സ്പിരിച്വല്‍/ഷൗക്കത്ത്
അദ്ധ്യായം എട്ട്
ആവശ്യത്തേക്കാള്‍ കുറച്ചെടുക്കുന്നത്
വക്കോളം നിറയ്ക്കുന്നതിനേക്കാള്‍ നല്ലത്.
കൂടുതല്‍ മൂര്‍ച്ചകൂട്ടിയാല്‍ കത്തിയുടെ വായ്ത്തല ഇല്ലാതാവുകയേയുള്ളു.
സ്വര്‍ണ്ണവും രത്‌നവുംകൊണ്ട് കലവറനിറച്ചാല്‍
ആര്‍ക്കുമത് സംരക്ഷിക്കാനാവില്ല.
സമ്പത്തും ബഹുമതിയും കൈവശപ്പെടുത്തുന്നവര്‍ക്ക്
താമസംവിനാ നാശവും വന്നുചേരും.
ജോലി പൂര്‍ത്തിയായാല്‍ പിന്‍വാകൂക.
അതാണ് ശരിയായ വഴി.
ആസ്വാദനം
[] ഒരിക്കലും ഒടുങ്ങാത്ത ആര്‍ത്തിയാണ് നമ്മുടെ ശാപം. അന്നത്തിന്റെ കാര്യത്തിലായാലും സമ്പത്തിന്റെ കാര്യത്തിലായാലും പ്രശസ്തിയുടെയും അധികാരത്തിന്റെയും കാര്യത്തിലായാലും അവസാനിക്കാത്ത ആര്‍ത്തിയുടെ ചുഴിയില്‍ കറങ്ങിത്തിരിയുകയാണ് മനുഷ്യബോധം. കാലാകാലങ്ങളായി പൂര്‍വ്വികരിലൂടെ നാം ആര്‍ജ്ജിച്ചതധികവും “വേണം, വേണം, ഇനിയും വേണം” എന്ന ദര്‍ശനമാണ്. “മതി, ഇത്രയും മതി” എന്നു പറയാന്‍ നമുക്കാവുന്നേയില്ല. എന്നാല്‍ ജീവിതത്തിന്റെ എല്ലാ മനോഹാരിതയും വിലീനമായിരിക്കുന്നത് അവശ്യം വേണ്ടതുമാത്രം സ്വീകരിക്കുന്നിടത്താണ്. ആ രഹസ്യമറിയാവുന്നതുകൊണ്ടാണ് നടരാജഗുരു ശിഷ്യനായ നിത്യനോടു പറഞ്ഞത്; “”നിത്യാ, ഗുരുകുലത്തില്‍ ആവശ്യത്തില്‍ കൂടുതലായി ഒന്നും ഉണ്ടാവരുത്”” എന്ന്.
ലാളിത്യത്തിന്റെയും എളിമയുടെയും പാഠങ്ങള്‍ ചൊല്ലിക്കൊടുക്കേണ്ട സ്ഥാപനങ്ങള്‍ കണ്ടാല്‍ മള്‍ട്ടി നേഷനല്‍ കമ്പനികളാണെന്നേ തോന്നൂ. സ്വര്‍ണ്ണംപൂശിയ അമ്പലങ്ങളും ആകാശത്തെ തോല്‍പ്പിക്കാനെന്നോണം തലയുയര്‍ത്തി അഹങ്കരിക്കുന്ന പള്ളികളും മസ്ജിദുകളും പിന്നെ നമ്മുടെ ഗുരുദൈവങ്ങളുടെ പഞ്ചനക്ഷത്ര ആസ്ഥാനങ്ങളും ഒക്കെ കാണുമ്പോള്‍ ആര്‍ത്തിയുടെ ഏറ്റവും വലിയ കൂത്തരങ്ങായി മാറിയിരിക്കുന്നു നമ്മുടെ മതങ്ങളും ആത്മീയതയും എന്നു പറയാതെ തന്നെ അറിയാനാവും. എല്ലാവര്‍ക്കും എപ്പോഴും നിര്‍ഭയമായി കടന്നു ചെല്ലാന്‍ കഴിയേണ്ട ഇത്തരം ഇടങ്ങള്‍ നിഗൂഢതയുടെയും ഭയാനകതയുടെയും വിഭാഗീയതയുടെയും ഈറ്റില്ലങ്ങളായി മാറിയിരിക്കുന്നു.
പഴയ കൊട്ടാരത്തിന്റെയും സിഹാസനസ്ഥനായിരിക്കുന്ന രാജാവിന്റെയും ഭയഭക്തിയോടെ വണങ്ങി നില്ക്കുന്ന പ്രജകളുടെയും പുതിയ പതിപ്പുകള്‍ മാത്രമാണ് ഇന്നത്തെ ആശ്രമങ്ങളും സിംഹാസനത്തില്‍ വാഴുന്ന ഗുരുക്കന്മാരും വിനീതശിഷ്യരായ ഭക്തരും. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയിരിക്കുന്നു എന്നുമാത്രം. ആശ്രമവാടിയും ലളിതജീവിതവുമെല്ലാം എങ്ങോ പോയ് മറഞ്ഞിരിക്കുന്നു. പഴയപോലെ കാട്ടില്‍ ഓലപ്പുരയില്‍ മരവുരിയുമുടുത്ത് മെതിയടിയുമിട്ട് കഴിയണമെന്നല്ല പറയുന്നത്. അവര്‍ക്കുണ്ടായിരുന്ന കാരുണ്യവും ലാളിത്യവും അല്പമെങ്കിലും പരിരക്ഷിക്കാനായെങ്കില്‍ മാത്രമെ ജീവിതത്തിന്റെ സൗരഭ്യം അല്പമെങ്കിലും അനുഭവിക്കാനാവൂ എന്ന സത്യം വെളിപ്പെടുത്തുകയാണ് ലാവോത്സു.
“”ആവശ്യത്തേക്കാള്‍ക്കുറച്ചെടുക്കുന്നതാണ്
വക്കോളം നിറയ്ക്കുന്നതിനേക്കാള്‍ നല്ലത്.””
വക്കോളം നിറച്ച ഒരു കപ്പു ചായ കുടിക്കാന്‍ ശ്രമിക്കുമ്പോഴുള്ള പ്രയാസം നാമെല്ലാം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാവും. മുക്കാല്‍ കപ്പു നിറച്ച ചായ അനായാസതയോടെ നാം മൊത്തിക്കുടിച്ചിട്ടുമുണ്ട്. സമാധാനജീവിതത്തിന്റെ രഹസ്യം എത്ര ലളിതമായ ഉദാഹരണത്തിലൂടെയാണ് ലാവോത്സു പറഞ്ഞു തരുന്നത്. വിശപ്പ് പൂര്‍ണ്ണമായും അടങ്ങുന്നതിനുമുമ്പേ നിറുത്തുക, കാല്‍ വയര്‍ ഒഴിച്ചിടുക, എന്നൊക്കെ പഴമക്കാര്‍ പറഞ്ഞ കാര്യം തന്നെയാണ് ഇദ്ദേഹവും പറയുന്നത്.
ആവശ്യത്തിനുള്ളതു മതി എന്നു പറയുമ്പോള്‍ എല്ലാം ആവശ്യമാക്കി മാറ്റിയ ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്ന് അറിയേണ്ടതുമുണ്ട്. അറുതിയില്ലാത്ത ആവശ്യങ്ങളാണ് നമുക്ക്. എല്ലാ അനാവശ്യങ്ങളെയും ജീവിതത്തിന്റെ അത്യാവശ്യ ഘടകങ്ങളാക്കി മാറ്റുന്ന വിദ്യ പരസ്യക്കമ്പനിക്കാര്‍ ഏറ്റെടുത്തു വിജയിപ്പിച്ചു കഴിഞ്ഞു. ശരീരത്തിന്റെ ആരോഗ്യം നിലനിറുത്താനുതകുന്ന ഭക്ഷണം മതി, ശീതോഷ്ണങ്ങളില്‍നിന്നു രക്ഷ നേരാനുള്ള പാര്‍പ്പിടം മതി, വൃത്തിയുള്ള കുറച്ചു വസ്ത്രം മതി എന്നൊക്കെ പറഞ്ഞാല്‍ അതു വിഡ്ഢിത്തമായെണ്ണുന്ന ഒരു കാലമാണിത്. ആഢംബരത്തിന്റെയും ധൂര്‍ത്തിന്റെയും ലോകങ്ങളില്‍ ശാന്തി തേടുന്നവര്‍ കൂടിക്കൂടി വരുന്നു. അതുകൊണ്ടുതന്നെ സ്വാസ്ഥ്യമെന്നത് ഒരു കിട്ടാക്കനിയായി മാറിയിരിക്കുന്നു.
തിരക്കില്‍നിന്ന് തിരക്കിലേക്കു പായുന്ന മനുഷ്യന്‍ ആരുടെയെങ്കിലും അനുഗ്രഹത്തിലൂടെ സമാധാനം ലഭിക്കുമെന്നു കരുതി കുറച്ചു സമയമുണ്ടാക്കി ഗുരുജിമാരെ സമീപിക്കുന്നു. അവര്‍ നിറഞ്ഞ പുഞ്ചിരിയോടെ അനുഗ്രഹം നല്കുന്നു. വ്യവഹാരികളായ നാം നാട്ടുനടപ്പനുസരിച്ച് കൂലിയായി ആയിരവും ലക്ഷവും കോടികളും പ്രതിഫലമായി നല്കുന്നു. അവരത് നിറഞ്ഞ സന്തോഷത്തോടെ പോക്കറ്റിലാക്കുന്നു. വീണ്ടും കഥ തുടരുന്നു. എന്നാല്‍ സമാധാനം മാത്രം വരുന്നില്ല. അനുഗ്രഹം മാത്രമെ ലഭിക്കുന്നുള്ളൂ. അങ്ങനെയങ്ങനെ ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്ത ഒരു സമൂഹം രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ആര്‍ത്തിയുള്ള മനുഷ്യര്‍. അവരേക്കാള്‍ ആര്‍ത്തിയുള്ള ഗുരുക്കന്മാര്‍.
ഇങ്ങനെയൊക്കെയാണെങ്കിലും സ്വാസ്ഥ്യത്തിനായി ജീവിതത്തെ പുനക്രമീകരിക്കാന്‍ തയ്യാറാവുന്നവരുടെ ഒരു കൂട്ടം എന്നത്തെയും പോലെ ഇന്നും ഉണ്ടെന്നതാണ് ആശ്വാസകരം. അവരുമായി സംവദിക്കാനേ ലാവോത്സുവിനും താല്പര്യമുള്ളൂ. അല്ലെങ്കില്‍ അവര്‍ക്കു മാത്രമെ ലാവോത്സുവുമായി സംവദിക്കാനാവൂ. ജീവിക്കാന്‍ വേണ്ടിയാണ് എല്ലാം, അല്ലാതെ ഇതെല്ലാം സ്വന്തമാക്കാന്‍ വേണ്ടിയല്ല ജീവിതം എന്നു തിരിച്ചറിഞ്ഞവര്‍ക്ക് ലാവോത്സുവിന്റെ വാക്കുകള്‍ ഉണര്‍വ്വുകളാണ്.
ഒരു മരത്തിന്റെ ഏറ്റവും അടുത്തു ചെന്നുനിന്നാല്‍ മരത്തെ പൂര്‍ണ്ണമായും നമുക്കു കാണാനാവില്ല. ഒത്തിരി അകലെ മാറി നിന്നാല്‍ അവ്യക്തമായേ കാണാനാവൂ. എന്നാല്‍ ഒരു നിശ്ചിത ദൂരത്തില്‍ നില്‍ക്കുമ്പോള്‍ മരത്തെ അതിന്റെ എല്ലാ പൂര്‍ണ്ണതയോടെയും നമുക്ക് ദര്‍ശിക്കാനും അനുഭവിക്കാനുമാവും. ജീവിതത്തെ നിരര്‍ത്ഥകമായും അര്‍ത്ഥവത്തായും കാണുന്ന രണ്ടറ്റങ്ങളില്‍നിന്നും നിവര്‍ത്തിച്ച് ഒരു മധ്യനിലയെ സ്വീകരിക്കുകയാണെങ്കില്‍ ജീവിതത്തെ അതിന്റെ എല്ലാ ഭാവഹാവാദികളോടെയും പരാതിയില്ലാതെ അനുഭവിക്കാന്‍ നമുക്കാവും. ആധാനം സമമായിരിക്കുന്ന അവസ്ഥയായ സമാധാനം അപ്പോഴാണ് നാം അനുഭവിക്കുക. അതുകൊണ്ടാണ് പറയുന്നത്; “കൂടുതല്‍ മൂര്‍ച്ചകൂട്ടിയാല്‍ കത്തിയുടെ വായ്ത്തല ഇല്ലാതാവുകയേയുള്ളൂ” എന്ന്.
ജീവിതത്തിന്റെ അര്‍ത്ഥമറിയാനായി ചിന്തിച്ചു ചിന്തിച്ച് ജീവിതം തന്നെ നഷ്ടപ്പെട്ടവരുടെ കഥകള്‍ നമുക്കറിയാം. ഭക്തിയുടെ ലോകത്ത് വിഭ്രമിച്ച് വിഭ്രമിച്ച് ഞരമ്പുരോഗം ബാധിച്ചവരേയും നാം കണ്ടിട്ടുണ്ട്. “നിത്യാ, നിനക്കിപ്പോള്‍ ഏഴു ബുദ്ധിയും മൂന്നു ഭക്തിയുമാണ്. അത് ഒന്നുകൂടി സമീകരിച്ച് അഞ്ചു ബുദ്ധിയും അഞ്ചു ഭക്തിയുമാക്കണം” എന്ന നടരാജഗുരുവിന്റെ ഉപദേശം ഇവിടെ വളരെ പ്രസക്തമാണ്. അങ്ങനെയായല്‍ ഭക്തിയുടെ ഭ്രാന്തും യുക്തിയുടെ കാര്‍ക്കശ്യവും പരസ്പരം അലിഞ്ഞില്ലാതായി സാധാരണത്വത്തില്‍ സമാധാനത്തോടെ ജീവിക്കാന്‍ നമുക്കാവും.
“”സ്വര്‍ണ്ണവും രത്‌നവുംകൊണ്ട് കലവറ നിറച്ചാല്‍
ആര്‍ക്കുമത് സംരക്ഷിക്കാനാവില്ല.
സമ്പത്തും ബഹുമതിയും കൈവശപ്പെടുത്തുന്നവര്‍ക്ക്
താമസംവിനാ നാശവും വന്നുചേരും.””
എത്ര പരമാര്‍ത്ഥം! നാമെല്ലാം നിരന്തരമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതയാഥാര്‍ത്ഥ്യം. ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത നഗ്‌നസത്യം.
വീണ്ടും ലാവോത്സു തുടര്‍ന്നു പറയുന്നു;
“”ജോലി പൂര്‍ത്തിയായാല്‍ പിന്‍വാങ്ങുക.
അതാണ് ശരിയായ വഴി.””
നാം ഇന്ന് അനുഭവിക്കുന്ന പലതും എന്നോ ജീവിച്ച ചില മനുഷ്യര്‍ ചെയ്തുപോയ കര്‍മ്മങ്ങളുടെ ഫലങ്ങളാണ്. എനിക്കനുഭവിക്കാന്‍ വേണ്ടി മാത്രമെ ഞാന്‍ പ്രവര്‍ത്തിക്കൂ എന്ന മനോഭാവത്തില്‍ അവര്‍ ജീവിച്ചിരുന്നെങ്കില്‍ ഒന്നും അനുഭവിക്കാനില്ലാതെ നാം കഷ്ടപ്പെട്ടു പോയേനെ. ഹൃദയവിശാലതയുടെ പ്രതിഫലനം മാത്രമായിരുന്നു ആ കര്‍മ്മങ്ങള്‍. ഒന്നിനും വേണ്ടിയായിരുന്നില്ല അവരതു ചെയ്തത്.
ആ സ്വഭാവിക കര്‍മ്മത്തില്‍തന്നെ അവര്‍ സന്തുഷ്ടരായിരുന്നു. അല്ലാതെ അതിന്റെ ഫലത്തിലല്ല അവര്‍ ആനന്ദം അന്വേഷിച്ചത്. ഫലത്തെക്കുറിച്ച് അവര്‍ ചിന്തിച്ചതേയില്ല. ഇന്നില്‍ പൂര്‍ണ്ണമായി ജീവിക്കുകയായിരുന്നു അവര്‍. വഴി തന്നെ ലക്ഷ്യമായി മാറുന്നത് ഇന്നില്‍ ജീവിക്കുമ്പോള്‍ മാത്രമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഭാവി എന്നത് ഇന്നില്‍ നിറഞ്ഞിരിക്കുന്നതാണെന്നും അവര്‍ ദര്‍ശിച്ചിരുന്നു.
ഇന്നലെ, ഇന്ന്, നാളെ എന്നിങ്ങനെ കാലത്തെ വെട്ടി മുറിക്കാതെ ഈ നിമിഷത്തിന്റെ പൂര്‍ണ്ണതയില്‍ നിറഞ്ഞിരുന്നാല്‍ മാത്രമെ ജീവിതത്തെ അതിന്റെ എല്ലാ സൗന്ദര്യത്തോടും ആസ്വദിക്കാനാവൂ എന്നവര്‍ക്കറിയാമായിരുന്നു. അതാണ് ശരിയായ വഴി, അതാണ് താവോയുടെ വഴി. അതാണു് ലാവോത്സു നമ്മോടു പറയുന്നത്.
ഇനി നാം പ്രകൃതിയിലേക്കു നോക്കുക. വഴിയരികില്‍ തണല്‍ വിരിച്ച് നില്ക്കുന്ന മാവില്‍നിന്നും മധുരംനിറഞ്ഞ മാങ്ങകള്‍ എത്ര തലമുറകളായാണ് നാം അനുഭവിക്കുന്നത്. ആ മാവ് തന്റെ സ്വാഭാവികതയില്‍ വളരുന്നു എന്നല്ലാതെ വഴിയാത്രക്കാരന് തണല്‍ നല്കണമെന്നോ സഹജീവികള്‍ക്ക് വിശപ്പടക്കാന്‍ അന്നം നല്കണമെന്നോ ഒന്നും ഇച്ഛിക്കുന്നേയില്ല.
താനായി നിലനില്ക്കുക എന്നതില്‍ മാത്രമെ അതു ശ്രദ്ധാലുവായിരിക്കുന്നുള്ളൂ. അത് വഴിയാലായവരുടെ, അതു മാവായാലും സൂര്യനായാലും മനുഷ്യനായാലും, സഹജസ്വഭാവമാണ്. സൂര്യന്‍ സര്‍വ്വ ജീവജാലങ്ങള്‍ക്കും ഊര്‍ജ്ജം പകരുന്നതും ജലം നനവു നല്കുന്നതും പൂക്കള്‍ പുഞ്ചിരി സമ്മാനിക്കുന്നതും എല്ലാം അങ്ങനെത്തന്നെയാണു്. അതുകൊണ്ടാണ് അറിഞ്ഞവര്‍ എന്നും പറഞ്ഞു കൊണ്ടേയിരുന്നത്; “”പ്രകൃതിയിലേക്കു നോക്കുക. അവര്‍ നമ്മോടു പറയുന്ന മര്‍മ്മരങ്ങള്‍ക്ക് കാതോര്‍ക്കുക. പിന്നെ എങ്ങനെ ജീവിക്കണം എന്നന്വേഷിച്ച് നാം ഉഴറി നടക്കുകയില്ല”” എന്നു്. ആ അറിവുതന്നെയാണ് ലാവോത്സുവും നമുക്കു പകര്‍ന്നു തരുന്നത്;
“”ജോലി പൂര്‍ത്തിയായാല്‍ പിന്‍വാകൂക.
അതാണ് ശരിയായ വഴി.
ഷൗക്കത്തിന്റെ “താവോയുടെ പുസ്തകം” എന്ന ഈ പംക്തിയിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കുക:
ആമുഖം : താവോയുടെ പുസ്തകം
അദ്ധ്യായം ഒന്ന് :പറയാവുന്ന താവോ അനശ്വരമായ താവോയല്ല
അദ്ധ്യായം രണ്ടു്: സൗന്ദര്യം ദര്‍ശിക്കുന്നത് വൈരൂപ്യമുള്ളതിനാലാണ്
അദ്യായം മൂന്ന്: സ്തുതിക്കാതിരുന്നാല്‍ മാത്സര്യമില്ലാതാകും
അദ്യായം നാല്: താവോ ഒരു ഒഴിഞ്ഞ പാത്രം
അദ്യായം അഞ്ച്: ആകാശഭൂമികള്‍ നിഷ്പക്ഷമാണ്
അദ്യായം ആറ്: താഴ്‌വരത അനശ്വരം
ആകാശഭൂമികള്‍ എന്നെന്നും നിലനില്ക്കും