| Tuesday, 13th June 2023, 2:49 pm

ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് വന്‍ ദുരന്തം; നാല് പേര്‍ വെന്തുമരിച്ചു; മൂന്ന് പേര്‍ക്ക് പരിക്കേറ്റു, വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ പൂനെ-മുംബൈ എക്‌സ്പ്രസ് വേയില്‍ ലോണാവാലയ്ക്ക് സമീപം ഇന്ധന ടാങ്കര്‍ മറിഞ്ഞ് തീപിടിച്ച് വന്‍ ദുരന്തം. അപകടത്തില്‍ നാല് പേര്‍ വെന്തുമരിച്ചെന്നും മൂന്ന് പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ടാങ്കര്‍ ലോറിയിലെ യാത്രക്കാരാണ് മരിച്ചതെന്നും വലിയ തിരക്കേറിയ പാതയിലാണ് തീപിടിത്തമുണ്ടായതെന്നുമാണ് പ്രാഥമിക വിവരം. എണ്ണ ടാങ്കറില്‍ ഇന്ധനം പരന്നൊഴുകി വലിയ തീപിടിത്തം ഉണ്ടായിട്ടുണ്ടെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

കുഡെ ഗ്രാമത്തിന് സമീപമുള്ള മേല്‍പ്പാലത്തിലാണ് അപകടം നടന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പാത താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.  ടാങ്കറില്‍ നിന്ന് ചോര്‍ന്നൊലിച്ച കത്തുന്ന എണ്ണ റോഡിന് താഴെയുള്ള മറ്റൊരു റോഡിലേക്ക് ഒഴുകുകയും വാഹന യാത്രക്കാര്‍ക്ക് പൊള്ളലേല്‍ക്കുകയുമായിരുന്നു.

അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നടുക്കുന്ന നിരവധി അപകടദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

എക്‌സ്പ്രസ് വേ പൊലീസ്, പൂനെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍, ലോനാവാല, ഖോപോളി മുന്‍സിപ്പല്‍ കോര്‍പറേഷനുകളില്‍ നിന്നുള്ള അഗ്നിരക്ഷാ യൂണിറ്റുകള്‍, ഐ.എന്‍.എസ് ശിവാജി സേനാംഗങ്ങള്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

Content Highlights: tanker lorry accident in pune maharashtra, four dead

We use cookies to give you the best possible experience. Learn more