ഐ.പി.എല്ലിലും വുമണ്‍സ് പ്രീമിയര്‍ ലീഗിലുമായി ഇതുവരെ 2000ലധികം ഇന്നിങ്‌സുകളാണ് കളിച്ചത്. അതിലെ ചരിത്രപരമായ റെക്കോഡ് കഴിഞ്ഞ ദിവസം ഡബ്ല്യൂ.പി.എല്ലില്‍ പിറന്നിരുന്നു.
വിക്കറ്റ് കീപ്പിങ്ങിലെ ഒരു അത്യപൂര്‍വ നേട്ടമാണ് കഴിഞ്ഞ ദിവസം വുമണ്‍സ് പ്രീമിയര്‍ ലീഗിലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് – യു.പി വാറിയേഴ്‌സ് മത്സരത്തില്‍ പിറന്നത്.
വിക്കറ്റിന് പിന്നില്‍ താനിയ ഭാട്ടിയ എന്ന പഞ്ചാബുകാരിയുടെ വീര്യത്തിന് മുമ്പില്‍ യു.പി വാറിയേഴ്‌സ് തകര്‍ന്ന് വീഴുകയായിരുന്നു. ഇന്ത്യന്‍ ഫ്രാഞ്ചൈസി ലീഗിന്റെ ചരിത്രത്തിലാദ്യമായി ഒരു ഇന്നിങ്‌സില്‍ നാല് സ്റ്റംപിങ് നടത്തിയ ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ഭാട്ടിയയുടെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെടുകയായിരുന്നു.
ഒരു മത്സരത്തില്‍ ഏറ്റവുമധികം ഡിസ്മിസ്സലുകള്‍ (5) എന്ന കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താന്‍ സാധിച്ചില്ലെങ്കിലും തന്റേതായ പുതുചരിത്രം കുറിക്കാന്‍ ഭാട്ടിയക്കായി.
2018ല്‍ ബെംഗളൂരുവിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസന്‍ നേടിയ മൂന്ന് സ്റ്റംപിങ്ങിന്റെ റെക്കോഡാണ് ഇതോടെ ഭാട്ടിയക്ക് മുമ്പില്‍ തകര്‍ന്നുവീണത്.
യു.പി ക്യാപ്റ്റന്‍ അലീസ ഹീലി, സൂപ്പര്‍ താരം കിരണ്‍ നാവ്ഗിരെ, സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ, സോഫി എക്കല്‍സ്റ്റോണ്‍ എന്നിവരാണ് വിക്കറ്റിന് പിറകിലെ ഭാട്ടിയയുടെ മിന്നല്‍ വേഗത്തില്‍ വീണത്.
അതേസമയം, നേരത്തെ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് വാറിയേഴ്‌സിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്‍ അലീസ ഹീലിയുടെയും താലിയ മഗ്രാത്തിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ യു.പി നിശ്ചിത ഓവറില്‍ ആറ് വിക്കറ്റിന് 138 റണ്‍സ് നേടി.
മഗ്രാത്ത് 32 പന്തില്‍ പുറത്താകാതെ 58 റണ്ണടിച്ചപ്പോള്‍ ഹെയ്‌ലി 34 പന്തില്‍ നിന്നും 36 റണ്‍സ് നേടി.
139 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ക്യാപ്പിറ്റല്‍സിന് ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 56 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഷെഫാലി 21 റണ്‍സ് നേടി മടങ്ങിയപ്പോള്‍ പിന്നാലെയെത്തിയ ജെമീമ മൂന്ന് റണ്‍സിന് പുറത്തായി.
നാലാമതായി കളത്തിലെത്തിയ മാരിസണ്‍ കാപ്പിന്റെയും അലീസ് ക്യാപ്‌സിയുടെയും ഡിറ്റോ ഇന്നിങ്‌സില്‍ ക്യാപ്പിറ്റല്‍സ് 18ാം ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തിന് പിന്നാലെ പ്രഥമ ഡബ്ല്യൂ.പി.എല്ലിന്റെ ഫൈനലില്‍ പ്രവേശിക്കാനും ക്യാപ്പിറ്റല്‍സിനായി.
Content Highlight: Taniya Bhatia with most number of stumpings in an innings