താനൂര്‍ ബോട്ടപകടം; കാണാതായ കുട്ടിയെ കണ്ടെത്തി
Kerala News
താനൂര്‍ ബോട്ടപകടം; കാണാതായ കുട്ടിയെ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th May 2023, 2:03 pm

മലപ്പുറം: താനൂര്‍ അപകടത്തില്‍ കാണാതായതായി ബന്ധുക്കള്‍ പറഞ്ഞിരുന്ന കുട്ടിയെ കണ്ടെത്തി. എട്ടു വയസ്സുകാരനായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന വിവരം അറിയാന്‍ വൈകിയതാണ് ആശയക്കുഴപ്പത്തിന്‌ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കുട്ടിയെ കോഴിക്കോടേക്ക് കൊണ്ടുപോയത് അറിഞ്ഞിരുന്നില്ലെന്നും പൊലിസിനെ അറിയിച്ചിട്ടുണ്ട്. ഇതോടെ ഇനി ആരെയും കണ്ടെത്താനില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ കുട്ടിയെ കണ്ടെത്തിയതോട് കൂടി തെരച്ചില്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് എന്‍.ഡി.ആര്‍.എഫും രക്ഷാപ്രവര്‍ത്തകരും. കുട്ടിയെ കാണാനില്ലെന്ന് കുടുംബമായിരുന്നു പൊലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നത്. എന്‍.ഡി.ആര്‍.എഫിന് പുറമെ നേവിയും തെരച്ചിലില്‍ പങ്കെടുത്തിരുന്നു.

നേരത്തെ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ സഹായധനം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും പരിക്കേറ്റവരുടെ ചികിത്സ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായും തിരൂരങ്ങാടിയിലെത്തിയ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തിയായിരിക്കും അന്വേഷണം നടത്തുക. സംഭവത്തെ ഗൗരവകരമായാണ് സംസ്ഥാന സര്‍ക്കാര്‍ കാണുന്നത് എന്നും മന്ത്രിസഭ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഏഴ് കുട്ടികളും 3 സ്ത്രീകളുമുടക്കം 22 പേരാണ് താനൂരിലെ ബോട്ടപകടത്തില്‍ മരണപ്പെട്ടത്. ബോട്ട് മുങ്ങിയ സ്ഥലത്ത് ഇന്ന് രാവിലെ തന്നെ വീണ്ടും എന്‍.ഡി.ആര്‍.എഫും ഫയര്‍ഫോഴ്‌സും തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. രാവിലെ വെളിച്ചം വീണതോടെയാണ് 21 അംഗ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. വെള്ളം തെളിഞ്ഞ് തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതീക്ഷ നല്‍കുന്നതായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുകയും ചെയ്തിരുന്നു. അവധിക്കാലം ആഘോഷിക്കാനെത്തിയ 35ലധികം ആളുകളാണ് ബോട്ടിലുണ്ടായിരുന്നത്.

സംഭവത്തില്‍ ബോട്ട് ഉടമക്കെതിരെ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചമുത്തി ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. താനൂര്‍ സ്വദേശി നാസറാണ് ബോട്ടിന്റെ ഉടമ. ഇയാള്‍ ഒളിവിലാണെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് യാത്ര നടത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ വൈകീട്ടാണ് താനൂര്‍ തൂവര്‍തീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയത്. കരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് ബോട്ട് മുങ്ങിയത്. ആദ്യം ഒന്ന് ചെരിഞ്ഞ ബോട്ട് പിന്നീട് തലകീഴായി മുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

content highlights: Tanur boat accident; Missing child found