| Sunday, 24th November 2019, 1:33 pm

കമല്‍ഹാസന്‍-രജനീകാന്ത് രാഷ്ട്രീയ സഖ്യത്തെ പിന്തുണച്ച് തമന്ന; പാര്‍ട്ടിയില്‍ ചേരുമോ എന്ന് വ്യക്തമാക്കാതെ നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയ സഖ്യത്തിനൊരുങ്ങുന്നു എന്നതാണ് തമിഴ്‌നാട്ടിലെ പുതിയ ചര്‍ച്ച. ഈ സഖ്യത്തെ പിന്തുണക്കുകയാണ് നടി തമന്ന.

പുതിയ സഖ്യം രൂപം കൊള്ളുകയാണെങ്കില്‍ അത് നാടിന് നല്ലതായിരിക്കുമെന്നാണ് തമന്നയുടെ പ്രതികരണം. കമല്‍ഹാസന്റെ പാര്‍ട്ടിയിലോ രജനീകാന്തിന്റെ പാര്‍ട്ടിയിലോ ചേരുമോ എന്ന കാര്യത്തില്‍ തമന്ന പ്രതികരിച്ചില്ല.

തമിഴ്നാടിന്റെ താത്പര്യത്തിനു വേണ്ടി ആവശ്യം വന്നാല്‍ തങ്ങള്‍ ഒരുമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയതോടെയാണു രാഷ്ട്രീയചര്‍ച്ചകള്‍ ഇവരിലേക്കു മാറിയത്.

സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വ്യത്യസ്ത നിലപാടുകളാണ് ഇവര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഇരുവരെയും വിമര്‍ശിച്ചുകൊണ്ടാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഇരുവര്‍ക്കും ശിവാജി ഗണേശന്റെ സ്ഥിതി വരുമെന്നായിരുന്നു മുഖ്യമന്ത്രി ഇ. പളനിസ്വാമിയുടെ പ്രതികരണം.

അമ്പതുകള്‍ മുതല്‍ എഴുപതുകള്‍ വരെ തമിഴ് സിനിമയിലെ രണ്ടു ധ്രുവങ്ങളായിരുന്ന ശിവാജി ഗണേശനും എം.ജി.ആറും രാഷ്ട്രീയത്തിലേക്കിറങ്ങിയെങ്കിലും വിജയിച്ചത് എം.ജി.ആര്‍ മാത്രമായിരുന്നു. ഇതു സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം ഇരുവരെയും വിമര്‍ശിക്കുകയോ അനുകൂലിച്ചു സംസാരിക്കുകയോ ചെയ്യാതെയുള്ള തന്ത്രമാണ് സ്റ്റാലിന്റെ ഡി.എം.കെ നടത്തുന്നത്. ആക്രമിച്ചാല്‍ ഇരുവര്‍ക്കും വീണ്ടും അമിത പ്രാധാന്യം കൈവരുമെന്ന ചിന്തയാണ് ഡി.എം.കെയെ ഇതിനു പ്രേരിപ്പിക്കുന്നതെന്നാണു രാഷ്ട്രീയ വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം എ.ഐ.എ.ഡി.എം.കെ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങള്‍ ഇരുവര്‍ക്കും സഹായകരമാണ്.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ ബി.ജെ.പിയെ വിമര്‍ശിക്കുന്നതു പോലെതന്നെ എ.ഐ.എ.ഡി.എം.കെയുടെയും നിശിത വിമര്‍ശകനായിരുന്നു അദ്ദേഹം. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ഡി.എം.കെ സ്വീകരിച്ചിരിക്കുന്ന നിലപാട് തന്നെയാണ് കമല്‍ ഹാസനും ഇന്നോളം സ്വീകരിച്ചുപോന്നിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇരുവരും ഒന്നിച്ചാല്‍ തമിഴ്നാട്ടിലെ ദ്രാവിഡ പാര്‍ട്ടികളായ എ.ഐ.എ.ഡി.എം.കെയുടെയും ഡി.എം.കെയുടെയും വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമോയെന്നുള്ളതാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം.

2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പാര്‍ട്ടി രൂപീകരിച്ച നടന്‍ വിജയകാന്തിന് ആദ്യ ശ്രമത്തില്‍ എട്ടുശതമാനം വോട്ടാണു ലഭിച്ചത്. അന്ന് ജയലളിതയും എം. കരുണാനിധിയും അവിടെയുണ്ടായിരുന്നു എന്നതും ഓര്‍ക്കണം. ആ സാഹചര്യത്തിലും വിജയകാന്തിനു സാന്നിധ്യം അറിയിക്കാനായി.

ഈ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പിലാകട്ടെ, കമലിന്റെ പാര്‍ട്ടിക്കു ലഭിച്ചത് 3.7 ശതമാനം വോട്ടാണ്. തമിഴ്നാട്ടില്‍ കമലിനേക്കാള്‍ ജനപിന്തുണയുള്ള രജനിക്ക് അതിനേക്കാള്‍ വോട്ട് നേടാനാകുമെന്നാണു രാഷ്ട്രീയവൃത്തങ്ങള്‍ കരുതുന്നത്.

ഡി.എം.കെയുടെ വോട്ടുബാങ്കില്‍ കമലിനു വിള്ളല്‍ വീഴ്ത്താനാകുമ്പോള്‍ രജനിക്ക് എ.ഐ.എ.ഡി.എം.കെ പാളയത്തില്‍ ഞെട്ടലുണ്ടാക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ രജനിക്ക് ഇനിയും രാഷ്ട്രീയമായി പലതും തെളിയിക്കേണ്ടിയിരിക്കുന്നുവെന്നതാണു യാഥാര്‍ഥ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more