| Sunday, 28th November 2021, 10:26 am

ഗര്‍ഭിണികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ പഠനം തുടരേണ്ട; വിവാദനിയമം പിന്‍വലിക്കാനൊരുങ്ങി ടാന്‍സാനിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൊഡോമ: ഗര്‍ഭിണികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനം തുടരുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിക്കാനൊരുങ്ങി കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ. അമ്മമാരായതിന് ശേഷം വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ തിരിച്ച് വരുന്നത് നിരോധിച്ചുകൊണ്ടുള്ള വിവേചനപരമായ നിയമത്തിനെതിരെ വര്‍ഷങ്ങളായി അവിടെ മനുഷ്യാവകാശപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും പ്രതിഷേധത്തിലായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട സമ്മര്‍ദ്ദത്തിനൊടുവില്‍ ഇപ്പോള്‍ നിയമം പിന്‍വലിക്കുമെന്ന് ടാന്‍സാനിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ”ഗര്‍ഭിണികളായത് കാരണം പഠനം നിര്‍ത്തേണ്ടി വന്ന കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പുനപ്രവേശനം നേടുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാ തടസങ്ങളും സര്‍ക്കാര്‍ എടുത്തുമാറ്റും,” ടാന്‍സാനിയയുടെ വിദ്യാഭ്യാസ മന്ത്രി ജോയ്‌സ് ഡലിചകൊ പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെയും നിയമത്തിനെതിരായ പ്രതിഷേധം ശക്തമായിരുന്നു. പുതിയ സര്‍ക്കാര്‍ തീരുമാനത്തെ മനുഷ്യാവകാശപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും സ്വാഗതം ചെയ്തു.

സാമിയ സുലുഹു ഹസന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് പുതിയ തീരുമാനമെടുത്തത്.

ജോണ്‍ മഗുഫുലി പ്രസിഡന്റായിരുന്ന സമയത്താണ് രാജ്യത്ത് ഈ നിയമം പാസാക്കിയത്. അമ്മമാരായവരെ ഈ സര്‍ക്കാര്‍ പഠിപ്പിക്കില്ല, എന്നായിരുന്നു തന്റെ ഭരണസമയത്ത് മഗുഫുലി പറഞ്ഞത്.

”സൗജന്യമായി വിദ്യാഭ്യാസം നേടുന്നതിന് ഞാന്‍ കുട്ടികള്‍ക്ക് പണം നല്‍കുന്നുണ്ട്. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥിനികള്‍ ഗര്‍ഭിണികളാകുകയും പ്രസവിക്കുകയും അതിന് ശേഷം സ്‌കൂളിലേയ്ക്ക് തിരിച്ച് വരികയും ചെയ്യുന്നു. ഇല്ല, എന്റെ ഭരണത്തിന് കീഴില്‍ അത് നടക്കില്ല,” 2017ല്‍ മഗുഫുലി പറഞ്ഞു.

ഇതിന് പിന്നാലെ സ്‌കൂളുകളില്‍ നിര്‍ബന്ധപൂര്‍വം പ്രെഗ്നന്‍സി ടെസ്റ്റുകള്‍ വ്യാപകമാക്കുകയും ഗര്‍ഭിണികളായ കുട്ടികളെ പുറത്താക്കുകയും ചെയ്തിരുന്നു.

5000ലധികം പെണ്‍കുട്ടികളാണ് ഗര്‍ഭിണികളായതിന്റെ പേരില്‍ ഓരോ വര്‍ഷവും ടാന്‍സാനിയയിലെ സ്‌കൂളുകളില്‍ നിന്നും പുറത്താക്കപ്പെടുന്നതെന്ന് വേള്‍ഡ് ബാങ്ക് കഴിഞ്ഞ വര്‍ഷം കണക്ക് പുറത്തുവിട്ടിരുന്നു.

മാര്‍ച്ചില്‍ മഗുഫുലി മരിച്ചതിന് ശേഷം സാമിയ സുലുഹു ആണ് പ്രസിഡന്റായി അധികാരമേറ്റത്. നിലവിലെ പ്രസിഡന്റായ സുലുഹു ടാന്‍സാനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ്.

വിവാദമായ ഈ നിയമം പിന്‍വലിക്കുന്ന ആഫ്രിക്കയിലെ അവസാന രണ്ട് രാജ്യങ്ങളിലൊന്നായി  ഇതോടെ ടാന്‍സാനിയ മാറി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Tanzania announced the lifting of ban prohibiting pregnant girls from returning to school

We use cookies to give you the best possible experience. Learn more