ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് നേടിയത്.
ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഇതേത്തുടര്‍ന്ന് കനത്ത വിമര്‍ശനങ്ങളാണ് ടീമിന് ഏറ്റുവാങ്ങേണ്ടി വന്നത്. പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെ കീഴിലാണ് പാകിസ്ഥാന്‍ ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങിയത്.
ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം മികച്ച പ്രകടനം നടത്തിയില്ലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പൂജ്യം റണ്‍സിന് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ താരം 22 റണ്‍സ് നേടിയാണ് മടങ്ങിയത്.
ഇതോടെ പല മുന്‍ താരങ്ങളും ആരാധകരും താരത്തെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ ബാബറിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം തന്‍വീര്‍ അഹമ്മദ്.
‘വിമര്‍ശകര്‍ ബാബറിനോട് അസൂയപ്പെടട്ടെ. ബാബര്‍ അസം പാകിസ്ഥാന്റെ രാജാവാണ്, ഭാവിയിലും അവന്‍ അത് തുടരും. അവനെതിരെ സംസാരിക്കുന്ന മുന്‍ താരങ്ങള്‍ പാകിസ്ഥാനെ സ്‌നേഹിക്കുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായ കാലത്ത് അവര്‍ രാജ്യത്തിനായി എന്താണ് ചെയ്തതെന്ന് പരിശോധിക്കുക,’ അഹമ്മദ് പറഞ്ഞു.
അതേസമയം രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന്‍ വമ്പന്‍ വിക്കറ്റ് തകര്‍ച്ചയിലാണ്. ഓപ്പണര്‍ അബ്ദുള്ള ഷഫീഖ് പൂജ്യത്തിന് പുറത്തായപ്പോള്‍ സൈം അയൂബ് 58 റണ്‍സാണ് ടീമിന് വേണ്ടി നേടിയത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് 57 റണ്‍സിനും കൂടാരം കയറി.
ബാബര്‍ അസം 77 പന്തില്‍ 33 റണ്‍സ് നേടിയാണ് പുറത്തായത്. പിന്നീട് 16 റണ്‍സ് നേടി കളം വിട്ട സൗദ് ഷക്കീലിനും ടീമിന് തുണയാവാന്‍ സാധിച്ചില്ല. നിലവില്‍ ക്രീസില്‍ തുടരുന്നത് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനും (26*) സല്‍മാന്‍ അലി ആഘയുമാണ് (4*).
Content Highlight: Tanvir Ahammad Taking About Babar Azam