| Sunday, 7th July 2019, 2:28 pm

മീടു: നാന പടേക്കറിന്റെ ക്ലീന്‍ ചിറ്റ് അംഗീകരിക്കാനാവില്ല; തനുശ്രീ ദത്ത കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലൈംഗിക പരാതിയില്‍ നാന പടേക്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിക്കെതിരെ തനുശ്രീ ദത്ത. നടപടിക്കെതിരെ തനുശ്രീ കോടതിയെ സമീപിച്ചു. ഒഷിവാര പൊലീസാണ് നാന പടേക്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.

ബി- റിപ്പോര്‍ട്ടില്‍ പ്രതിഷേധ പരാതി നല്‍കാന്‍ തനുശ്രീക്ക് കോടതി സമയം അനുവദിച്ചിരുന്നു. തനുശ്രീയുടെ ലീഗല്‍ സംഘം മുഴുവന്‍ കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍, ഒഷിവാര പൊലീസ് സ്റ്റേഷനെ പ്രതിനിധീകരിച്ച് ഒരു ഉദ്യോഗസ്ഥന്‍ പോലും എത്തിയില്ല. തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് സെപ്തംബര്‍ ഏഴിലേക്ക് മാറ്റി.

കേസുമായി മുന്നോട്ടു പോകുമെന്ന് തനുശ്രീയുടെ അഭിഭാഷകന്‍ നിതിന്‍ സത്പുതെ പറഞ്ഞിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മുംബൈ ഹൈക്കോടതില്‍ റിറ്റ് പെറ്റീഷന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് തനുശ്രീയുടെ പരാതിയില്‍ നാന പടേക്കറിനെതിരെ കേസെടുത്തത്. 2008ല്‍ ”ഹോണ്‍ ഓകെ പ്ലീസ്” എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതിയിലുള്ളത്. ഇതിനു സാക്ഷികളുണ്ടെന്നും എന്നാല്‍ പേടികാരണം മുന്നോട്ടുവരുന്നില്ലെന്നും നടി വ്യക്തമാക്കിയിരുന്നു. അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച തനുശ്രീക്കെതിരെ നടന്‍ നാനാ പടേക്കര്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.

എന്നാല്‍, നാനാ പടേക്കര്‍ക്കെതിരായ തനുശ്രീ ദത്തയുടെ മീടൂ ആരോപണത്തില്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്നായിരുന്നു മുംബൈയിലെ ഒഷിവാര പൊലീസിന്റെ റിപ്പോര്‍ട്ട്. അതിനാല്‍ അന്വേഷണം തുടരാനാവില്ലെന്നും പൊലീസ് അറിയിച്ചു. തെളിവുകള്‍ കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പൊലീസ് സമര്‍പ്പിക്കുന്ന ‘ബി സമ്മറി’ റിപ്പോര്‍ട്ടാണ് ഈ കേസിലും സമര്‍പ്പിച്ചത്.

നാനാ പടേക്കര്‍, നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവര്‍ക്കെതിരെ തെളിവുകളില്ല എന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഇവരെ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് തനുശ്രീ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

‘അഴിമതി നിറഞ്ഞ പൊലീസും നിയമവ്യവസ്ഥയും, അതിലും വലിയ അഴിമതിക്കാരനായ നാനാ പടേക്കറിന് ക്ലീന്‍ ചിട്ട് നല്‍കിയത് അംഗീകരിക്കാനാവില്ല. ഞങ്ങളുടെ സാക്ഷിയെ അവര്‍ ഭീഷണിപ്പെടുത്തി നിശബ്ദമാക്കി, അവര്‍ കള്ള സാക്ഷികളെ ഹാജരാക്കുകയും ചെയ്തു. ഞങ്ങളുടെ സാക്ഷികളുടെ ദൃക്സാക്ഷി വിവരണം പോലും എടുക്കാതെയാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്’, എന്നായിരുന്നു ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയില്‍ തനുശ്രീയുടെ പ്രതികരണം.

കോറിയോഗ്രാഫറടക്കമുള്ള 13 സാക്ഷികളും തനുശ്രീയുടെ പരാതിക്കെതിരെ മൊഴി നല്‍കിയിരുന്നു. ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഭീഷണിയെത്തുടര്‍ന്നാണ് സാക്ഷികള്‍ തനിക്കെതിരെ മൊഴി നല്‍കിയതെന്ന് ആരോപിച്ചിരുന്നു.

തനുശ്രീയുടെ പരാതി വേണ്ടരീതിയില്‍ പരിഗണിക്കാത്തതില്‍ സിനിമ, ടി.വി അഭിനേതാക്കളുടെ സംഘടനയായ ”സിന്റ” ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ തങ്ങള്‍ നേരത്തേതന്നെ മാപ്പുപറഞ്ഞിട്ടുള്ളതായും സിന്റ സീനിയര്‍ ജോയന്റ് സെക്രട്ടറി അമിത് ബെഹ്ല് വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more