മലപ്പുറം: ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ടാങ്കറിന്റെ ഡ്രൈവറായ തിരുച്ചിറപ്പള്ളി സ്വദേശി മനോഹരന്‍ റാസുവാണ് മരിച്ചത്.
ചങ്കുവെട്ടിക്കടുത്ത് എടരിക്കോടാണ് അപകടം നടന്നത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അപകടം. റോഡില്‍ നിന്ന് അമ്പത് അടിയോളം താഴെ വയലിനോട് ചേര്‍ന്ന തോട്ടലേക്ക് മറിഞ്ഞ ടാങ്കര്‍ പിന്നീട് കത്തുകയായിരുന്നു. തിരൂരില്‍ നിന്നും കോട്ടക്കലില്‍ നിന്നും ഫയര്‍എഞ്ചിന്‍ എത്തിയാണ് തീയണച്ചത്.
ടാങ്കറില്‍ ഇന്ധനമില്ലാതിരുന്നത് വലിയൊരു അപകടം ഒഴിവാക്കി. ടാങ്കര്‍ ലോറിയില്‍ ഒരു ഡ്രൈവര്‍മാത്രമാണ് ഉണ്ടായിരുന്നത്. മംഗലാപുരത്തേക്ക് ഇന്ധനം നിറയ്ക്കാന്‍ പോകവെയാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടസ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഡ്രൈവര്‍ മരിച്ചത്. ഗ്യാസ് ടാങ്കറാണ് അപകടത്തില്‍പ്പെട്ടതെന്ന് അറിഞ്ഞ നാട്ടുകാരെല്ലാം പരിഭ്രാന്തരായി ഇവിടെ നിന്നും ഓടുകയായിരുന്നു. ടാങ്കര്‍ കാലിയാണെന്നു മനസിലായതോടെയാണ് ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായത്. അപകടം നടന്നയുടനെ തൊട്ടടുത്ത പള്ളിയിലെ മൈക്കിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
ടാങ്കര്‍ ലോറികളില്‍ രണ്ടു ഡ്രൈവര്‍മാരുണ്ടാവണമെന്ന് സുരക്ഷാ മാനദണ്ഡങ്ങളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ആറുമണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.