| Friday, 25th August 2023, 2:51 pm

താനൂര്‍ കസ്റ്റഡി മരണം; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താനൂര്‍ കസ്റ്റഡി മരണക്കേസിലെ കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മലപ്പുറം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അടക്കം സെപ്റ്റംബര്‍ ഏഴിന് മുന്‍പായി ഹൈക്കോടതിയില്‍ ഹാജരാക്കാനാണ് കോടതി നര്‍ദേശം നല്‍കിയത്. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍.

ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്നും ഹരജിയില്‍ പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം ഉടനടി ആരംഭിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഡയറി ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഡ്വക്കേറ്റ് മുഹമ്മദ് ഷാ, അഡ്വ. അഭി ഷെദ്വിക് എന്നിവരാണ് പരാതിക്കാരന് വേണ്ടി കോടതി മുന്‍പാകെ ഹാജരായത്.

ഓഗസ്റ്റ് രണ്ടിന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തെങ്കിലും കൊലപാതകത്തിന്റെ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതല്ലാതെ പ്രതികളെ കണ്ടെത്തുകയോ പൊലീസിനെ പ്രതി ചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ അറിയിച്ചു. താമിര്‍ ജിഫ്രിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ പൊലീസുകാരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ താത്പര്യ പ്രകാരം ക്രൈംബ്രാഞ്ച് സംരക്ഷിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. കേസിലെ സുപ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും ഹാരിസ് ജിഫ്രി ആരോപിച്ചിരുന്നു.

Content Highlights: tanur custody death; highcourt directed to submit case dairy

We use cookies to give you the best possible experience. Learn more