| Friday, 7th July 2023, 6:13 pm

വിരമിച്ചത് വെറും ഒറ്റ ദിവസത്തേക്ക്; തിരിച്ചുവന്ന് തമീം ഇഖ്ബാല്‍

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പിന്‍വലിച്ച് ബംഗ്ലാ നായകന്‍ തമീം ഇഖ്ബാല്‍. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മുന്‍ ബംഗ്ലാദേശ് സൂപ്പര്‍ താരം മഷ്‌റാഫെ മൊര്‍താസ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് താന്‍ വിരമിക്കല്‍ പിന്‍വലിക്കുന്നതായി തമീം ഇഖ്ബാല്‍ വെളിപ്പെടുത്തിയത്.

പ്രമുഖ കായിക മാധ്യമമായ ക്രിക്ട്രാക്കറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഫ്ഗാനിസ്ഥാന്റെ ബംഗ്ലാദേശ് പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തില്‍ ബംഗ്ലാദേശ് പരാജയപ്പെട്ടതിന് പിന്നാലെയാണ് തമീം ഇഖ്ബാല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് താരത്തിന്റെ തീരുമാനമെന്നത് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വ്യാഴാഴ്ച ചാറ്റോഗ്രാമില്‍ വാര്‍ത്താ സമ്മേളനത്തിലാണ് തമീം ഇഖ്ബാല്‍ വിരമിക്കുന്നതായി അറിയിച്ചത്. നിറകണ്ണുകളോടെയാണ് താരം വിരമിക്കലിനെ കുറിച്ച് സംസാരിച്ചത്.

പതിനാറ് വര്‍ഷത്തെ കളിജീവിതം അവസാനിപ്പിക്കുകയാണെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ താരം അറിയിച്ചത്. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി തോറ്റതിന്റെ അടുത്തദിവസമാണ് ഏവരെയും അമ്പരപ്പിച്ച് മുപ്പത്തിനാലുകാരന്റെ വെളിപ്പെടുത്തല്‍.

‘ബംഗ്ലാ കുപ്പായത്തിലെ എന്റെ അവസാന മത്സരമാണ് പൂര്‍ത്തിയാക്കിയത്. ഈ നിമിഷം മുതല്‍ കളി മതിയാക്കുന്നു. ഇതുവരെയും ടീമിനായി എല്ലാ പരിശ്രമങ്ങളും ആത്മാര്‍ഥമായി നടത്തി. വിരമിക്കലിന്റെ കാരണം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല,’ എന്നായിരുന്നു കണ്ണീരണിഞ്ഞ് തമീം ഇഖ്ബാല്‍ പറഞ്ഞത്. ബംഗ്ലാദേശ് ക്രിക്കറ്റിലെ ആഭ്യന്തരപ്രശ്നങ്ങളാണ് ഇടംകൈയന്‍ ബാറ്ററെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.

താരം വിരമിക്കല്‍ പിന്‍വലിച്ചതോടെ അഫ്ഗാനെതിരായ ശേഷിക്കുന്ന മത്സരത്തിലും ഇന്ത്യയില്‍ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിലും തമീം ഇഖ്ബാല്‍ തന്നെയായിരിക്കും ബംഗ്ലാദേശിനെ നയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Tamim Iqbal withdraws retirement

We use cookies to give you the best possible experience. Learn more