ആ മൂന്ന് താരങ്ങളില്ലെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യയെ അനായാസം തോല്‍പ്പിക്കും: മുന്‍ പാക് താരം
Sports News
ആ മൂന്ന് താരങ്ങളില്ലെങ്കില്‍ പാകിസ്ഥാന്‍ ഇന്ത്യയെ അനായാസം തോല്‍പ്പിക്കും: മുന്‍ പാക് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 9th August 2024, 6:31 pm

നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയെ ഒരു ഏകദിന സീരീസില്‍ പരാജയപ്പെടുത്തിരിക്കുകയാണ് ശ്രീലങ്ക. ഇരുവരും തമ്മില്‍ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 110 റണ്‍സിന്റെ വമ്പന്‍ തോല്‍വിയായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ ലങ്ക ഉയര്‍ത്തിയ 248 റണ്‍സ് മറികടക്കാനാകാതെ ഇന്ത്യ 26.1 ഓവറില്‍ 138 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ഈ തോല്‍വിക്ക് പിന്നാലെ പലരും ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. അത്തരത്തില്‍ മുന്‍ ഇന്ത്യതാരം തന്‍വീര്‍ അഹമ്മദ് ഇന്ത്യന്‍ ടീമിനെക്കുറിച്ച് സംസാരിച്ചിരുന്നു. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയുമില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാന് എളുപ്പത്തില്‍ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് തന്‍വീര്‍ പറഞ്ഞത്.

‘ആദ്യം നിങ്ങള്‍ പാകിസ്ഥാന് നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് മുമ്പ് നിങ്ങളുടെ പ്രകടനങ്ങള്‍ വിലയിരുത്തുക. രോഹിത്തും വിരാടും ബുംറയുമില്ലെങ്കി ഇന്ത്യ ദുര്‍ബലരാണ്. ഭാവിയില്‍ ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിന് എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ കണ്ടോളൂ. ബൗളിങ് മികച്ചതാവും,

പക്ഷേ ബാറ്റിങ് നിര ബുദ്ധിമുട്ടും. വിരാടും രോഹിത്തും ഒഴികെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ എല്ലാ പുതിയ ബാറ്റര്‍മാര്‍ക്കും ഭാവിയില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല,’ അദ്ദേഹം ക്രിക്കറ്റ് പാകിസ്ഥാനെ ഉദ്ധരിച്ച് പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. സീനിയര്‍ താരമായ വിരാട് കോഹ്‌ലിക്ക് പരമ്പരയില്‍ തിളങ്ങാനായില്ല. എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ രണ്ട് മത്സരത്തിലും തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറിയും അവസാന മത്സരത്തില്‍ 35 റണ്‍സ് നേടി ടോപ് സ്‌കോററാവാനും രോഹിത്തിന് സാധിച്ചിരുന്നു.

 

Content Highlight: Tanvir Ahammad Criticize Indian Cricket Team