മൈസൂരു: കര്‍ണാടകത്തില്‍ ദളിത് സ്ത്രീ വെള്ളം കുടിച്ച കുടിവെള്ള ടാങ്ക് ഇതര ജാതിക്കാര്‍ ഗോമൂത്രമുപയോഗിച്ച് വൃത്തിയാക്കി. ചാമരാജനഗര്‍ ജില്ലയിലെ ഹെഗ്ഗോതറ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എച്ച്.ഡി. കോട്ടയിലെ സ്ത്രീയാണ് കുടിവെള്ള ടാങ്കിനോടുചേര്‍ന്ന പൈപ്പില്‍ നിന്ന് വെള്ളം കുടിച്ചത്. ഇതുകണ്ട പ്രദേശത്തെ ഏതാനും ലിംഗായത്ത് സമുദായത്തിലുള്ള ആളുകള്‍ സ്ത്രീയെ ശകാരിച്ചു.
തുടര്‍ന്ന് സ്ത്രീ ഗ്രാമത്തില്‍ നിന്ന് പോയശേഷം ഇവര്‍ പൈപ്പ് തുറന്ന് ടാങ്കിലെ വെള്ളം പൂര്‍ണമായി ഒഴുക്കിക്കളഞ്ഞു. ഇതിനുശേഷം ഗോമൂത്രമുപയോഗിച്ച് ടാങ്ക് വൃത്തിയാക്കുകയായിരുന്നു.
‘വെള്ളിയാഴ്ച ഗ്രാമത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ആളുകളുടെ കല്യാണം ഉണ്ടായിരുന്നു. എച്ച്.ഡി കോട്ടയില്‍ നിന്നാണ് യുവതി വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. പബ്ലിക് ടാങ്കില്‍ നിന്ന് വെള്ളം കുടിച്ച് തിടുക്കത്തില്‍ ബസില്‍ കയറി. താമസിയാതെ, ഗ്രാമവാസികള്‍ സ്ത്രീയെ അപമാനിക്കുകയും ടാങ്ക് ശുദ്ധീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു,’ എന്ന് ഒരു ഗ്രാമവാസി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ടാങ്ക് വൃത്തിയാക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ തഹസില്‍ദാരും സാമൂഹികക്ഷേമ വകുപ്പ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.
ജലസംഭരണി പൊതു സ്വത്താണെന്നും എല്ലാവര്‍ക്കും അവിടെ നിന്നും വെള്ളം കുടിക്കാമെന്നും ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളോട് പറഞ്ഞു. തുടര്‍ന്ന് തഹസില്‍ദാര്‍ 20 ദളിത് യുവാക്കളെ ഗ്രാമത്തിലെ എല്ലാ കുടിവെള്ള പൈപ്പുകളിലും കൊണ്ടുചെന്ന് വെള്ളം കുടിപ്പിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹികക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചാമരാജനഗര്‍ തഹസില്‍ദാര്‍ ഐ.ഇ. ബസവരാജ് പറഞ്ഞു.
ഗോമൂത്രം ഉപയോഗിച്ച് ശുദ്ധീകരണം നടന്നതായി ദൃക്‌സാക്ഷികള്‍ സ്ഥിരീകരിച്ചു. ദളിത് യുവതിയെ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ബസവരാജ് കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലുള്ള വിവേചനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും, കര്‍ശന നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ചാമരാജനഗറിന്റെ ചുമതലയുള്ള മന്ത്രി വി. സോമണ്ണയും മാധ്യമങ്ങളോട് പറഞ്ഞു.