ടി-20യിൽ ടെസ്റ്റ് കളിച്ചു! സഞ്ജുവിന്റെ ധീരമായ തീരുമാനത്തിൽ പിറന്നത് നാണക്കേടിന്റെ റെക്കോഡ്
Cricket
ടി-20യിൽ ടെസ്റ്റ് കളിച്ചു! സഞ്ജുവിന്റെ ധീരമായ തീരുമാനത്തിൽ പിറന്നത് നാണക്കേടിന്റെ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2024, 12:10 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ മൂന്ന് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ്ങില്‍ ഇന്ത്യന്‍ താരം തനുഷ് കൊട്ടിയാന്‍ ആയിരുന്നു ഇറങ്ങിയിരുന്നത്. ഇന്ത്യന്‍ താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്‌ലര്‍ ഇല്ലാതെ ആയിരുന്നു രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെതിരെ കളത്തില്‍ ഇറങ്ങിയത്. ബട്ലറിനു പകരം കൊട്ടിയാന്‍ ആയിരുന്നു രാജസ്ഥാന്റെ ഓപ്പണിങ്ങില്‍ ഇറങ്ങിയത്. 31 പന്തില്‍ 24 റണ്‍സാണ് തനുഷ് നേടിയത്. മൂന്ന് ഫോറുകള്‍ ആയിരുന്നു താരം നേടിയത്. 77.41 സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്.

ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് തനുഷ് സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഒരു ഇന്നിങ്‌സില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച മൂന്നാമത്തെ താരമായി മാറാനാണ് കൊട്ടിയന് സാധിച്ചത്.

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഒരു ഇന്നിങ്‌സില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച താരം, സ്‌ട്രൈക്ക് റേറ്റ് എന്നീ ക്രമത്തില്‍

സ്റ്റീവ് സ്മിത്ത്-66.66

സ്റ്റീവ് സ്മിത്ത്-76.47

തനുഷ് കൊട്ടിയന്‍-77.41

രാഹുല്‍ ദ്രാവിഡ്-78.12

ഗ്രയിം സ്മിത്ത്-79.54

രാജസ്ഥാനായി യശ്വസി ജെയ്സ്വാള്‍ 28 പന്തില്‍ 39 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. അവസാന ഓവറുകളില്‍ വന്ന് തകര്‍ത്തടിച്ച വെസ്റ്റ് ഇന്‍ഡീസ് താരം ഷിര്‍മോണ്‍ ഹെറ്റ്‌മെയര്‍ ആണ് രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. 270 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 10 പന്തില്‍ നിന്നും 27 റണ്‍സുമായാണ് വിന്‍ഡീസ് താരം നിര്‍ണായകമായത്.

ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയും അടക്കം 10 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 16ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. കെ.കെ.ആറിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍ ആണ് വേദി.

Content Highlight: Tanush Kotiyan Create a Unwanted record in IPL