അടിച്ചമര്‍ത്തുന്നവര്‍ക്കെതിരേയും അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെയും ഒറ്റയ്ക്ക് പോരാടി മടുത്തു; തനുശ്രീ ദത്ത
me too
അടിച്ചമര്‍ത്തുന്നവര്‍ക്കെതിരേയും അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെയും ഒറ്റയ്ക്ക് പോരാടി മടുത്തു; തനുശ്രീ ദത്ത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th June 2019, 12:21 am

മുംബൈ: ‘എനിക്ക് ഞെട്ടലോ ആശ്ചര്യമോ ഒന്നുമില്ല. ഇന്ത്യയിലെ ഒരു സ്ത്രീ എന്ന നിലയ്ക്ക് ഇതാണ് എനിക്ക് കണ്ടു ശീലം’, ഇതായിരുന്നു നാനാ പടേക്കറിനെതിരായ മീടൂ പരാതിയില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ തനുശ്രീ ദത്തയുടെ ആദ്യ പ്രതികരണം.

‘അഴിമതി നിറഞ്ഞ പൊലീസും നിയവ്യവസ്ഥയും, അതിലും വലിയ അഴിമതിക്കാരനായ നാനാ പടേക്കറിന് ക്ലീന്‍ ചിട്ട് നല്‍കിയത് അംഗീകരിക്കാനാവില്ല. ഞങ്ങളുടെ സാക്ഷിയെ അവര്‍ ഭീഷണിപ്പെടുത്തി നിശബ്ദമാക്കി, അവര്‍ കള്ള സാക്ഷികളെ ഹാജരാക്കുകയും ചെയ്തു. ഞങ്ങളുടെ സാക്ഷികളുടെ ദൃക്‌സാക്ഷി വിവരണം പോലും എടുക്കാതെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്’- തനുശ്രീ പറയുന്നു.

അതേസമയം കേസുമായി മുന്നോട്ടു പോകുമെന്ന് തനുശ്രീയുടെ അഭിഭാഷകന്‍ നിതിന്‍ സത്പുതെ പറയുന്നു. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുംബൈ ഹൈക്കോടതില്‍ റിറ്റ് പെറ്റീഷന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2008ല്‍ ”ഹോണ്‍ ഓകെ പ്ലീസ്” എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതിയിലുള്ളത്. ഇതിനു സാക്ഷികളുണ്ടെന്നും എന്നാല്‍ പേടികാരണം മുന്നോട്ടുവരുന്നില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നടന്‍ നാനാ പടേക്കര്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

നാനാ പടേക്കര്‍, നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരെ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്നു തനുശ്രീ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

തനുശ്രീയുടെ പരാതി വേണ്ടരീതിയില്‍ പരിഗണിക്കാത്തതില്‍ സിനിമ, ടി.വി അഭിനേതാക്കളുടെ സംഘടനയായ ”സിന്റ” ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ നേരത്തേതന്നെ മാപ്പുപറഞ്ഞിട്ടുള്ളതായും സിന്റ സീനിയര്‍ ജോയന്റ് സെക്രട്ടറി അമിത് ബെഹ്ല് വ്യക്തമാക്കിയിരുന്നു.