| Tuesday, 4th April 2017, 7:30 am

പൊതു ജലസംഭരണിയില്‍ നിന്ന് വെള്ളമെടുത്തു; തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെ അക്രമണം; വീടുകള്‍ക്ക് തീയ്യിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പൊതു ജലസംഭരണിയില്‍ നിന്ന് വെള്ളമെടുത്തതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് നേരെ മേല്‍ജാതിക്കാരുടെ അക്രമണം. രാജപ്പാളയത്തിന് സമീപം തോട്ടിയപ്പട്ടി ഗ്രാമത്തില്‍ അരുന്ധതിയാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന കോളനിയാണ് അക്രമിക്കപ്പെട്ടത്. കോളനിയിലെ 43 വീടുകളാണ് ഇരുനൂറോളം പേരടങ്ങുന്ന സംഘം തീയിട്ട് നശിപ്പിച്ചത്. സവര്‍ണജാതിക്കാരായ തോട്ടിനായ്ക്കരാണ് അക്രമത്തിന് പിന്നില്‍.


Also read ‘നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ?’; പീഡനത്തിനിരയായ 12 കാരിയെ എ.എസ്.ഐ അധിക്ഷേപിച്ചതായി പരാതി


തോട്ടിയപ്പട്ടി ഗ്രാമത്തിലെ പൊതുജലസംഭരണിയില്‍ നിന്ന് അരുന്ധതിയാര്‍ വിഭാഗത്തിന് വെള്ളമെടുക്കാന്‍ രണ്ട് മണിക്കൂര്‍ സമയമാണ് തോട്ടിനായ്ക്കര്‍ വിഭാഗം നല്‍കിയിരിക്കുന്നത്. വെള്ളത്തിന്റെ പേരില്‍ സംഘര്‍ഷം പതിവായതിനെത്തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു ഈ ക്രമീകരണം ഏര്‍പ്പെടുത്തിയത്. സമയം കഴിഞ്ഞ് വെള്ളമെടുക്കാന്‍ എത്തിയതിനെത്തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ് കഴിഞ്ഞ മാര്‍ച്ച് 31ന് അക്രമങ്ങളിലേക്ക് നയിച്ചത്.

സംഘടിതരായെത്തിയ തോട്ടിനായ്ക്കര്‍ വിഭാഗം വ്യാപക അക്രമം അഴിച്ച് വിടുകയായിരുന്നു. കോളനിയിലെ 43 വീടുകളില്‍ നാലെണ്ണം പെട്രോളൊഴിച്ച് കത്തിച്ച നിലയിലാണ്. കല്ലേറില്‍ പല വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നിട്ടുമുണ്ട്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ 11 പേര്‍ ചികിത്സയിലാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരായിരുന്നു അക്രമത്തിന് പിന്നില്‍.


Dont miss ചാന്ത് പൊട്ടെന്ന പരിഹാസമില്ല; എല്‍.ജി.ബി.ടിയെന്ന് പറഞ്ഞു വെക്കാനുമില്ല; ലൈംഗിക ന്യൂനപക്ഷങ്ങളെ പേരിട്ട് സ്വീകരിച്ച് തമിഴ്‌നാട്


ഒമ്പതുമാസം ഗര്‍ഭിണിയായ ഒരു സ്ത്രീയ്ക്കും അക്രമത്തില്‍ പരുക്കേറ്റിട്ടുണ്ട്. വീട്ടുപകരണങ്ങളെല്ലാം നശിപ്പിക്കപ്പെട്ട നിലയിലാണ്. കോളനിയിലുള്ളവര്‍ കല്ല്യാണത്തിന് പോയിരുന്നതിനാല്‍ലാണ് കൂടുതല്‍ അപകടങ്ങള്‍ ഇല്ലാതിരുന്നത്.

കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്ന ഇവിടെ റേഷന്‍ കടയില്‍ പോലും മറ്റ് ജാതിക്കാര്‍ക്കൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ അരുന്ധതിയാര്‍ ജാതിക്കാര്‍ക്ക് കഴിയുകയില്ല. റേഷന്‍ വാങ്ങാന്‍ പ്രത്യേക ദിവസം പോകണം. സ്‌കൂളുകളിലും അരുന്ധതിയാര്‍ വിഭാഗത്തിലെ കുട്ടികള്‍ ജാതി വിവേചനത്തിന് ഇരയാകാറുണ്ട്.


You must read this വോട്ടിങ് മെഷീന്‍തിരിമറി; 72 മണിക്കൂര്‍ ഞങ്ങള്‍ക്ക് നല്‍കൂ ക്രമക്കേട് ക്യാമറയ്ക്ക് മുന്നില്‍ തെളിയിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെജ്‌രിവാള്‍ 


തങ്ങളുടെ കോളനികളിലേക്കുള്ള മൂന്ന് വാട്ടര്‍ ടാപ്പുകളില്‍ വെള്ളമെത്താതായിട്ട് കുറേക്കാലമായെന്നാണ് ഇവര്‍ പറയുന്നുത്. എന്നാല്‍ തോട്ടിനായ്ക്കര്‍ക്കുള്ള ജലവിതരണം കൃത്യമായി നടക്കുന്നുമുണ്ട്. കോളനി അക്രമിക്കപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് തങ്ങള്‍ കാര്യമറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സവര്‍ണ ജാതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അരുന്ധതിയാര്‍ പറയുന്നു.

കോളനി മുഴുവന്‍ ആക്രമിക്കപ്പെട്ടതോടെ കുടിലുകള്‍ നഷ്ടമായ അരുന്ധതിയാര്‍ വിഭാഗം കഴിയുന്നത് തങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണെന്ന കാര്യവും ശ്രദ്ധേയമാണ്.

We use cookies to give you the best possible experience. Learn more