മുംബൈയുടെ ഈ മുതലിനെ നോക്കിവെച്ചോ? രഞ്ജിയില്‍ ഈ പുരസ്‌കാരം മറ്റാര്‍ക്ക് കൊടുക്കാനാ
Sports News
മുംബൈയുടെ ഈ മുതലിനെ നോക്കിവെച്ചോ? രഞ്ജിയില്‍ ഈ പുരസ്‌കാരം മറ്റാര്‍ക്ക് കൊടുക്കാനാ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th March 2024, 4:34 pm

രഞ്ജി ട്രോഫിയില്‍ വിദര്‍ഭയെ കീഴടക്കി മുംബൈ 42ാം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 68 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. മുംബൈ ഉയര്‍ത്തിയ 538 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിദര്‍ഭ 368ന് ഓള്‍ ഔട്ടാവുകയായിരുന്നു.

വിദര്‍ഭയെ തകര്‍ത്തത് മുംബൈയുടെ കിടിലന്‍ ബൗളിങ് നിരയാണ്. തനുഷ് കോട്ടിയന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ മുഷീര്‍ ഖാനും തുഷാര്‍ ദേശ്പാണ്ഡേയും രണ്ട് വിക്കറ്റ് വീതവും നേടി. ധവാല്‍ കുല്‍ക്കര്‍ണിയും ഷാംസ് മുലാനിയുമാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് തനുഷ് കോട്ടിയാന്‍ സ്വന്തമാക്കിയിരിക്കുന്നത്. 2023- 2024 രഞ്ജി ട്രോഫി സീസണില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. 502 റണ്‍സാണ് താരം സീസണില്‍ നേടിയത്. മാത്രമല്ല 29 വിക്കറ്റും നേടിയ തനുഷ് അര്‍ഹിക്കുന്ന നേട്ടമാണ് പരമ്പരയില്‍ സ്വന്തമാക്കിയത്. ഫൈനലിലും താരം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റും നേടി വിദര്‍ഭയെ താരം സമ്മര്‍ദത്തിലാക്കിയിരുന്നു.

രണ്ടാം ഇന്നിങ്സില്‍ ക്യാപ്റ്റന്‍ അക്ഷയ് വഡ്കറിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ വിര്‍ഭ പൊരുതിനോക്കിയെങ്കിലും വിജയം ഏറെ അകലെയായിരുന്നു. 199 പന്തില്‍ 102 റണ്‍സാണ് വഡ്കര്‍ നേടിയത്.

അര്‍ധ സെഞ്ച്വറി നേടിയ കരുണ്‍ നായരും ഹര്‍ഷ് ദുബെയും വിദര്‍ഭ നിരയില്‍ പൊരുതി നിന്നു. നായര്‍ 220 പന്തില്‍ 74 റണ്‍സ് നേടിയപ്പോള്‍ 128 പന്തില്‍ 65 റണ്‍സാണ് ദുബെ നേടിയത്.

രണ്ടാം ഇന്നിങ്സില്‍ മുഷീര്‍ ഖാന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഷാംസ് മുലാനി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് മുംബൈക്ക് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ തുണയായത്.

ഖാന്‍ 226 പന്തില്‍ 136 റണ്‍സ് നേടി മുംബൈ നിരയിലെ ടോപ് സ്‌കോററായി. ശ്രേയസ് അയ്യര്‍ 111 പന്തില്‍ 95 റണ്‍സ് നേടിപ്പോള്‍ അജിന്‍ക്യ രഹാനെ 143 പന്തില്‍ 73 റണ്‍സാണ് നേടിയത്. 85 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് മുലാനിയുടെ സമ്പാദ്യം.

രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ഇത് 42ാം തവണയാണ് മുംബൈ കിരീടമുയര്‍ത്തുന്നത്. ഏറ്റവുമധികം കിരീടം നേടിയതും മുംബൈ തന്നെ. രണ്ടാമതായി ഏറ്റവുമധികം കിരീടം നേിടയത് കര്‍ണാടക/മൈസൂരുവാണ്. എട്ട് തവണയാണ് കര്‍ണാടക കിരീടമണിയിച്ചത്.

 

 

Content Highlight: Tanush Kotian Get Player Of The Series In Ranji Trophy