത് അസംഭവ്യമാണ്. മലമുകളിലായിരിക്കുമ്പോള്‍ ഏതോ ഒരു നിമിഷത്തില്‍ ആസ്വാദനം സംഭവിച്ചു പോവുകയാണ്. ആ ആശ്ചര്യവും “നിറവു”മാണ് നമ്മെ ഇല്ലായ്മയിലേക്ക് ഇല്ലാതാക്കുന്നത്. ദൈവാനുഗ്രഹഹേതുകം എന്നാണ് പണ്ടുള്ളവര്‍ അതിനെ വിളിച്ചത്. അറിയാനാവാത്ത കാരണങ്ങളാല്‍ സംഭവിക്കുന്നതിനാലാണ് ആശ്ചര്യം എന്നു് ഏവരും അതിനെ ആശ്ചര്യത്തോടെ വാഴ്ത്തിയത്.

ഇങ്ങനെയൊക്കെയുള്ള അനുഭവങ്ങളിലൂടെ നാമൊക്കെ കടന്നു പോയിട്ടുണ്ടെങ്കിലും പൊതുവെ നമ്മുടെ ജീവിതം വേര്‍തിരിവിന്റെ ലോകത്തു തന്നെയാണ് വര്‍ത്തിക്കുന്നത്. ഞാനും മറ്റുള്ളവരും ഈ ലോകവും എന്ന വേര്‍തിരിവില്‍ തന്നെയാണ് നാം കഴിയുന്നത്. ഈ വേര്‍തിരിവിന്റെ കാര്‍ക്കശ്യത്തെ നമുക്ക് കുറച്ചു കൊണ്ടു വരുവാനാകും. നല്ല ചിന്തയും നല്ല വാക്കും നല്ല കര്‍മ്മവും ഒക്കെ ആ സൗമ്യതയിലേക്കു നയിക്കുന്ന സഹകാരികളാണെന്ന് അറിവുള്ളവര്‍ പറയുന്നു.

അവനവന്റെ സ്വഭാവത്തിനിണങ്ങുന്നവരുമായി ഇടപെട്ടും ഒരു തരത്തിലും യോജിക്കാനാവാത്തവരില്‍നിന്നും കരുണയോടെ അകന്നു മാറിയും അവനവന്റെ ആന്തരികധര്‍മ്മത്തിന് ഇണങ്ങുന്ന കാര്യങ്ങളില്‍ മാത്രം വ്യാപരിച്ചും ഒക്കെ കഴിയാനായാല്‍ സമാധാനത്തിന്റെ ഇത്തിരിവെട്ടം ബോധത്തില്‍ പടര്‍ന്നുവരും എന്നതു സത്യംതന്നെയാണ്. എന്നാല്‍ അപ്പോഴും വേര്‍തിരിവിന്റെ ലോകത്തു തന്നെയാണ് നാം ഉള്ളതെന്ന പരമാര്‍ത്ഥം മറക്കുക വയ്യ.

മനുഷ്യന്‍ എന്ന വര്‍ഗം അത്ര വലിയ കക്ഷിയൊന്നുമല്ലെന്നു മനസ്സിലാക്കിയാല്‍ ഈ പരിമിതിയെ സമാധാനത്തോടെ ഉള്‍ക്കൊള്ളാന്‍ നമുക്കാവും. മഹാന്മാര്‍ എന്നു പറയുന്നവരുടെ കൂടെ ഇത്തിരിനാള്‍ ഒന്നിച്ചു വസിക്കാന്‍ കഴിഞ്ഞാല്‍ അവരിലും പരിമിതികളുടെ നേരിയ സ്പര്‍ശമെങ്കിലും നമുക്ക് കാണാനാവും. അവരെല്ലാം അവര്‍ക്കു യോജിക്കാന്‍ കഴിയുന്ന ഇത്തിരി പേരുമായി ലോകത്തിന്റെ പൊതുധാരയില്‍നിന്നും അകന്നാണ് എന്നും കഴിഞ്ഞിട്ടുള്ളത്; അല്ലാതെ എല്ലാറ്റിനോടും കലര്‍ന്നുരുകിയല്ല എന്ന് കണ്ണു തുറന്നു നോക്കുന്നവര്‍ക്കെല്ലാം മനസ്സിലാക്കാവുന്നതേയുള്ളൂ.

വ്യാസമഹാഭാരതത്തില്‍ മനുഷ്യരൂപംപൂണ്ട പരമാര്‍ത്ഥസ്വരൂപമായി കൃഷ്ണനെ അവതരിപ്പിക്കുന്നുണ്ടല്ലൊ. യുദ്ധക്കളത്തിലേക്ക് സമാധാനത്തിന്റെ ആഹ്വാനമെന്നോണം വെള്ളക്കുതിരകളെപ്പൂട്ടിയ രഥത്തില്‍ സുസ്‌മേരവദനനായി കടന്നു വരുന്ന കൃഷ്ണന്‍ ആരുടെയും ഹൃദയത്തെ കരുണാര്‍ദ്രമാക്കും. യുദ്ധക്കളത്തില്‍ നിഷ്പക്ഷനായിരിക്കേണ്ട കൃഷ്ണന്‍ കര്‍ണ്ണനെ ചതിയില്‍ വധിക്കാന്‍ അര്‍ജ്ജുനനെ നിര്‍ബന്ധിക്കുമ്പോള്‍ നാം തകര്‍ന്നുപോകും.

പരമവിശുദ്ധനായാല്‍പോലും കാലുഷ്യം നിറഞ്ഞ അന്തരീക്ഷത്തില്‍ തുടര്‍ച്ചയായി നിവസിക്കേണ്ടി വന്നാല്‍ നാം പോലുമറിയാതെ എങ്ങനെയാണ് ഇരുള്‍വന്ന് ബോധത്തെ ഗ്രസിക്കുന്നതെന്നതിന് ഉത്തമോദാഹരണമാണ് വ്യാസന്‍ വരച്ചു കാട്ടുന്നത്. പരമാത്മാവായാല്‍പോലും ഏതെങ്കിലും രൂപത്തിലും ഭാവത്തിലും സംഭവിച്ചാല്‍ അവിടെ പ്രകൃതിയുടെ ഇടപെടലുകള്‍ സംഭവിച്ചുപോകും എന്ന് വ്യാസന്‍ പറയാതെ പറയുന്നു. “”പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം സുകൃതികള്‍പോലുമഹോ വലഞ്ഞിടുന്നു”” എന്ന് നാരായണഗുരുവും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

പരമവിശുദ്ധനായാല്‍പോലും കാലുഷ്യം നിറഞ്ഞ അന്തരീക്ഷത്തില്‍ തുടര്‍ച്ചയായി നിവസിക്കേണ്ടി വന്നാല്‍ നാം പോലുമറിയാതെ എങ്ങനെയാണ് ഇരുള്‍വന്ന് ബോധത്തെ ഗ്രസിക്കുന്നതെന്നതിന് ഉത്തമോദാഹരണമാണ് വ്യാസന്‍ വരച്ചു കാട്ടുന്നത്.

ഏറ്റവും ക്രൂരരായ മനുഷ്യര്‍ മുതല്‍ ഏറ്റവും നന്മനിറഞ്ഞ മനുഷ്യരെവരെ അവതരിപ്പിച്ച് എല്ലാവരിലും ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും വിളയാട്ടങ്ങള്‍ ഏറിയും കുറഞ്ഞും മാറിമറയുന്നത് എത്ര അവധാനതയോടെയാണ് വ്യാസന്‍ അവതരിപ്പിക്കുന്നത്. സ്വന്തം ഭാര്യയെപ്പോലും പണയപ്പെടുത്തി ചൂതു കളിക്കുന്ന ധര്‍മ്മനിഷ്ഠനായ ധര്‍മ്മപുത്രരോട് നമുക്കു പൊറുക്കാനാവുമോ? മനുഷ്യനെ നല്ലവനെന്നോ ചീത്തയെന്നോ വിളിക്കാനാവാതെ, “ഒരു പ്രതിഭാസം!” എന്നു കരുതി അന്തം വിട്ടു നില്ക്കാനേ ഭാരതത്തിലൂടെ കടന്നുപോകുന്ന ഒരാള്‍ക്കു കഴിയൂ…

ശരിതെറ്റുകള്‍ക്കുമപ്പുറം വിരാജിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ പച്ചയായ ആവിഷ്‌ക്കാരമാണ് മഹാഭാരതം. അത് മനുഷ്യന്റെ പരിമിതിയെ, നിസ്സാരതയെ നിസ്സംശയം അവതരിപ്പിക്കുന്ന മഹത്തായ കൃതിയാണ്. മനുഷ്യന്‍ ഈ ലോകവുമായി ഇടകലര്‍ന്നു കഴിയുമ്പോള്‍ വേര്‍തിരിവിന്റെ ലോകങ്ങള്‍ അവനെ അല്പമായെങ്കിലും സ്പര്‍ശിക്കാതിരിക്കില്ല എന്നു തൊട്ടു കാണിക്കാനാണ് വ്യാസഭാരതത്തെയും കൃഷ്ണനെയും എടുത്തു കാണിച്ചത്. ഇനി ലാവോത്സുവിലേക്കു തിരിച്ചു വരാം.

“”പരിപൂര്‍ണ്ണ ശ്രദ്ധകൊണ്ട് വഴക്കമാര്‍ജ്ജിച്ചാല്‍ നവജാതശിശുവാകാന്‍ നിനക്കാവുമോ?”” കഴിയില്ല എന്നുതന്നെ പറയേണ്ടി വരും. നവജാതശിശുക്കളെ സമീപിച്ചാല്‍ ഒരുകാര്യം അറിയാനാവും. അവരെപ്പോലെ വഴക്കമുള്ളതായി ഒന്നും നമുക്കു കാണാനാവില്ല. യാതൊരു ബലം പിടുത്തവും അവരിലില്ല. ഏതോ ഒരു കരുണയില്‍ പൂര്‍ണ്ണ ശ്രദ്ധാലുക്കളായി അവര്‍ വിരിഞ്ഞു കിടക്കുകയാണ്. ചുമ്മാ എന്തിനെയോ കണ്ട് ചിരിക്കുന്നു. കരയുന്നു. നിഷ്‌ക്കളങ്കതയുടെ പരിപൂര്‍ണ്ണ സ്വരൂപംപോലെ അരുമയോടെ കിടക്കുന്ന അവരെ കാണുന്ന മാത്രയില്‍ നമ്മുടെ ഹൃദയമലിയുന്നു.

നമ്മിലും അറിയാതെ ഒരു വഴക്കമുണ്ടാകുന്നു. നാമും കുഞ്ഞായി മാറുന്നു. ശരീരത്തിലെയും മനസ്സിലെയും മസിലുകളെല്ലാം അയയുന്നു. നവജാതശിശുത്വം ഹൃദയത്തില്‍ സംഭവിച്ചാല്‍ സ്വാഭാവികമായി വന്നുചേരുന്ന അവസ്ഥയാണിതു്. എന്നാല്‍ ഇനി അല്പം വഴക്കമുള്ളവരായേക്കാം എന്നു കരുതി അതിനു ശ്രമിച്ചു നോക്കിയാല്‍ കൂടുതന്‍ ഇറുക്കമുള്ളവരായി മാറുകയേയുള്ളൂ. അതു നമുക്കു് സൃഷ്ടിക്കാനാവില്ല. സര്‍ക്കസ്സുകാരേയും ജിംനാസ്റ്റിക്‌സുകാരേയും നോക്കുക. അവര്‍ കുഞ്ഞുങ്ങളേക്കാള്‍ വഴക്കമുള്ളവരും ശ്രദ്ധയുള്ളവരുമാണു്. എന്നാല്‍ ഒരിക്കലും നവജാതശിശുത്വം അവരില്‍ വിളകൂന്നതേയില്ല.

“”ആദിദര്‍ശനത്തെ കഴുകി വൃത്തിയാക്കിയാല്‍ നീ കളങ്കരഹിതനാകുമോ?”” ജീവിച്ചുജീവിച്ചു കാലുഷ്യം ബാധിച്ചവരാണു നാം. എത്ര നന്നാവാന്‍ ശ്രമിച്ചാലും സന്ദര്‍ഭം വരുമ്പോള്‍ വീണ്ടുംവീണ്ടും പഴയപടി പ്രതികരിക്കുന്നവര്‍. ധ്യാനിച്ചുധ്യാനിച്ച് ശുദ്ധരാവാന്‍ നാം എത്രയോ ശ്രമിച്ചിരിക്കുന്നു. എന്നിട്ടും നമ്മുടെ അടിസ്ഥാനസ്വഭാവം അങ്ങനെതന്നെ തുടരുന്നു. ചില നിയന്ത്രണങ്ങളൊക്കെ ജീവിതത്തിനു മുകളില്‍ വരുത്താന്‍ നമ്മുക്കു കഴിഞ്ഞിട്ടുണ്ടാവാം. എന്നാല്‍ ആന്തരികവും ബാഹ്യവുമായ ഒരു പരിപൂര്‍ണ്ണ പരിവര്‍ത്തനം അസംഭവ്യമെന്നുതന്നെയാണ് നമ്മുടെ അനുഭവം.

”സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും അടക്കുകയും ചെയ്താല്‍ നിനക്കു സ്ത്രീയുടെ ഭാഗദേയം നിര്‍വ്വഹിക്കാനാവുമോ? സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും അടക്കുകയും ചെയ്താല്‍ നിനക്കു സ്‌ത്രൈണതയില്‍ വര്‍ത്തിക്കാനാവുമോ? നിഗൂഢമായ സ്‌ത്രൈണത താഴ്‌വരതയാണെന്ന് ലാവോത്സു പറയുകയുണ്ടായി.

ജന്മംകൊണ്ടു കിട്ടിയതു തന്നെയാണ് നമ്മുടെ സ്ഥായീഭാവം. പിന്നെ നമ്മുടേതല്ലാത്ത കാരണങ്ങളാല്‍ വന്നു ചേരുന്ന ചില അത്ഭുതങ്ങളാല്‍ സംഭവിച്ചു പോകുന്ന പരിവര്‍ത്തനങ്ങളും ഇല്ലാതില്ല. നമ്മുടെ പരിശ്രമങ്ങള്‍ പരിവര്‍ത്തനത്തിനു സഹായിച്ചിട്ടുണ്ടാവാമെങ്കിലും പരിശ്രമത്തിലൂടെ പരിവര്‍ത്തനം സംഭവിക്കുക അസാദ്ധ്യംതന്നെയാണെന്നാണ് നമ്മുടെ അനുഭവം. കളങ്കരഹിതനായാല്‍ ആദിദര്‍ശനമുണ്ടാകാം എന്നല്ലാതെ കഴുകി വൃത്തിയാക്കിയാല്‍ ആദിദര്‍ശനമുണ്ടാകില്ല എന്നതാണ് പരമസത്യം.

“”എല്ലാവരേയം സ്നേഹിച്ചു രാജ്യം ഭരിച്ചാല്‍ നിനക്കു കൗശലമില്ലാതാവുമോ?”” ബോധിധര്‍മ്മന്‍ ചൈനയിലേക്കു പ്രവേശിച്ചപ്പോള്‍ സ്വീകരിക്കാനെത്തിയ രാജാവ് താന്‍ നാട്ടിലുള്ള എല്ലാ ഭിക്ഷുക്കള്‍ക്കും വേണ്ട സൗകര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്നുണ്ടെന്നും നന്മകള്‍ നിറയെ ചെയ്യുന്നുണ്ടെന്നും അതിനാല്‍ തനിക്ക് ശ്രേയസ്സുണ്ടാകുമോ എന്നും ചോദിക്കുകയുണ്ടായി. ഇല്ല എന്നായിരുന്നു ബോധിധര്‍മ്മന്റെ മറുപടി.

സഹജനിലയില്‍നിന്നു സംഭവിക്കുന്ന കര്‍മ്മങ്ങളേ നന്മയാകുന്നുള്ളൂ. അല്ലാത്തവന്റേത്, അതു നന്മയുടെ ലക്ഷണമുള്ളവയാണെങ്കിലും നന്മയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റുള്ളവരുടെ സമ്മതിക്കു വേണ്ടിയുള്ള ചെയ്തികള്‍ മാത്രമാണു് അവ. ഹൃദയാലുവായവനേ എല്ലാവരെയും സ്നേഹിക്കാനാവൂ. കൗശലമുണ്ടെങ്കിലേ നന്നായി രാജ്യം ഭരിക്കാനാവൂ. അതുകൊണ്ടുതന്നെ എല്ലാവരെയും സ്നേഹിച്ച് രാജ്യം ഭരിക്കുന്നവന് ഒരു യഥാര്‍ത്ഥ നിഷ്‌ക്കളങ്കനായിരിക്കാന്‍ സാധിക്കുകയില്ല.

“”സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും അടക്കുകയും ചെയ്താല്‍ നിനക്കു സ്ത്രീയുടെ ഭാഗദേയം നിര്‍വ്വഹിക്കാനാവുമോ? സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും അടക്കുകയും ചെയ്താല്‍ നിനക്കു സ്‌ത്രൈണതയില്‍ വര്‍ത്തിക്കാനാവുമോ? നിഗൂഢമായ സ്‌ത്രൈണത താഴ്‌വരതയാണെന്ന് ലാവോത്സു പറയുകയുണ്ടായി. ആനന്ദം താഴ്‌വരതയുടെ ആവിഷ്‌ക്കാരമാണ്. ഹൃദയം ആ മാതൃത്വത്തിലമര്‍ന്നാലേ ജീവിതത്തെ ഉണര്‍ത്തുന്ന മൂല്യാവബോധം വിടര്‍ന്നു വരികയുള്ളൂ. അറിവിന്റെ ലോകങ്ങളില്‍ വ്യാപരിക്കുന്നവരിലെല്ലാം സൈ്ത്രണതയുടെ താഴ്‌വരത സംഭവിക്കണമെന്നില്ല. എന്നാല്‍ താഴ്‌വരതയില്‍നിന്ന് വാത്സല്യം നിറഞ്ഞ കാരുണ്യം മാത്രമെ വിരിഞ്ഞു വരികയുള്ളൂ.

“”മനസ്സിലാക്കുകയും എല്ലാറ്റിനോടും തുറന്നിരിക്കുകയും ചെയ്താല്‍ നിനക്ക് വെറുതെയിരിക്കാനാവുമോ?”” താഴ്‌വരതയെ പ്രാപിക്കുന്നവരുടെ അകം നിശ്ചലമായിരിക്കും. ആ നിശ്ചലതയില്‍നിന്നും എത്ര ചലനമുണ്ടായാലും അതെല്ലാം മൗനാത്മകമായിരിക്കും. അവര്‍ എല്ലാം അതിന്റെ സൂക്ഷ്മതയില്‍ അറിയുകയും എല്ലാറ്റിലേക്കും തുറന്നിരിക്കുകയും ചെയ്യും. അവര്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും ചെയ്യേണ്ടതെല്ലാം അവരിലൂടെ സംഭവിക്കും. അവര്‍ ഒരിക്കലും നിഷ്‌ക്രിയരായിരിക്കുന്നില്ല. ഒരിക്കലും പ്രവര്‍ത്തനനിരതരുമല്ല. എന്നാല്‍ മനസ്സിലാക്കലിന്റെ ലോകം വ്യത്യസ്തമാണ്. മനസ്സിലാക്കുകയും എല്ലാറ്റിലേക്കും തുറന്നിരിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരിക്കലും ചുമ്മാതിരിക്കാനാവില്ല. അവര്‍ ചുമ്മാതിരുന്നാലും അതു ശബ്ദമുഖരിതമായിരിക്കും. സദാ അസ്വസ്ഥരായി പ്രതികരിക്കുന്നവരായിരിക്കും അവര്‍.

അവസാനം ലാവോത്സു സ്വതന്ത്രമായ ബോധത്തിന്റെ അവസ്ഥിതി എടുത്തു പറയുന്നു. ജീവിതത്തില്‍ കാലുഷ്യം അനുഭവിക്കാതിരിക്കണമെങ്കില്‍ നാം ശ്രദ്ധാലുക്കളാവേണ്ട ഇടങ്ങളിലേക്കാണ് ലാവോത്സു വിരല്‍ ചൂണ്ടുന്നത്. സനാതന ധര്‍മ്മത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന ഗുണവിശേഷങ്ങളാണ് അദ്ദേഹം പറയുന്നത്;

“”ജന്മംകൊടുത്ത് പരിപോഷിപ്പിക്കുക.
താങ്ങായിരിക്കുക; എന്നാല്‍ കൈവശപ്പെടുത്താതിരിക്കുക.
പ്രവര്‍ത്തിക്കുക; എന്നാല്‍ അംഗീകാരം തേടാതിരിക്കുക.
നയിക്കുക; എന്നാല്‍ അധികാരം ചെലുത്താതിരിക്കുക.
ഇതാണ് ആദിമഗുണം.

ഷൗക്കത്തിന്റെ “താവോയുടെ പുസ്തകം” എന്ന ഈ പംക്തിയിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കുക:

ആമുഖം : താവോയുടെ പുസ്തകം

അദ്ധ്യായം ഒന്ന്‌ :പറയാവുന്ന താവോ അനശ്വരമായ താവോയല്ല

അദ്ധ്യായം രണ്ടു്: സൗന്ദര്യം ദര്‍ശിക്കുന്നത് വൈരൂപ്യമുള്ളതിനാലാണ്

അദ്യായം മൂന്ന്: സ്തുതിക്കാതിരുന്നാല്‍ മാത്സര്യമില്ലാതാകും

അദ്യായം നാല്: താവോ ഒരു ഒഴിഞ്ഞ പാത്രം

അദ്യായം അഞ്ച്: ആകാശഭൂമികള്‍ നിഷ്പക്ഷമാണ്

അദ്യായം ആറ്‌: താഴ്‌വരത അനശ്വരം

ആകാശഭൂമികള്‍ എന്നെന്നും നിലനില്ക്കും

കൂടുതല്‍ മൂര്‍ച്ചകൂട്ടിയാല്‍ കത്തിയുടെ വായ്ത്തല ഇല്ലാതാവുകയേയുള്ളു

We use cookies to give you the best possible experience. Learn more