ദര്‍ശനം /ഷൗക്കത്ത്
ഗുരുവും ശിഷ്യരും വനാന്തരത്തിലൂടെ മൗനമായി നടന്നു. അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്ന മൗനത്തെ വിഘ്‌നപ്പെടുത്താതെ അവര്‍ യാത്ര തുടര്‍ന്നു. കുറച്ചുദൂരം ചെന്നപ്പോള്‍ ഗുരു നിന്നു. അകലെ തച്ചന്മാര്‍ മരംമുറിച്ചു മാറ്റുന്നതു ശ്രദ്ധിച്ചു. ആരുടെയും ശ്രദ്ധയേല്‍ക്കാതെ ആകാശത്തേക്കുയര്‍ന്നു നില്‍ക്കുന്ന ഒരു വന്‍ മരം അവര്‍ക്കരികിലുണ്ടായിരുന്നു. ഗുരു ശിഷ്യരോടു ചോദിച്ചു: “അവര്‍ എന്തുകൊണ്ടു ആ മരം മുറിച്ചില്ല.”
ശിഷ്യന്മാര്‍ അപ്പോഴാണ് അതു ശ്രദ്ധിച്ചത്. ആ ഒരൊറ്റ മരം ആവശ്യത്തിനു മതിയായിട്ടും എന്താവാം അവരതു മുറിക്കാതിരുന്നത്. ഉത്തരമില്ലാതെ നില്‍ക്കുന്ന ശിഷ്യരോട് അന്വേഷിച്ചുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ആശാരിമാരുടെ അടുത്തെത്തി വിവരം ചോദിച്ചു. മൂത്താശാരി ചിരിച്ചുകൊണ്ടു പറഞ്ഞു: “ആ മരം എന്തിനു കൊള്ളാം. ഉള്ളു പൊള്ളയായ മരം. യാതൊരു ഉറപ്പുമില്ല. അതുവെട്ടി എന്തെങ്കിലും ഉണ്ടാക്കിയാല്‍ അതു ഒടിഞ്ഞു വീഴുകയേയുള്ളൂ. വെട്ടിമുറിച്ചു വിറകാക്കാമെന്നു വെച്ചാല്‍ അതു കത്തണ്ടേ. പുകയുക മാത്രമേയുള്ളൂ.”[]
ശിഷ്യര്‍ തിരിച്ചുവന്നു് ഗുരുവിനോടു വിവരം പറഞ്ഞു. ഗുരു പറഞ്ഞു: “നിങ്ങള്‍ ആ മരത്തെപ്പോലെയാവുക.”
ആ ഗുരു ലാവോത്സുവായിരുന്നു. ആ മരം ഒന്നിനും കൊള്ളാത്തതെന്നു തോന്നുന്നത് അതു നമ്മുടെ ആഗ്രഹങ്ങളുടെ സാക്ഷാല്‍ക്കാരത്തിനു സഹായകമാകാത്തതു കൊണ്ടാണ്. പ്രകൃതിയുടെ സ്വരലയത്തിന് തടസ്സം വരാത്ത രീതിയില്‍ തനതായ ജീവിതം നയിക്കുന്ന മരം തന്നെയാണത്. അതറിയണമെങ്കില്‍ പ്രകൃതിയുടെ സൂക്ഷ്മത അറിയണം.
മേഘപാളികളിലൂടെയും കാറ്റിലൂടെയും മിന്നല്‍പ്പിണര്‍പോലെ ആകാശത്തേക്കുയരുന്ന വ്യാളിയുടെ ഗതിവിഗതികള്‍ അറിയുക എന്നത് എന്റെ അറിവിനും അപ്പുറത്തുള്ള കാര്യമാണ്. ഇന്നു ഞാന്‍ ലാവോത്സുവിനെ കണ്ടു. വ്യാളിയെപ്പോലെ ഒരാള്‍
പാഴ്‌വസ്തുക്കളെന്നു തോന്നുന്നവയുടെ മഹിമ പ്രത്യക്ഷമല്ല, സൂക്ഷ്മമാണ്. വീട്ടിയും തേക്കും ചന്ദനവും മാത്രം നല്ല വൃക്ഷങ്ങളായി തോന്നുന്നത് അതു നമ്മുടെ ജീവിതത്തെ ഉണര്‍വ്വുള്ളതാക്കുന്നതു കൊണ്ടല്ല. കച്ചവടലാഭത്തിന്റെ സാദ്ധ്യതയില്‍ മാത്രം കണ്ണുള്ളവരായതു കൊണ്ടാണ്. എല്ലാ മേഖലയിലും എന്നപോലെ ആത്മീയലോകങ്ങളും വ്യവസായവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ലാവോത്സുവിനെ അറിയുവാന്‍ ശ്രമിക്കുകയെന്നത് നല്ലതാണ്. ഇങ്ങനെയും ചില മനുഷ്യര്‍ നമുക്കിടയില്‍ ജീവിച്ചു പോയിട്ടുണ്ടെന്നത് ആശ്വാസകരമാണ്. ജീവിതത്തെ സ്വയം വഞ്ചിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ വെളിച്ചമാണ്.
മനസ്സിലാക്കാന്‍ പ്രയാസമെന്നു തോന്നുമെങ്കിലും സരളവും സൗമ്യവുമായ ജീവിതം കൊണ്ട് പ്രകൃതിയുടെ സൂക്ഷ്മസ്പന്ദനങ്ങളെ പകര്‍ന്നുനല്‍കിയ മനുഷ്യനായിരുന്നു ലാവോത്സു. അദ്ദേഹത്തിന്റെ ഒരേയൊരു പുസ്തകമായ താവോ തേ ചിങ് എന്ന കൃതിയിലൂടെ സഞ്ചരിച്ചാല്‍ ആ സാരള്യം ബോദ്ധ്യമാകും.
പല അര്‍ത്ഥങ്ങളും പറഞ്ഞു പോരാറുണ്ടെങ്കിലും ഏറ്റവും ലളിതമായ “താവോയുടെ പുസ്തകം” എന്ന അര്‍ത്ഥം തന്നെയാണ് താവോ തേ ചിങിന് ചേരുക. പറയാനോ അറിയാനോ കഴിയാത്ത നിഗൂഢതയാണ് താവോ. ആ നിഗൂഢതയിലേയ്ക്കുള്ള തെളിനീര്‍വഴികളാണ് ഈ പുസ്തകത്തിലെ ഓരോ വരികളും. പറയുംതോറും സങ്കീര്‍ണ്ണമാകുന്ന ആ വഴി പിന്നെ എന്തിനു പറയാന്‍ ശ്രമിക്കുന്നു എന്നു ചോദിച്ചാല്‍ ഒരു കഥയാണ് ഓര്‍മ്മയില്‍ വരുന്നത്.
ഒരു കാടിനു തീ പിടിച്ചു. തീ ആളിപ്പടര്‍ന്നു. മൃഗങ്ങളും പക്ഷികളും ചിതറിയോടി. ഒരു കുഞ്ഞു പക്ഷി കടലിലേക്കു പറന്നിറങ്ങി തന്റെ ചിറകുകളില്‍ നിറഞ്ഞ വെള്ളവുമായി കാട്ടു തീക്കു മുകളിലെത്തി ചിറകു കുടഞ്ഞു. പക്ഷി ഇതാവര്‍ത്തിച്ചുകൊണ്ടിരുന്നു. അതുകണ്ട് ക്ഷമകെട്ട മറ്റൊരു പക്ഷി അടുത്തെത്തി ചോദിച്ചു: “നിനക്കു ഭ്രാന്തുണ്ടോ? നിന്റെയീ കുഞ്ഞു തൂവലില്‍നിന്നും ഇറ്റിറ്റുവീഴുന്ന വെള്ളംകൊണ്ട് എന്തു സംഭവിക്കാനാണ്. കാട്ടുതീയില്‍ പെട്ട് ചത്തുപോകാതെ രക്ഷപ്പെടാന്‍ നോക്ക്.”
ആ പക്ഷി പറഞ്ഞു: അറിയാം സുഹൃത്തേ, ഒന്നും സംഭവിക്കില്ലെന്നറിയാം. എന്നാല്‍ എനിക്കിതു ചെയ്യാതിരിക്കാനാവില്ല. ഈ ദയനീയാവസ്ഥയെ കണ്ടില്ലെന്നു നടിച്ച് രക്ഷപ്പെടാന്‍ എന്റെ മനസ്സനുവദിക്കില്ല.
ഇതു തന്നെയാണ് കൃഷ്ണമൂര്‍ത്തിയും പറഞ്ഞത്. അദ്ദേഹത്തിന്റെ അവസാന കാലത്ത് ജീവചരിത്രം തയ്യാറാക്കി ക്കൊണ്ടിരുന്ന സുഹൃത്ത് അദ്ദേഹത്തോടു ചോദിച്ചു: “ലോകംമുഴുവന്‍ സഞ്ചരിച്ച് നിങ്ങളുടെ ഉള്‍വെളിച്ചങ്ങള്‍ സുഹൃത്തുക്കളുമായി പങ്കൂവെച്ചു. ഞാന്‍ ഒന്നു ചോദിക്കട്ടെ. നിങ്ങള്‍ പറഞ്ഞത് ആ അര്‍ത്ഥത്തില്‍ മനസ്സിലാക്കി ജീവിക്കുന്ന ഒരാളെയെങ്കിലും കണ്ടു മുട്ടിയോ?”
കൃഷ്ണമൂര്‍ത്തി പറഞ്ഞു: “ഇല്ല.”
“പിന്നെ എന്തിനാണ് ഇതൊക്കെ ചെയ്തത്?”
അത് ഒരു പൂവിനോട് എന്തിനാണ് വിരിഞ്ഞതെന്നു ചോദിക്കുന്നതു പോലെയാണ്.
ഇതൊക്കെയാണു് ലാവോത്സുവിനെ കുറിച്ചു പറയുമ്പോഴും ഉള്ളില്‍ വിരിയുന്നത്. ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള കൃതിയാണത്രെ താവോ തേ ചിങ്. ഇംഗ്ലീഷില്‍തന്നെ നാല്‍പതിലധികം വിവര്‍ത്തനങ്ങള്‍ ഈ കൃതിക്കുണ്ടായിട്ടുണ്ടെന്നു പറയുമ്പോള്‍ ഈ ദര്‍ശനത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇപ്പോഴും അനേകം ഭാഷകളിലേക്ക് ഇതു വിവര്‍ത്തനം ചെയ്തു കൊണ്ടിരിക്കുന്നുമുണ്ട്.
ഏതൊരു മഹത്തായ കൃതിയേയുംപോലെ വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ക്കും ഈ കൃതി വിധേയമായിട്ടുണ്ട്. വിവിധ ദര്‍ശനധാരകള്‍ ഈ കൃതിയെ അടിസ്ഥാനമാക്കി രൂപപ്പെട്ടിട്ടുമുണ്ട്. ജീവിതത്തേയും അതിന്റെ ഗതിവിഗതികളേയും തികച്ചും സ്വാഭാവികതയോടെ അവതരിപ്പിച്ച ദര്‍ശനമെന്ന നിലയില്‍ ജീവിതത്തിന്റെ തനിമയെ സ്‌നേഹിക്കുന്ന ഏവര്‍ക്കും ഒരു വഴിവിളക്കായി ഈ ദര്‍ശനം നിലനില്‍ക്കുക തന്നെ ചെയ്യും.
മുന്‍വിധികളുടെ കെട്ടുപാടുകളില്‍നിന്നും സ്വയം സ്വതന്ത്രരായി ഈ വചനങ്ങളിലൂടെ സഞ്ചരിക്കാമെങ്കില്‍ ജീവിതത്തിന്റെ തനിമയിലേക്ക് അതു നമ്മെ തനിയെ നയിച്ചോളും. 2600 വര്‍ഷങ്ങള്‍ക്കുമുമ്പ് എഴുതപ്പെട്ട ഈ കൃതി ഇന്നും ജീവിതത്തെ സ്‌നേഹിക്കുന്നവരുടെ സന്തതസഹചാരിയായി നിലനില്‍ക്കുന്നതു തന്നെയാണ് അതിനു തെളിവ്.
“പറയാവുന്ന താവോ ശാശ്വതമായ താവോയല്ല” എന്ന വചനത്തോടെയാണു ലാവോത്സു ഈ കൃതി തുടങ്ങുന്നത്. പറയാന്‍ നിര്‍ബന്ധിക്കപ്പെട്ട ഒരവസ്ഥയില്‍ എഴുതിപ്പോയ ഒരു കൃതി ഇങ്ങനെയല്ലാതെ എങ്ങനെയാണു തുടങ്ങുക. മൗനത്തിനു പോലും വെളിപ്പെടുത്താന്‍ കഴിയാത്തത്ര ആഴമേറിയതാണ് താവോ എന്ന് ലാവോത്സുവിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് തൊണ്ണൂറാം വയസ്സുവരെ ജീവിച്ചിട്ടും ഒരു വരിപോലും അദ്ദേഹം എഴുതാതിരുന്നത്.
അന്ത്യകാലമടുത്തപ്പോള്‍ ഹിമാലയത്തിലേക്ക് കയറാന്‍ അദ്ദേഹം തീരുമാനിച്ചു. ലാവോത്സുവിന്റെ ജ്ഞാനമഹിമ അറിയാമായിരുന്ന അതിര്‍ത്തി കാവല്‍ക്കാരന്റെ നിര്‍ബന്ധത്തിനു വഴങ്ങി, ഒരു രാത്രി അതിര്‍ത്തിയിലെ കുടിലില്‍ താമസിച്ചു എഴുതിക്കൊടുത്തതാണ് ഈ വചനങ്ങള്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനുശേഷം അദ്ദേഹം ഹിമാലയ പര്‍വ്വതത്തിലേക്കു കയറി മറയുകയാണുണ്ടായതത്രെ!
ചൈനയിലാണ് ലാവോത്സുവിന്റെ ജനനം. ചൂ രാജവംശത്തിന്റെ ഗ്രന്ഥപ്പുര സൂക്ഷിപ്പു കാരനായിരുന്നു അദ്ദേഹം. മൗനാത്മകവും ഏകാന്തവുമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തെ അടുത്തറിയുക പ്രയാസമായിരുന്നു. ജനം അദ്ദേഹത്തെ അറിയുകയോ അറിഞ്ഞവരില്‍ അധികവും അദ്ദേഹത്തിലേക്ക് ആകൃഷ്ടരാവുകയോ ഉണ്ടായില്ല എന്നുവേണം കരുതാന്‍.
എന്തായാലും അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ ചൈനീസ് സംസ്‌ക്കാരത്തിന്റെ വികാസ പരിണാമങ്ങള്‍ക്ക് അന്തര്‍ധാരയായി തീര്‍ന്നിട്ടുണ്ട്. കണ്‍ഫ്യുഷ്യസ് എന്ന പേരില്‍ ലോകപ്രസിദ്ധനായിത്തീര്‍ന്ന കുങ്ഫുത്സുവിന്റെ സമകാലീനനായിരുന്നു ലാവോത്സു. സദാചാരനിരതമായ ഒരു ദര്‍ശനത്തിന്റെ വക്താവായിരുന്നതിനാല്‍ കണ്‍ഫ്യൂഷ്യസ് ഏറെക്കുറെ ജനസമ്മത നായിരുന്നു. പ്രശസ്തനായിരുന്നു.
കണ്‍ഫ്യൂഷ്യസ് ഒരിക്കല്‍ ലാവോത്സുവിനെ സന്ദര്‍ശിക്കുകയുണ്ടായി. ആ സന്ദര്‍ശനത്തിനുശേഷം അദ്ദേഹം പറഞ്ഞു: “പക്ഷിക്ക് പറക്കാനാവുമെന്നും മത്സ്യത്തിന് നീന്താനാവുമെന്നും മൃഗത്തിന് ഓടാനാവുമെന്നും എനിക്കറിയാം. പറക്കുന്നവയെ അമ്പെയ്തു വീഴ്ത്താനും നീന്തുന്നവയെ ചൂണ്ടയിട്ടു കുടുക്കാനും ഓടുന്നവയെ വല വിരിച്ച് പിടിക്കാനും കഴിയും. എന്നാല്‍ മേഘപാളികളിലൂടെയും കാറ്റിലൂടെയും മിന്നല്‍പ്പിണര്‍പോലെ ആകാശത്തേക്കുയരുന്ന വ്യാളിയുടെ ഗതിവിഗതികള്‍ അറിയുക എന്നത് എന്റെ അറിവിനും അപ്പുറത്തുള്ള കാര്യമാണ്. ഇന്നു ഞാന്‍ ലാവോത്സുവിനെ കണ്ടു. വ്യാളിയെപ്പോലെ ഒരാള്‍.”
ഒരു രാജ്യത്തിന്റെ മുഴുവന്‍ ആദരവിനു പാത്രമായിരുന്ന, അനേകം ശിഷ്യരുടെ ഗുരുവും അതീവബുദ്ധിമാനുമായ ഒരാളുടെ വെളിപ്പെടുത്തലാണിത്. അങ്ങനെയുള്ള ഒരു മനുഷ്യനെപ്പോലും അത്ഭുതാധീനനാക്കിയ ലാവോത്സു അവസാന നാളുകളിലെഴുതിയ ഗ്രന്ഥമാണ് നാം ആസ്വാദനത്തിന് എടുക്കുന്നത്. പാടിപ്പതിഞ്ഞ പാട്ടുകളില്‍ ഉറച്ചുപോയ മനസ്സുകള്‍ക്ക് ഈ ഗാനം അത്ര രസകരമായി തോന്നില്ലായിരിക്കാം. എന്നാല്‍ ജീവിതത്തിന്റെ സ്വാഭാവികതയിലേക്ക് ഉണരണമെന്നു ദാഹിക്കുന്നവര്‍ക്ക് ഇതൊരു നല്ല പാനീയമാണ്. എത്ര കുടിച്ചാലും മതി വരാത്ത പാനീയം.
ലളിതമായതെല്ലാം പ്രയാസം നിറഞ്ഞതാണെന്ന് താവോ വിവര്‍ത്തനം ചെയ്തു തുടങ്ങിയപ്പോഴാണ് മനസ്സിലായത്. ഇംഗ്ലീഷിലുള്ള വിവര്‍ത്തനങ്ങളെല്ലാം പരസ്പര വിരുദ്ധമായവയാണ്. ഏതാണ് ശരിയായ വിവര്‍ത്തനം എന്നന്വേഷിച്ചപ്പോള്‍ കൂടുതല്‍ ലളിതവും സരളവുമായ ഭാഷയില്‍ വിവര്‍ത്തനം നിര്‍വ്വഹിച്ചിട്ടുള്ളത് ജിയാഫൂ ഫെങും ജെയിന്‍ ഇംഗ്ലീഷും ചേര്‍ന്നു തയ്യാറാക്കിയ പുസ്തകമാണെന്ന് കേട്ടു. അതുതന്നെയാണ് എന്റെ സഹയാത്രികയായ ഗീതാഗായത്രി എനിക്കു എടുത്തു തന്നതും. ഗുരു നിത്യ അനുഗ്രഹപൂര്‍വ്വം അമേരിക്കയില്‍നിന്നും അവര്‍ക്ക് അയച്ചുകൊടുത്ത പുസ്തകം.
അതു വര്‍ഷങ്ങളായി താമസസ്ഥലമായ കാരമടയിലെ അലമാരയില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. നിറയെ ചിത്രങ്ങളോടു കൂടിയ മനോഹരമായ വലിയൊരു പുസ്തകം. വെറുതെ കുറച്ചു ദിവസം അതു കണ്ടുകൊണ്ടു നടന്നു. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ഞാന്‍ അതെങ്ങനെ വിവര്‍ത്തനം ചെയ്യാനാണ്? എന്നാല്‍ ലാവോത്സുവില്‍ എനിക്കു വിശ്വാസമുണ്ട്. അദ്ദേഹവുമായി ഞാന്‍ പ്രണയത്തിലായി. പിന്നീടാണ് ഞാന്‍ പുസ്തകം കയ്യിലെടുത്തത്.
എന്റെ സ്‌നേഹം വൃഥാവിലായില്ല. സുഹൃത്തുക്കള്‍ പലരും വ്യാകരണപ്പിശകുകള്‍ തിരുത്തിത്തന്ന് സഹായിച്ചു. ഭാഷയ്ക്കും അപ്പുറമാണ് ദര്‍ശനങ്ങള്‍ എന്ന അറിവ് ധൈര്യം നല്‍കി. എങ്കിലും താവോ തേ ചിങ് ചൈനീസിലേക്കു പോലും വിവര്‍ത്തനം ചെയ്യുക പ്രയാസമാണെന്നു തമാശയായി പറയാറുള്ളതു എത്ര സത്യമാണെന്ന കാര്യം ബോദ്ധ്യമായി.
വിവര്‍ത്തനം മാത്രമായിരുന്നു താല്‍പര്യമെങ്കിലും ക്രമേണ ഓരോ മന്ത്രവും ഉള്ളില്‍ നിറച്ച ആശയലോകം ഒഴിഞ്ഞിരിക്കുമ്പോഴെല്ലാം വെറുതെ കുറിച്ചു വയ്ക്കാന്‍ തുടങ്ങി. അതു വായിക്കാനിടയായ വൈദ്യശസ്ത്രം മാസികയുടെ എഡിറ്ററും ആത്മമിത്രവുമായ പി.എന്‍. ദാസ്മാഷ് അതു തുടരാന്‍ നിര്‍ബന്ധിച്ചു. സെന്‍, താവോ, സൂഫിസം തുടങ്ങിയ ദര്‍ശനങ്ങളുമായി ആഴത്തില്‍ സൗഹൃദം സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സ്‌നേഹപൂര്‍വ്വമായ പ്രോത്സാഹനമാണ് ആസ്വാദനം തുടരാന്‍ ധൈര്യം നല്‍കിയത്.
മലയാളത്തില്‍ പല വിവര്‍ത്തനങ്ങളും ഇതിനകം പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ആസ്വാദനങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് തോന്നുന്നത്. താവോയിലേക്കുള്ള ഒരു ക്ഷണക്കത്തായി മാത്രം ഈ ആസ്വാദനത്തെ സ്വീകരിക്കുക. ലാവോത്സുവിനോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ എന്നറിയില്ല. പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹം പൊറുക്കട്ടെ. പ്രാര്‍ത്ഥനയോടെ നമുക്കു തുടങ്ങാം….