| Monday, 10th June 2024, 9:42 pm

വന്നു എറിഞ്ഞു കീഴടക്കി! ചരിത്രത്തിലെ ആദ്യ താരം; അടിച്ചുകയറിയത് ടി-20യുടെ ചരിത്രത്താളുകളിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ബംഗ്ലാദേശിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്കന്‍ നായകന്‍ മര്‍ക്രം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ തുടക്കത്തില്‍ തന്നെ സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിരയെ ബംഗ്ലാദേശ് ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ ആദ്യ നാല് മുന്‍ നിര വിക്കറ്റുകളാണ് സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായത്.

നാല് ഓവറില്‍ വെറും 18 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ താന്‍സിം ഹസന്‍ സാക്കിബ് ആണ് ദക്ഷിണാഫ്രിക്കയെ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചത്. ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ട്രിക്‌സ്, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം എന്നിവരെ പുറത്താക്കിയാണ് ഹസന്‍ സാക്കിബ് കരുത്തുകാട്ടിയത്.

ഇതിനുപിന്നാലെ ഒരു ചരിത്രനേട്ടമാണ് ഹസന്‍ സ്വന്തമാക്കിയത്. ടി-20 ലോകകപ്പില്‍ ബംഗ്ലാദേശിനായി പവര്‍ പ്ലെയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ബൗളറെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ടാസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും റിഷാദ് ഹുസ്സൈൻ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

23 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ സൗത്ത് ആഫ്രിക്കയെ ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും ചേര്‍ന്ന് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയായിരുന്നു.

ക്ലാസന്‍ 44 പന്തില്‍ 46 റണ്‍സ് നേടി മികച്ച ചെറുത്തുനില്‍പ്പാണ് നടത്തിയത്. രണ്ട് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. മില്ലർ 38 പന്തിൽ 29 റൺസും നേടി നിർണായകമായി.

Content Highlight: Tanzim Hasan Sakib create a new record

We use cookies to give you the best possible experience. Learn more