തിരൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, ചീഫ് സര്‍വെയര്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്.
ഉടമയെ സഹായിച്ചതില്‍ ക്രമവിരുദ്ധമായി പല ഇടപെടലുകളും നടന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബോട്ടിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് പല തവണ പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ രൂപ മാറ്റം വരുത്തിയ ബോട്ടിന് അനുമതിയുമായി ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോകുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. പെര്‍മിറ്റ് ലൈസന്‍സ് കൊടുക്കുന്നതില്‍ സര്‍വെയര്‍ ഗുരുതരമായ അനാസ്ഥ കാണിച്ചുവെന്നും കണ്ടെത്തി.
ഇരുവരെയും അന്വേഷണ സംഘം നേരത്തെയും ചോദ്യം ചെയ്തിരുന്നു. തുറമുഖ ഓഫീസില്‍ നിന്ന് രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവരെ ഇന്ന് വൈകിട്ട് കോടതിയില്‍ ഹാജരാക്കും. മറ്റ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ബോട്ടിന് രജിസ്‌ട്രേഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് മാരിടൈം സി.ഇ.ഒ സമ്മര്‍ദം ചെലുത്തിയെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം തുടരുകയാണ്.
നേരത്തെ, അറസ്റ്റിലായ ബോട്ടുടമ നാസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിരുന്നു.
താനൂര്‍ പൂരപ്പുഴയിലെ തൂവല്‍ തീരത്ത് കഴിഞ്ഞ മെയ് ഏഴിനാണ് ബോട്ടപകടം നടന്നത്. അപകടത്തില്‍ 15 കുട്ടികള്‍ ഉള്‍പ്പെടെ 22 പേരാണ് മരിച്ചത്. ബോട്ടിന് അനുമതി നല്‍കിയതിലും സര്‍വീസ് നടത്തിയതിലും നിയമലംഘനങ്ങള്‍ നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Content Highlight: Tanur boat accident: the port officials were charged with murder