| Monday, 19th August 2024, 12:17 pm

തമിഴ്നാട്ടില്‍ എന്‍.സി.സി ക്യാമ്പില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം; പ്രതികള്‍ കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൃഷ്ണഗിരി: തമിഴ്നാട്ടിലെ എന്‍.സി.സി ക്യാമ്പില്‍ 13 വയസുള്ള പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതായി പരാതി. തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ അനധികൃതമായി നടന്ന എന്‍.സി.സി ക്യാമ്പിലാണ് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നത്.

സംഭവത്തില്‍ എന്‍.ടി.കെ അംഗം ശിവരാമന്‍ എന്നയാള്‍ക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പിന്നാലെ കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനും അനധികൃതമായി ക്യാമ്പ് നടത്തിയതിനും ക്യാമ്പ് ഡയറക്ടര്‍, സ്‌കൂള്‍ പ്രിന്‍സിപ്പിള്‍, രണ്ട് അധ്യാപകര്‍, കറസ്പ്പോണ്ടന്റ് എന്നിവരടക്കം 11 പേര്‍ കസ്റ്റഡിയിലെടുത്തു. ശിവരാമന്‍ എന്നയാള്‍ ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട വിവരം സ്‌കൂള്‍ അധികൃതര്‍ക്ക് അറിയാമായിരുന്നിട്ടും ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി സഹപാഠിയുമായി വിവരം പങ്കുവെച്ചതിനെ തുടര്‍ന്ന് മറ്റുകുട്ടികള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചതോടുകൂടിയാണ് ഒത്തുതീര്‍പ്പിന് ശ്രമം നടന്നത്. പെണ്‍കുട്ടികളില്‍ ഒരാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് പരാതി അറിയിച്ചതോടെയാണ് ബര്‍ഗൂര്‍ വുമണ്‍ പൊലീസ് കേസെടുത്തത്.

ക്യാമ്പിലെ മറ്റ് 13 പെണ്‍കുട്ടികളെയും ശിവരാമന്‍ ലൈംഗികമായി അതിക്രമിച്ചതായി പരാതി ഉയര്‍ന്നതിന് പിന്നാലെ കുട്ടികളുടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സ്വകാര്യസ്‌കൂളില്‍ എന്‍.സി.സി യൂണിറ്റ് ഇല്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഈ മാസം ആദ്യം നടന്ന ത്രിദിന ക്യാമ്പില്‍ 17 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 41 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്.

സംഭവത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും അന്വേഷണം ആരംഭിച്ചു. ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് പൊലീസ് വിവരങ്ങള്‍ അന്വേഷിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ മറ്റ് സ്ഥലങ്ങളില്‍ അനധികൃതമായി ക്യാമ്പുകള്‍ നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Content Highlight: Tamilnadu student raped on ncc camp

We use cookies to give you the best possible experience. Learn more