സുപ്രീം കോടതി വിധി അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ തന്ത്രി രാജി വെച്ചു പോകണം; ശുദ്ധികലശം നടത്തിയതിനെതിരെ മുഖ്യമന്ത്രി
Sabarimala women entry
സുപ്രീം കോടതി വിധി അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ തന്ത്രി രാജി വെച്ചു പോകണം; ശുദ്ധികലശം നടത്തിയതിനെതിരെ മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd January 2019, 12:41 pm

തിരുവനന്തപുരം: പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന വിധിയില്‍ അതൃപ്തിയുണ്ടെങ്കില്‍ തന്ത്രി തന്റെ സ്ഥാനം രാജിവെക്കണമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിനു ശേഷം ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടിയെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ശുദ്ധികലശം നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

“വനിതകള്‍ ദര്‍ശനം നടത്തിയതിന് ശേഷം ആചാരലംഘനം നടന്നു എന്ന് പറഞ്ഞ് ക്ഷേത്രം അടച്ചിടുന്ന തന്ത്രിയുടെ നിലപാടാണ് നമ്മള്‍ കണ്ടത്. നട അടച്ചിടുന്നത് വിചിത്രമായ ഒരു നടപടിയാണ്. സുപ്രീം കോടതി വിധിയുടെ ലംഘനമാണിവിടെ നടന്നത്. സുപ്രീം കോടതി വിധിയില്‍ അതൃപ്തി ഉണ്ടായിരുന്നെങ്കില്‍ തന്ത്രി സ്ഥാനം രാജി വെച്ചു പോവുകയായിരുന്നു വേണ്ടത്”- മുഖ്യമന്ത്രി പറഞ്ഞു.

കേസ് നടക്കുന്ന സമയത്ത് തന്നെ തന്റെ ഭാഗം പറയാനുള്ള അവകാശം തന്ത്രിക്ക് സുപ്രീം കോടതിയിലുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. “കേസില്‍ തന്ത്രിയും ദേവസ്വം ബോര്‍ഡും കക്ഷികളായിരുന്നു. തന്ത്രിയുടെ ഭാഗം കൂടെ കേട്ടതിനു ശേഷമാണ് വിധി പ്രസ്താവിച്ചത്. വിധി വന്നപ്പോള്‍ വിധിയോട് യോജിക്കാതിരിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്. എന്നാല്‍ വിധി നടത്താന്‍ എനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് രാജി വെച്ച് പോകണമായിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.

“കേസില്‍ കക്ഷിയായിരുെന്നാരാള്‍ വിധി വന്നതിന് ശേഷം അത് അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അല്ല എനിക്ക് അത് നടത്താന്‍ കഴിയില്ല എന്നായിരുന്നു തന്ത്രിയുടെ നിലപാടെങ്കില്‍ രാജി വെച്ച് പുറത്തു പോവുകയായിരുന്നു ചെയ്യേണ്ടത്. നിയമവാഴ്ചയുള്ള ഒരു സ്ഥലത്ത് അങ്ങനയാണല്ലോ വേണ്ടത്”- മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേത്രം അടച്ചിടണോ തുറന്നിടണോ എന്ന് തീരുമാനിക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. അതിനാല്‍ ഇത് കോടതി അലക്ഷ്യം മാത്രമല്ലെന്നും ദേവസ്വം മാന്വലിനും എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിന്ദുവും കനകദുര്‍ഗയും ശബരിമല സന്നിധിയില്‍ എത്തിയത് ജനങ്ങളും ഭക്തരും അംഗീകരിച്ചതാണെന്നും ഇവര്‍ ശബരിമലയില്‍ പ്രവേശിച്ചതില്‍ ഭക്തര്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും സ്വാഭാവിക പ്രതിഷേധം ഒന്നും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.  ഇന്നത്തെ ഹര്‍ത്താല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.