ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മുകളില്‍ ജീപ്പുകള്‍ കയറ്റി തമിഴ്‌നാട്. അണക്കെട്ട് ബലമുള്ളതാണെന്ന് വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടിയാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ നാല് ജീപ്പുകള്‍ അണക്കെട്ടിന് മുകളില്‍ കയറ്റിയതെന്നാണ് റിപ്പോര്‍ട്ട്.
ഇതിനുമുന്‍പും തമിഴ്‌നാട് ഇത്തരം നീക്കം നടത്തിയിരുന്നു. ജസ്റ്റിസ് ആനന്ദ് ചെയര്‍മാനായിരുന്ന ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയിലായിരുന്നു ഇത്. സമിതി വിയോജിപ്പു പ്രകടിപ്പിച്ചതിനാല്‍ അന്ന് ഒഴിവാക്കുകയായിരുന്നു.
ജീപ്പുകള്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് എത്തിച്ച് ഇവിടെനിന്നു വാഹനത്തില്‍ കയറ്റിയാണു മേല്‍നോട്ട സമിതി അംഗങ്ങളെ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള ഗാലറിയില്‍ പരിശോധനയ്ക്കായി എത്തിച്ചത്.
അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഷട്ടറുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് മേല്‍നോട്ട സമിതി തമിഴ്‌നാടിനു നിര്‍ദേശം നല്‍കി.
ഒരു മാസത്തിനകം ഇതു തയ്യാറാക്കി കേന്ദ്ര ജലകമ്മിഷനു സമര്‍പ്പിക്കാമെന്നു തമിഴ്‌നാട് അറിയിച്ചു. ഇതു ലഭിച്ചാലുടന്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി അന്തിമമായ മാര്‍ഗരേഖ തയാറാക്കും. വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണിത്.
അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ് 142 അടിയാണ്. ഇപ്പോള്‍ 134.25 അടി വെള്ളം മാത്രമാണ് ഉള്ളത്. അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചെയര്‍മാന്‍ അറിയിച്ചു.
ചിത്രം കടപ്പാട്-മനോരമ ഓണ്‍ലൈന്‍
WATCH THIS VIDEO: