2018ല്‍ കേരളത്തില്‍ സംഭവിച്ച പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു 2018. മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായി മാറിയ ഈ സിനിമയില്‍ ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, തന്‍വി റാം, നരേന്‍, ലാല്‍, അപര്‍ണ ബാലമുരളി തുടങ്ങിയ വന്‍ താരനിരയായിരുന്നു ഒന്നിച്ചത്.
2018ന് ശേഷം വന്ന ഫീഡ്ബാക്കുകള്‍ താന്‍ ശരിക്കും ആസ്വദിച്ചിരുന്നെന്ന് പറയുകയാണ് നടി തന്‍വി റാം. ആ സിനിമ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ ആരാധന താന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നെന്നും നടി പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തന്‍വി.
‘2018ന് ശേഷം വന്ന ഫീഡ്ബാക്കുകള്‍ ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ഈ സിനിമ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ ആരാധന ഞാന്‍ ശരിക്കും ആസ്വദിക്കുകയായിരുന്നു. എറണാകുളത്ത് വെച്ചാണ് 2018 കണ്ടത്.
സിനിമയുടെ അവസാനം ടൊവിനോയെ പ്രതീക്ഷിച്ച് ബസില്‍ ഞാന്‍ വരുന്ന സീന്‍ വന്നപ്പോള്‍ എന്റെ തൊട്ടരികിലിരുന്ന തട്ടമണിഞ്ഞ മുസ്‌ലിം പെണ്‍കുട്ടി കരയുകയായിരുന്നു. ഇതൊരിക്കലും മറക്കാന്‍ ആവില്ല,’ തന്‍വി റാം പറഞ്ഞു.
2018ലെ നായികാകഥാപാത്രം ഒരു അനുഭവം തന്നെയായിരുന്നെന്നും ടൊവിനോ തോമസിന്റെ കൂടെ നായികയായി അഭിനയിക്കുമ്പോള്‍ താന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നെന്നും നടി അഭിമുഖത്തില്‍ പറയുന്നു.
‘2018ലെ നായികാകഥാപാത്രം ഒരു അനുഭവം തന്നെയായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച, ഓസ്‌കറിലേക്ക് പരിഗണിക്കപ്പെട്ട 2018ല്‍ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായി ഞാന്‍ കാണുന്നു.
ആന്റോ ജോസഫ് സാറും, ജൂഡ് ആന്റണിയുമാണ് 2018ലേക്ക് എന്നെ വിളിച്ചത്. ടൊവിനോയുടെ കൂടെ നായികയായി അഭിനയിക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരുന്നു. ഞാന്‍ പ്രളയം കണ്ടിട്ടില്ലായിരുന്നു. 2018ല്‍ സെറ്റില്‍ തയ്യാറാക്കിയ പ്രളയസീന്‍ വല്ലാത്തൊരു അനുഭവമായിരുന്നു,’ തന്‍വി റാം പറഞ്ഞു.
Content Highlight: Tanvi Ram Talks About 2018 Movie