കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Kerala
കണ്ണൂരില്‍ വീണ്ടും ടാങ്കര്‍ ലോറി മറിഞ്ഞു: ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st November 2012, 12:50 am

കണ്ണൂര്‍: ചാല ടാങ്കര്‍ ലോറി ദുരന്തം കണ്ണൂരിനെ പിടിച്ചുലച്ചതിന്റെ വേദന മാറും മുന്‍പ് വീണ്ടും ഒരു ദുരന്തം കണ്ണൂരിനെ തേടിയെത്തുമായിരുന്നു. വലിയന്നൂര്‍ വില്ലേജ് ഓഫിസിന് സമീപം കണ്ണൂര്‍- ഇരിട്ടി സംസ്ഥാനപാതയില്‍ അര്‍ധരാത്രി 12.15 ന് ആയിരുന്നു പാചകവാതകവുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി അപകടത്തില്‍ പെടുന്നത്.[]

മംഗലാപുരത്തു നിന്നും പാലക്കാടേക്ക് പോവുകയായിരുന്ന ലോറി വലിയന്നൂരില്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. വളവിനോടൊപ്പമുള്ള കൂറ്റന്‍ ഇറക്കത്തില്‍ നിന്നും നിയന്ത്രണം വിട്ടാണ് ടാങ്കര്‍ ലോറി മറിഞ്ഞത്.

എന്നാല്‍ ടാങ്കറിന് ചോര്‍ച്ച ഇല്ലാതിരുന്നതുകൊണ്ടുമാത്രമാണ് വന്‍ ദുരന്തം ഒഴിവായത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരുക്കേറ്റു. ഡീസല്‍ ടാങ്കിന് ചോര്‍ച്ചയുണ്ടായെങ്കിലും അപകടസാധ്യതയില്ലെന്ന് അധികൃതര്‍ അറിയിച്ചു. ലോറി പരിശോധിച്ച് നടപടികള്‍ കൈക്കൊള്ളാന്‍ കലക്ടര്‍ ഐഒസി അധികൃതര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി.

അപകടമുണ്ടായ ഉടന്‍ തന്നെ പരിസരത്തെ വീട്ടുകാര്‍ വീടുവിട്ടിറങ്ങി ഓടിയിരുന്നു. വൈദ്യുതി ബന്ധവും വിഛേദിച്ചു. ചാല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഗൗരവത്തോടെയാണ് അപകടം നാട്ടുകാര്‍ കണ്ടത്.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസും അഗ്നിശമനസേനയും ലോറി പരിശോധിക്കുകയും അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തുകയുമായിരുന്നു. ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍.നായര്‍, കലക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.