| Wednesday, 1st August 2018, 3:14 pm

തൊടുപുഴ നാലംഗ കുടുംബത്തിന്റെ മരണം; ഗൃഹനാഥന്‍ വീട്ടില്‍ മന്ത്രവാദം നടത്തിയിരുന്നുവെന്ന ആരോപണവുമായി സഹോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: തൊടുപുഴയ്ക്കടുത്ത് നാലംഗ കുടുംബത്തെ കുഴിച്ചുമൂടിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കൃഷ്ണന്റെ സഹോദരന്‍ രംഗത്ത്. കൊലപാതകത്തിന് കാരണം മന്ത്രവാദം ആണെന്ന് കൃഷ്ണന്റെ സഹോദരനായ യജ്ഞേശ്വരന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് കാലങ്ങളായി കൃഷ്ണന്റെ വീട്ടില്‍ രാത്രികാലങ്ങളില്‍ കാറുകളിലായി നിരവധി പേര്‍ വന്നുപോകാറുണ്ട്. തനിക്ക് കൃഷ്ണനുമായി കഴിഞ്ഞ പത്തുവര്‍ഷമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും യജ്ഞേശ്വരന്‍ പറയുന്നു.

തൊടുപുഴയ്ക്കടുത്ത് മുണ്ടന്‍മുഴിയിലാണ് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.
ഇടുക്കി കാളിയാര്‍ മുണ്ടന്‍മുടിയില്‍ കാനാത്ത് കൃഷ്ണന്‍ (53), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ ആദര്‍ശ് (18) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.


ALSO READ: കൊട്ടിയൂര്‍ പീഡനം; മൂന്ന് പേരെ പ്രതിപട്ടികയില്‍ നിന്ന് സുപ്രീം കോടതി ഒഴിവാക്കി


ഇവരുടെ വീടിന് പിറകില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. നേരത്തെ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിരുന്നു.

അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

പൊലീസും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ വീടിന് പിറകില്‍ മണ്ണ് ഇളകിക്കിടക്കുന്നതായി കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ കുഴിയാണെന്ന് മനസിലായി. കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണ് ദേഹങ്ങള്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ.

തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസിന്റെനേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി വരികയാണ്.

We use cookies to give you the best possible experience. Learn more