കോഴിക്കോട്: താനൂരില്‍ അപകടമുണ്ടായ ബോട്ടിന്റെ ഉടമ നാസര്‍ അറസ്റ്റില്‍. കോഴിക്കോട് വെച്ചാണ് അസ്റ്റിലായിരിക്കുന്നത്. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു. ഇന്നലെ മുതല്‍ തന്നെ നാസറിനെ പിടികൂടാനുള്ള ശ്രമം പൊലീസ് തുടങ്ങിയിരുന്നെങ്കിലും നാസറിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് നാസറിന്റെ വാഹനവും സഹോദരനെയും സുഹൃത്തിനെയും എറണാകുളത്ത് വെച്ച് പിടികൂടിയിരുന്നു. പിന്നാലൊയണ് ഇപ്പോള്‍ കോഴിക്കോട് വെച്ച് നാസറിനെ പിടികൂടിയിരിക്കുന്നത്. കോഴിക്കോട് എലത്തൂര്‍ ഭാഗത്ത് വെച്ചാണ് നാസറിനെ പിടികൂടിയിരിക്കുന്നത്.
പൊലീസിനെ കബളിപ്പിക്കുന്ന തരത്തില്‍ ഫോണ്‍ സഹോദരന്റെ കയ്യില്‍ നല്‍കിയ ശേഷം നാസര്‍ കോഴിക്കോട് തന്നെ തങ്ങുകയായിരുന്നു. നാസറിനെ കോഴിക്കോട് നിന്നും താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. മലപ്പുറം എസ്.പിയുടെ നേതൃത്വത്തില്‍ താനൂര്‍ ഡി.വൈ.എസ്.പിയെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കുക. മലപ്പുറത്ത് എത്തിച്ചതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കലും തെളിവെടുപ്പും അടക്കമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക.
നരഹത്യ അടക്കമള്ള ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്താണ് നാസറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ നാസര്‍ വിദേശത്തേക്ക് കടന്നു കളയാനുള്ള സാഹചര്യങ്ങള്‍ മുന്നില്‍ കണ്ട് എല്ലാ വിമാനത്താവളങ്ങളിക്കും പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അപകടത്തില്‍ മരിച്ച 22 പേരുടെയും സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പടെയുള്ളര്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി നേരിട്ട് എത്തിയിരുന്നു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് കുട്ടികളും 3 സ്ത്രീകളുമുടക്കം 22 പേരാണ് താനൂരിലെ ബോട്ടപകടത്തില്‍ മരണപ്പെട്ടത്.
ബോട്ട് മുങ്ങിയ സ്ഥലത്ത് ഇന്ന് രാവിലെ തന്നെ വീണ്ടും എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്‌സും തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. രാവിലെ വെളിച്ചം വീണതോടെയാണ് 21 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുകയും ചെയ്തിരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ 35ലധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്.
ഇന്നലെ വൈകീട്ടാണ് താനൂര്‍ തൂവല്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്. കരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.