Advertisement
Entertainment news
ആദ്യത്തെ പ്രൊഡ്യൂസര്‍ പിന്മാറി; മുഖത്ത് ഒരു ചിരിയുണ്ടെന്നും ആ ചിരി അവര്‍ക്ക് വേണ്ടെന്നും പറഞ്ഞു: തന്‍വി റാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 15, 03:35 pm
Tuesday, 15th November 2022, 9:05 pm

സൗബിന്‍ ഷാഹിര്‍ പ്രധാനകഥാപാത്രമായ അമ്പിളി എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് തന്‍വി റാം. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാന്‍ തന്‍വിക്ക് സാധിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സാണ് താരത്തിന്റെ പുതിയ ചിത്രം. അമ്പിളിക്ക് മുമ്പ് രണ്ട് സിനിമകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയതിതിനെക്കുറിച്ച് പറയുകയാണ് നടി.

ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി ഓഡീഷനുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും മുഖത്ത് ചിരി ഉണ്ടെന്ന കാരണത്താല്‍ അതില്‍ നിന്നും ഒഴിവാക്കിയെന്നും തന്‍വി പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍വി ഇക്കാര്യം പറഞ്ഞത്.

”2012 മുതല്‍ 2018 വരെ ഏകദേശം ആറ് വര്‍ഷത്തോളം ഞാന്‍ ഓഡീഷന് പോയിട്ടുണ്ട്. നേരിട്ട് ചെന്ന് ആപ്ലിക്കേഷന്‍ കൊടുത്ത ഓഡീഷന്‍ രണ്ടാണ്. പിന്നെ വരുന്ന എല്ലാ ഓഡീഷനും ഞാന്‍ എന്റെ ഫോട്ടോ അയക്കാറുണ്ട്. എനിക്ക് തോന്നുന്നു മിക്കവാറും എല്ലാവരുടെയും മെയില്‍ ഐഡിയിലും എന്റെ ഫോട്ടോ ഉണ്ടാകും.

ആദ്യം ഞാന്‍ ചെയ്ത സിനിമയുടെ പൂജയൊക്കെ കഴിഞ്ഞതാണ്. അതിന് ശേഷവും രണ്ട് ദിവസം ഞാന്‍ അവിടെ നിന്നു. ബാങ്കില്‍ നിന്ന് ഒക്കെ ലീവ് എടുത്ത് നാട്ടുകാരോട് ഒക്കെ പറഞ്ഞിട്ടാണ് അവിടെ പോയത്. സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്ന് എല്ലാവരോടും പറഞ്ഞിട്ടുണ്ട്‌. ഞാനും അച്ഛനും അമ്മയും കൂടെയാണ് പോയത്.

ആദ്യത്തെ പ്രൊഡ്യൂസര്‍ പിന്‍മാറിയപ്പോള്‍ വേറെ പ്രൊഡ്യൂസറെ കിട്ടിയിട്ട് രണ്ട് ആഴ്ച കഴിഞ്ഞ് വിളിക്കാമെന്ന് അവര്‍ പറഞ്ഞു. പിന്നെ അവര്‍ക്ക് പുതിയ ആളിനെ വേണ്ടെന്ന് പറഞ്ഞത് കൊണ്ട് അത് മാറിപ്പോയി. പിന്നെ വന്ന ഓഡീഷനില്‍ എല്ലാം സെറ്റായി ഷൂട്ട് തുടങ്ങാനയപ്പോള്‍ അവര്‍ക്ക് എന്നില്‍ സംശയം തോന്നി. എന്റെ മുഖത്ത് ഒരു ചിരിയുണ്ട് എന്നും ആ ചിരി അവര്‍ക്ക് വേണ്ടെന്നും പറഞ്ഞു.

അങ്ങനെ രണ്ട് സിനിമയും നഷ്ടപ്പെട്ടു. രണ്ടും പിന്നീട് വേറെ ആളിനെ വെച്ചിട്ട് ഇറങ്ങി. അതുകൊണ്ട് ഞാന്‍ പേര് പറയുന്നില്ല. പക്ഷേ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം കുറച്ച് വെയ്റ്റ് ചെയ്തിട്ടാണെങ്കിലും അമ്പിളി എന്ന നല്ല സിനിമയിലൂടെ എനിക്ക് ഒരു സ്റ്റാര്‍ട്ടിങ് കിട്ടിയത്. പക്ഷേ ഇതൊന്നും എന്നെ അത്ര വിഷമിപ്പിച്ചിട്ടില്ല. പിന്നെ ആള്‍ക്കാരോട് പറഞ്ഞിട്ട് വന്നതായത് കൊണ്ട് അവരോട് എന്ത് പറയും എന്ന ചമ്മലായിരുന്നു,” തന്‍വി പറഞ്ഞു.

അതേസമയം ജ്യോതി എന്നാണ് തന്‍വിയുടെ കഥാപാത്രത്തിന്റെ പേര്. അതിന് മുമ്പ് ഐശ്വര്യ ലക്ഷ്മി നായികയായ കുമാരിയിലും തന്‍വി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

content highlight: tanvi ram about movie rejection