| Monday, 17th September 2018, 7:01 pm

കയ്യൊടിഞ്ഞിട്ടും ബാറ്റുമായി ക്രീസിലേക്ക് തിരിച്ചു വന്നതിനെ കുറിച്ച് തമിം ഇക്ബാല്‍ പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് വേണ്ടി ഒടിഞ്ഞ കയ്യുമായി ബാറ്റേന്തിയ തമീം ഇക്ബാല്‍ ക്രിക്കറ്റ് ലോകത്തിന്റെ നിറഞ്ഞ കയ്യടി നേടിയിരുന്നു. എന്ത് കൊണ്ടാണ് പരിക്ക് പറ്റിയിട്ടും അത്രനിര്‍ണ്ണായകമല്ലാത്ത മത്സരമായിട്ടും തമീം വീണ്ടും ക്രീസിലെത്തിയതെന്ന ചോദ്യം പരക്കെ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ അതിനെ കുറിച്ച് തമിം പറയുന്നത് ഒരു പന്തെങ്കിലും നേരിടാനാവുമെങ്കില്‍ പിന്നെ ഞാനെന്തിന് അത് വേണ്ടെന്ന് വെക്കണമെന്നാണ്. “ഏഷ്യാ കപ്പില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു, ആ നമിഷം വികാരത്തിന് അടിമപ്പെടുകയായിരുന്നു ഞാന്‍, ഒരു പന്ത് എനിക്ക് നേരിടാന്‍ സാധിച്ചാല്‍ അഞ്ചോ പത്തോ റണ്‍സ് അധികം ലഭിക്കും, അത് ടീമിന് സഹായകരമാകും” തമിം പറയുന്നു.

മുസ്തഫിസുര്‍ പുറത്തായതിന് ശേഷം മുറിഞ്ഞ കൈയുമായി ക്രീസിലേക്ക് വരുമ്പോള്‍ എന്തു സംഭവിക്കും എന്നറിയില്ലായിരുന്നു, പക്ഷേ കാര്യങ്ങള്‍ ശുഭകരമായെന്നും തമീം വ്യക്തമാക്കി. തമീമിനെ ഒരറ്റത്ത് നിര്‍ത്തിയായിരുന്നു വിക്കറ്റ് കീപ്പറും മുന്‍ നായകന്‍ കൂടിയായ മുഷ്ഫിഖുര്‍ റഹീം തകര്‍ത്തുകളിച്ചത്. ഈ കൂട്ടുകെട്ടാണ് ടീം സ്‌കോര്‍ 260 കടത്തിയതും. മത്സരത്തില്‍ മുഷ്ഫിഖുര്‍ റഹീം സെഞ്ച്വറി നേടിയിരുന്നു. 150 പന്തില്‍ നിന്ന് 144 റണ്‍സാണ് താരം നേടിയത്.

ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ട്ടമായി തകര്‍ച്ചയില്‍ നില്‍ക്കെയാണ് പരിക്ക് മൂലം തമീം ഇക്ബാല്‍ ക്രീസ് വിട്ടത്. എന്നാല്‍ സ്‌കോര്‍ 229 ല്‍ 46ാം ഓവറിലെ അഞ്ചാം പന്തില്‍ മുസ്താഫിസുര്‍ മടങ്ങിയപ്പോള്‍ ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിച്ചുവെന്ന് കരുതിയപ്പോഴാണ് ഒടിഞ്ഞ കയ്യുമായി തമീം ഇക്ബാല്‍ വീണ്ടും ബാറ്റിങ്ങിനിങ്ങിയത്.

ക്രീസ് വിട്ടതിന് പിന്നാലെ തമീം ഇക്ബാലിന് ഏഷ്യ കപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളും നഷ്ട്ടമാകും എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ തമീമിനെ നിറഞ്ഞ കയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ലക്മല്‍ എറിഞ്ഞ 46 ാം ഓവറിലെ അവസാന പന്ത് ഒറ്റകൈയ്ക്ക് ബാറ്റുയര്‍ത്തിയാണ് തമീം തടുത്തത്.



Latest Stories

We use cookies to give you the best possible experience. Learn more