| Thursday, 27th September 2012, 3:35 pm

തിരക്കേറിയ സമയങ്ങളില്‍ ടാങ്കര്‍ ലോറികള്‍ നിരത്തിലിറക്കുന്നതിന് നിയന്ത്രണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന ടാങ്കറുകളുടെ നീക്കത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

രാവിലെ എട്ട് മുതല്‍ 10 മണിവരെയും വൈകിട്ട് നാല് മണിമുതല്‍ ആറ് മണിവരെയും ആണ് നിയന്ത്രണം. ഇനി മുതല്‍ ഈ സമയങ്ങളില്‍ ഇന്ധന ടാങ്കറുകള്‍ സംസ്ഥാനത്തെ റോഡിലിറങ്ങാന്‍ പാടില്ല.[]

ടാങ്കറുകളുടെ സുരക്ഷയുടെ ഉത്തരവാദിത്തം എണ്ണക്കമ്പനികള്‍ക്കും കരാറുകാര്‍ക്കുമായിരിക്കും. അപകടങ്ങളുണ്ടായാല്‍ എണ്ണകമ്പനികളെ പ്രതിചേര്‍ത്ത് കേസെടുക്കാനും യോഗത്തില്‍ തീരുമാനമായി.

ഏറ്റവും തിരക്ക് കൂടിയ സമയത്ത് ടാങ്കറുകളെ റോഡുകളില്‍ നിന്നു മാറ്റി നിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ആവശ്യപ്പെട്ടിരുന്നു.  അതേസമയം, രാത്രി കാലങ്ങളില്‍ ടാങ്കറുകള്‍ക്കു നിയന്ത്രണം ഉണ്ടാകില്ല.

എല്ലാ ടാങ്കര്‍ ലോറികളിലും രണ്ടു ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ഉണ്ടാകണം. ഇവരുടെ ഡ്യൂട്ടി സമയം കൃത്യമായി നിഷ്‌കര്‍ഷിക്കണം.

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രി ആര്യാടന്‍ മുഹമ്മദ്, എണ്ണകമ്പനി ഉദ്യോഗസ്ഥര്‍, ടാങ്കര്‍ ഉടമകളുടെ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

പ്രധാന നഗരങ്ങളില്‍ ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളും വിശ്രമ കേന്ദ്രങ്ങളും ഒരുക്കേണ്ട ചുമതലയും എണ്ണകമ്പനികള്‍ക്കാണ്്.

ചാല ടാങ്കര്‍ അപകടത്തെ തുടര്‍ന്നു സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണു പുതിയ തീരുമാനങ്ങള്‍.

We use cookies to give you the best possible experience. Learn more