ചെന്നൈ: ഒഴിവുള്ള രണ്ട് രാജ്യസഭ സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപ്പിച്ച് ഡി.എം.കെ. സംസ്ഥാന മെഡിക്കല്‍ വിങ്ങ് സെക്രട്ടറിയും ഡി.എം.കെ വക്താവുമായ ഡോ. കനിമൊഴി എന്‍.വി.എന്‍ സോമു, നാമക്കല്‍ ഡി.എം.കെ ജില്ലാ സെക്രട്ടറി കെ.ആര്‍.എന്‍ രാജേഷ് കുമാര്‍ എന്നിവരെയാണ് പാര്‍ട്ടി മത്സരിക്കാന്‍ നിയോഗിച്ചിട്ടുള്ളത്.
ഒക്ടോബര്‍ 4 നാണ് ഉപതെരഞ്ഞടുപ്പ്. എ.ഐ.എ.ഡി.എം.കെ എം.പിമാരായ കെ.പി. മുനുസ്വാമി, ആര്‍ വൈത്തിലിഗം എന്നിവര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ മെയ് 7ന് ഇരുവരും രാജിവെച്ചിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ഇരുവരും രാജിവെച്ചത്. വൈത്തിലിഗത്തിന്റെ കാലാവധി അവസാനിക്കാന്‍ 9 മാസവും മുനുസ്വാമിയുടെ കാലാവധി അവസാനിക്കാന്‍ 5 വര്‍ഷവും ശേഷിക്കെയാണ് ഇരുവരും രാജിവെച്ചത്.
സെപ്റ്റംബര്‍ 4ന് ഡി.എം.കെ നേതാവ് മുഹമ്മദ് അബ്ദുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. എ.മുഹമ്മദ് ജാന്‍ എംപിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.