| Tuesday, 19th January 2021, 6:49 pm

'ഹിന്ദു ദൈവങ്ങളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല'; 'താണ്ഡവി'നെതിരെ നിയമനടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെ കേസെടുക്കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. ഹിന്ദുമതവിഭാഗത്തെ അപമാനിച്ചതിനാലാണ് സിരീസിനെതിരെ നിയമനടപടിയെടുക്കുന്നതെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

സിരീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്താനും തങ്ങളുടെ ദേവതകളെ അപമാനിക്കാനും ആര്‍ക്കും അവകാശമില്ലെന്നും അത്തരം പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം സിരീസിനെതിരെ വിവാദങ്ങള്‍ മുറുകുന്നതിനിടെ പരസ്യമായി ക്ഷമാപണം നടത്തി താണ്ഡവിന്റെ ടീം രംഗത്തെത്തിയിരുന്നു.

ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി താണ്ഡവ് ടീം അറിയിച്ചിരുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ക്ഷമ ചോദിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.

‘സീരീസിനെതിരെയുള്ള പ്രതികരണങ്ങള്‍ സൂഷ്മമായി നിരീക്ഷിച്ചുവരികയാണ്. പരാതികള്‍ സംബന്ധിച്ച് വാര്‍ത്താപ്രക്ഷേപണ മന്ത്രാലയം ഞങ്ങളെ അറിയിച്ചിട്ടുണ്ട്. സീരിസിന്റെ ഉള്ളടക്കം ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നതില്‍ ക്ഷമ ചോദിക്കുന്നു’, താണ്ഡവ് ടീം പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ താണ്ഡവിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനല്‍കേസ് എടുത്തിരുന്നു. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബി.ജെ.പി എം.എല്‍.എ റാം കഥം നല്‍കിയ പരാതിയില്‍ ആമസോണ്‍ പ്രൈമില്‍ നിന്നും വാര്‍ത്ത വിനിമയമന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി.

ആമസോണ്‍ ഒറിജിനല്‍ കണ്ടെന്റ് മേധാവി അപര്‍ണ പുരോഹിത്, സംവിധായകന്‍ അലി അബ്ബാസ്, നിര്‍മ്മാതാവ് ഹിമാന്‍ഷു മെഹ്റ, രചയിതാവ് ഗൗരവ് സോളങ്കി എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്ടര്‍ ചെയ്തിട്ടുള്ളത്. സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ എന്നിവര്‍ക്കെതിരെയും കേസുണ്ട്. അറസ്റ്റ് നടപടിയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിരീസിനെതിരെ ബി.ജെ.പിയുടെ പരാതികള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ നിന്ന് വിശദീകരണം തേടിയത്. ആമസോണ്‍ പ്രൈമിനെ വിശദീകരണത്തിനായി വിളിച്ചുവരുത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആമസോണ്‍ പ്രൈമില്‍ ജനുവരി 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് വാര്‍ത്താ പ്രക്ഷേപണമന്ത്രിക്ക് ബി.ജെ.പി പരാതി നല്‍കിയിരുന്നത്. താണ്ഡവില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇവരുടെ ആരോപണം.

അവി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താണ്ഡവിന്റെ ട്രെയ്ലര്‍ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലെ പവര്‍ പൊളിറ്റിക്‌സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്.

ദല്‍ഹിയിലെ വമ്പന്‍ നേതാക്കള്‍ മുതല്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം വരെ താണ്ഡവ് കൈകാര്യം ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി പദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന കളികളുമെല്ലമാണ് കഥാപരിസരം. സീരിസ് റിലിസ് ആയാല്‍ വിവാദങ്ങളും ബഹിഷ്‌ക്കരണാഹ്വാനവും വരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നതുമാണ്.

അതേസമയം, താണ്ഡവ് ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്ര രംഗത്തുവന്നിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ഇവരുടെ വാദം. താണ്ഡവ് ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗീയ വിദ്വേഷം നിറഞ്ഞതാണെന്നും നിരോധിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Madhyapradesh Government Aganist Taandav

We use cookies to give you the best possible experience. Learn more