| Sunday, 14th October 2018, 9:56 am

നാനാ പടേക്കറെ നാര്‍ക്കോ അനാലിസിസ് വിധേയമാക്കണം: തനുശ്രീ ദത്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടന്‍ നാനാ പടേക്കറടക്കമുള്ള നാലുപേരെ നാര്‍ക്കോ അനാലിസിസ് വിധേയമാക്കണമെന്ന് ബോളിവുഡ് നടി തനുശ്രീ ദത്ത. ബ്രെയിന്‍ മാപ്പിങ്, നുണപരിശോധന എന്നിവ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച അപേക്ഷ തനുശ്രീയുടെ അഭിഭാഷകന്‍ നിതിന്‍ സദ്പുത് ഓഷിവാര പൊലീസിനു നല്‍കി. നാനാ പടേക്കര്‍, നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരംഗ് എന്നിവരെ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കനമെന്നാണ് തനുശ്രീ ദത്തയുടെ ആവശ്യം.


നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഓഷിവാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2008ല്‍ “ഹോണ്‍ ഓകെ പ്ലീസ്” എന്ന സിനിമയുടെ ചിത്രീകരണവേളയില്‍ നാനാ പടേക്കര്‍ അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതിയിലുള്ളത്. ഇതിനു സാക്ഷികളുണ്ടെന്നും എന്നാല്‍ പേടികാരണം മുന്നോട്ടുവരുന്നില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.

അതേസമയം, നാനാ പടേക്കര്‍ക്കെതിരായ തനുശ്രീയുടെ പരാതി വേണ്ടരീതിയില്‍ പരിഗണിക്കാത്തതില്‍ സിനിമ, ടി.വി അഭിനേതാക്കളുടെ സംഘടനയായ “സിന്റ” ഖേദം രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ തങ്ങള്‍ നേരത്തേതന്നെ മാപ്പുപറഞ്ഞിട്ടുള്ളതായും സിന്റ സീനിയര്‍ ജോയന്റ് സെക്രട്ടറി അമിത് ബെഹ്ല്‍ വ്യക്തമാക്കി.


പരാതി ലഭിച്ചപ്പോള്‍ പരിഗണിച്ചത് അതിന്റെ സാമ്പത്തികവശം മാത്രമാണ്. ലൈംഗികാരോപണത്തെക്കുറിച്ച് പരിശോധിച്ചില്ല. വിഷയത്തില്‍ നടപടിയെടുക്കുന്നതിന് തനുശ്രീ പുതിയ പരാതിനല്‍കണം. ലൈംഗികാരോപണം സംബന്ധിച്ച പരാതികള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഒരു ഉപസമിതി രൂപീകരിക്കാനുള്ള നടപടിക്രമങ്ങളിലാണെന്ന് അമിത് ബെഹ്ല്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more