| Wednesday, 19th June 2019, 1:14 pm

നിപയെന്ന് സംശയം; തിരൂരില്‍ ജോലി ചെയ്തിരുന്ന 79-കാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പുതുച്ചേരി: നിപ രോഗത്തിന്റെ ലക്ഷണങ്ങളുമായി ഇതരസംസ്ഥാന തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിച്ചു. മലപ്പുറം തിരൂരില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന 79-കാരനാണ് നിപയുടെ ലക്ഷണങ്ങള്‍ കണ്ടത്.

തമിഴ്‌നാട് കടലൂര്‍ ജില്ലയില്‍ നിന്നുള്ള ഇദ്ദേഹത്തെ പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ രക്തസാംപിള്‍ പൂണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.

സാംപിള്‍ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ജിപ്‌മെര്‍ അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തിനു പനി കൂടിയതിനെ തുടര്‍ന്ന് മരുമകന്‍ കേരളത്തിലെത്തി സ്വദേശത്തേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.

കടലൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് നിപ ബാധയുണ്ടോയെന്ന് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പുതുച്ചേരി ജിപ്മറിലേക്ക് മാറ്റിയത്.

ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ ജിപ്‌മെറില്‍ തയ്യാറാക്കിയ പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലാണ് രോഗിയുള്ളത്.

We use cookies to give you the best possible experience. Learn more