[]ഹരിപ്പാട്: ഹരിപ്പാട് ആര്‍.കെ ജംങ്ഷന് സമീപം പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. വാതകചോര്‍ച്ച ഉണ്ടാകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
അപകടത്തില്‍ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരുക്കേറ്റു. പുലര്‍ച്ചെ 3. 15ഓടെയാണ് തൂത്തുക്കുടിയില്‍ നിന്നും കോട്ടയത്തേക്കു പോകുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറേയും സഹായിയെയും ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി.
മുന്‍കരുതലായി 500 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ദേശീയപാതയിലെ ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു.
അപകട സാധ്യത കണക്കിലെടുത്ത് 500 മീറ്റര്‍ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ അടക്കം സ്വിച്ച് ഓഫ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പാചകവാതക ടാങ്കര്‍ ഉയര്‍ത്താന്‍ തൂത്തുക്കുടിയില്‍ നിന്നു ഭാരത് പെട്രോളിയത്തിന്റെ സംഘമെത്തി.
ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്നു ജില്ലാ കലക്ടര്‍ എന്‍. പദ്മകുമാര്‍ പ്രതികരിച്ചു. മറിഞ്ഞ ടാങ്കറിലെ വാതകം കൊല്ലത്തു നിന്ന് എത്തിക്കുന്ന ടാങ്കറുകളിലേക്കു മാറ്റിയ ശേഷമാകും ഉയര്‍ത്തുക.